---
title: "വോട്ടർപട്ടികയിൽ പേര് ചേർക്കാൻ പ്രത്യേക എൻറോൾമെന്റ് ഡ്രൈവ്; ഒക്ടോബർ 15 മുതൽ അപേക്ഷിക്കാം"
english_title: "Special Voters List Enrollment Drive in Kerala Apply From October 15 Online Options Available"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386051/kerala-voters-list-special-enrollment-drive-apply-from-october-15"
published_at: "2026-10-08T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac72cb49e0f4_aralam.jpg"
keywords: ["Kerala Voters List", "Voters List Enrollment Drive", "Apply Voter ID Card", "Kerala Electoral Registration"]
---

# വോട്ടർപട്ടികയിൽ പേര് ചേർക്കാൻ പ്രത്യേക എൻറോൾമെന്റ് ഡ്രൈവ്; ഒക്ടോബർ 15 മുതൽ അപേക്ഷിക്കാം

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനവ്യാപകമായി വോട്ടർപട്ടിക പുതുക്കുന്നതിനായി പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. വോട്ടർപട്ടികയിൽ പുതിയതായി പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തെറ്റുകൾ തിരുത്തുന്നതിനുമാണ് അവസരമൊരുക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. സജിത്ത് ബാബു ജില്ലാ കളക്ടർമാർക്ക് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനവ്യാപകമായി വോട്ടർപട്ടിക പുതുക്കുന്നതിനായി പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. വോട്ടർപട്ടികയിൽ പുതിയതായി പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തെറ്റുകൾ തിരുത്തുന്നതിനുമാണ് അവസരമൊരുക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. സജിത്ത് ബാബു ജില്ലാ കളക്ടർമാർക്ക് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

ഒക്ടോബർ 15 മുതൽ 31 വരെ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഫോം വിതരണവും ഡിജിറ്റൽ ഹെൽപ്പ് ഡെസ്കുകളും ഇതിനായി സജ്ജീകരിക്കും. നിലവിലുണ്ടായിരുന്ന അധിക ഡിക്ലറേഷൻ ഫോം ഒഴിവാക്കിയിട്ടുണ്ട്. അർഹരായവർ ഫോം 6 പൂരിപ്പിച്ച് സിറ്റിസൺ സർവീസ് പോർട്ടൽ വഴിയോ വോട്ടർ ഹെൽപ്പ്‌ലൈൻ ആപ്പ് മുഖേനയോ ഓൺലൈനായി അപേക്ഷിച്ചാൽ മതിയാകും.

അപേക്ഷയോടൊപ്പം ഫോട്ടോ, വയസ്സ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന അംഗീകൃത 12 രേഖകളിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കണം. ആധാർ കാർഡാണ് രേഖയായി നൽകുന്നതെങ്കിൽ മറ്റൊരു അനുബന്ധ രേഖ കൂടി സമർപ്പിക്കേണ്ടതുണ്ട്. അപേക്ഷ നൽകിയ ശേഷം തുടർപരിശോധനകൾക്കായി ബൂത്ത് ലെവൽ ഓഫീസർമാർ ബിഎൽഒ നേരിട്ട് വീടുകളിലെത്തും.

കൂടാതെ, നവാഗത വോട്ടർമാരായ വിദ്യാർത്ഥികളിൽ തിരഞ്ഞെടുപ്പ് അവബോധം വർദ്ധിപ്പിക്കുന്നതിന് 'ക്യാമ്പസ് ടു ബൂത്ത്' പ്രചാരണവും സംഘടിപ്പിക്കും. 'Step Forward, Get Counted' എന്ന സന്ദേശവുമായി നവംബർ 2 മുതൽ ഒരാഴ്ച നീളുന്ന പരിപാടിയാണ് സ്കൂളുകളിലും കോളേജുകളിലും നടത്തുന്നത്. ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകളുടെ സഹകരണത്തോടെ പരമാവധി വിദ്യാർത്ഥികളെ വോട്ടർപട്ടികയിൽ ചേർക്കാൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ പി വിഷ്ണുരാജ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386051/kerala-voters-list-special-enrollment-drive-apply-from-october-15)