---
title: "വയക്കര വില്ലേജ് ഓഫിസ് നിർമാണത്തിൽ ക്രമക്കേട് നടക്കുന്നതായി പരാതി"
english_title: "Vayakara Village Office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38621/vayakara-village-office"
published_at: "2022-04-21T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62611e0d94e3c_Screenshot_20220421_143145.jpg"
keywords: []
---

# വയക്കര വില്ലേജ് ഓഫിസ് നിർമാണത്തിൽ ക്രമക്കേട് നടക്കുന്നതായി പരാതി

> **Lead Summary:** ചെറുപുഴ: വയക്കര വില്ലേജ് ഓഫിസ് നിർമാണത്തിൽ ക്രമക്കേട് നടക്കുന്നതായി പരാതി. ചെറുപുഴ ബസ് സ്റ്റാൻഡിനു സമീപം വില്ലേജ് ഓഫിസിനു വേണ്ടിയുള്ള പുതിയ കെട്ടിടത്തിലെ ശുചിമുറി നിർമാണത്തിൽ ക്രമക്കേട് നടന്നുവെന്നാണു ആരോപണം ഉയർന്നത്.

## Article Content

ചെറുപുഴ: വയക്കര വില്ലേജ് ഓഫിസ് നിർമാണത്തിൽ ക്രമക്കേട് നടക്കുന്നതായി പരാതി. ചെറുപുഴ ബസ് സ്റ്റാൻഡിനു സമീപം വില്ലേജ് ഓഫിസിനു വേണ്ടിയുള്ള പുതിയ കെട്ടിടത്തിലെ ശുചിമുറി നിർമാണത്തിൽ ക്രമക്കേട് നടന്നുവെന്നാണു ആരോപണം ഉയർന്നത്.

ശുചിമുറിയ്ക്ക് സെപ്റ്റിക് ടാങ്ക് നിർമിക്കുന്നതിനാണു എസ്റ്റിമേറ്റിൽ തുക വകയിരുത്തിയത്. എന്നാൽ ഓഫിസ് കെട്ടിടത്തിനു പിറകിൽ ചെങ്കല്ല് കൊണ്ടുള്ള സാധാരണ ടാങ്ക് നിർമിക്കുക മാത്രമാണു ചെയ്തത്. ഇക്കാര്യം നിർമാണ കമ്മിറ്റിയിലെ ചിലർ റവന്യൂ വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി എടുക്കാൻ തയാറായില്ലെന്ന് ആക്ഷേപമുണ്ട്.

തേജസ്വിനിപ്പുഴയുടെ തീരത്താണു വില്ലേജ് ഓഫിസ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇതാണു ശുചിമുറിയ്ക്ക് സെപ്റ്റിക് ടാങ്ക് നിർമിക്കാൻ എസ്റ്റിമേറ്റിൽ തുക വകയിരുത്താൻ കാരണമെന്നു പറയുന്നു. നേരത്തെ ഉണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചുനീക്കിയാണു പുതിയ കെട്ടിടം നിർമിക്കുന്നത്.

നിർമാണത്തിൻ്റെ ഭാഗമായി ഇവിടെ ഉണ്ടായിരുന്ന തേക്ക് ഉൾപ്പെടെയുളള 3 മരങ്ങൾ മുറിച്ചുനീക്കിയിരുന്നു എന്നാൽ ഓഫിസ് പരിസരത്ത് ഇപ്പോൾ ഒരു മരത്തിൻ്റെ തടി മാത്രമെ കാണാനുള്ളൂവെന്നും ആക്ഷേപമുണ്ട്.

വയക്കര വില്ലേജ് ഓഫിസിനു കെട്ടിടം നിർമിക്കാനായി കഴിഞ്ഞ ബജറ്റിലാണു 40 ലക്ഷം രൂപ അനുവദിച്ചത്. എന്നാൽ ഓരോ കാരണങ്ങളാൽ നിർമാണം നീണ്ടു പോകുകയായിരുന്നു. പഴയ കെട്ടിടത്തിനു ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാൽ ജീവനക്കാരും വിവിധ ആവശ്യങ്ങൾക്ക് ഓഫിസിൽ എത്തുന്ന പൊതുജനങ്ങളും ദുരിതത്തിലായിരുന്നു.

ഇതിനു പരിഹാരം കാണാനാണു പുതിയ കെട്ടിടത്തിന് പണം അനുവദിച്ചത്. ഓഫിസിൻ്റെ നിർമാണം എത്രയും വേഗം പൂർത്തിയാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38621/vayakara-village-office)