---
title: "മിനിമം ചാർജ് 50 രൂപയാക്കണം; സംസ്ഥാനത്ത് ഓട്ടോ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി തൊഴിലാളി സംഘടനകൾ"
english_title: "Auto Fare Hike Request in Kerala: Drivers Demand Minimum Fare of Rs 50"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385901/kerala-auto-rickshaw-fare-hike-demand-minimum-charge-50-rupees"
published_at: "2026-10-07T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5eb754a7e4_images_(35).jpeg"
keywords: ["Auto Fare Hike Kerala", "Fuel Price Hike Kerala", "Auto Rickshaw Tariff Revision", "Kerala News"]
---

# മിനിമം ചാർജ് 50 രൂപയാക്കണം; സംസ്ഥാനത്ത് ഓട്ടോ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി തൊഴിലാളി സംഘടനകൾ

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് ഇന്ധനവിലയും അനുബന്ധ ജീവിതച്ചെലവുകളും കുതിച്ചുയരുന്ന സാഹചര്യത്തിൽ നിലവിലെ നിരക്കിൽ സർവീസ് നടത്താൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഓട്ടോറിക്ഷ തൊഴിലാളി സംഘടനകൾ രംഗത്ത്. ഒന്നര കിലോമീറ്ററിനുള്ള മിനിമം ചാർജ് നിലവിലെ 30 രൂപയിൽ നിന്ന് 50 രൂപയായി ഉയർത്തണമെന്നാണ് സംഘടനകൾ പ്രധാനമായും സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് ഇന്ധനവിലയും അനുബന്ധ ജീവിതച്ചെലവുകളും കുതിച്ചുയരുന്ന സാഹചര്യത്തിൽ നിലവിലെ നിരക്കിൽ സർവീസ് നടത്താൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഓട്ടോറിക്ഷ തൊഴിലാളി സംഘടനകൾ രംഗത്ത്. ഒന്നര കിലോമീറ്ററിനുള്ള മിനിമം ചാർജ് നിലവിലെ 30 രൂപയിൽ നിന്ന് 50 രൂപയായി ഉയർത്തണമെന്നാണ് സംഘടനകൾ പ്രധാനമായും സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്ത് അവസാനമായി ഓട്ടോ നിരക്കുകൾ പരിഷ്‌കരിച്ചത് 2022 മേയിലാണ്. അതിനുശേഷം പെട്രോൾ, ഡീസൽ, സി.എൻ.ജി. വിലകളിലും സ്പെയർപാർട്സ്, അറ്റകുറ്റപ്പണികൾ, ഇൻഷുറൻസ്, വാഹന നികുതി എന്നിവയിലുമുണ്ടായ കടുത്ത വർധനവ് ഓട്ടോ തൊഴിലാളികളുടെ ഉപജീവനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് സംഘടനകൾ വ്യക്തമാക്കുന്നു. മിനിമം ചാർജിന് ശേഷമുള്ള ഓരോ കിലോമീറ്ററിനുമുള്ള നിരക്ക് നിലവിലെ 15 രൂപയിൽ നിന്ന് 25 രൂപയായി ഉയർത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.

നഗരപരിധിക്ക് പുറത്തേക്ക് സർവീസ് നടത്തിയ ശേഷം യാത്രക്കാരില്ലാതെ ഒഴിഞ്ഞ വാഹനവുമായി മടങ്ങേണ്ടിവരുന്നതിനാൽ കൃത്യമായ റിട്ടേൺ ചാർജ് അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്. രാത്രികാലങ്ങളിൽ നിലവിലുള്ള 50 ശതമാനം അധിക നിരക്കിന് പകരം റിട്ടേൺ ചാർജ് രീതി പ്രാബല്യത്തിൽ വരുത്തണമെന്നും, നിലവിൽ 15 മിനിറ്റിലേക്ക് നൽകുന്ന വെയിറ്റിംഗ് ചാർജ് 10 രൂപയിൽ നിന്ന് 25 രൂപയായി ഉയർത്തണമെന്നും ഓട്ടോ ഡ്രൈവർമാർ ഉന്നയിക്കുന്നു.

2004-ലെ സർക്കാർ ഉത്തരവിലുള്ള കാലഹരണപ്പെട്ട മാനദണ്ഡങ്ങൾ ശാസ്ത്രീയമായി പരിഷ്‌കരിച്ച് ഇളവുകൾ അനുവദിക്കണം. വർധിച്ചുവരുന്ന ജീവിതച്ചെലവുകൾ കണക്കിലെടുത്ത് അടിയന്തരമായി ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വഴി ഓട്ടോ നിരക്ക് പുനഃപരിശോധിച്ച് ഉത്തരവിറക്കണമെന്നാണ് തൊഴിലാളി യൂണിയനുകളുടെ ഏകകണ്ഠമായ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385901/kerala-auto-rickshaw-fare-hike-demand-minimum-charge-50-rupees)