---
title: "കേരളത്തിലെ ജയം അതിശക്തമായ ജനവികാരം യുഡിഎഫിന് അനുകൂലമായി ആഞ്ഞുവീശിയതുകൊണ്ട്; സിജെപി ആരോപണം തള്ളി സണ്ണി ജോസഫ്"
english_title: "Thiruvananthapuram Delhi SIR Against India Alliance Joint Protest Continues Kerala UDF Victory Allegations LDF Rule Ended SIR CJP Allegation Congress"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386278/kerala-udf-victory-strong-public-sentiment-cjp-allegation-rejected-sunny-joseph-sir"
published_at: "2026-10-09T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8ae773bbbf_1000238934.jpg"
keywords: ["Thiruvananthapuram Delhi SIR Against India Alliance", "Joint Protest Continues Kerala UDF Victory Allegations Counter", "Allegations LDF Rule Ended SIR Due CJP Allegation"]
---

# കേരളത്തിലെ ജയം അതിശക്തമായ ജനവികാരം യുഡിഎഫിന് അനുകൂലമായി ആഞ്ഞുവീശിയതുകൊണ്ട്; സിജെപി ആരോപണം തള്ളി സണ്ണി ജോസഫ്

> **Lead Summary:** **തിരുവനന്തപുരം: **ഡൽഹിയിൽ എസ്ഐആറിനെതിരെ ഇന്ത്യാ സഖ്യത്തിന്റെ സംയുക്ത പ്രതിഷേധം തുടരുന്നതിനിടെ, കേരളത്തിലെ യുഡിഎഫ് വിജയത്തെ ചൊല്ലി ആരോപണ പ്രത്യാരോപണങ്ങൾ. എൽഡിഎഫ് ഭരണം അവസാനിച്ചത് എസ്ഐആറിനെ തുടർന്നെന്ന സിജെപി ആരോപണം കോൺഗ്രസ് തള്ളി.

## Article Content

**തിരുവനന്തപുരം: **ഡൽഹിയിൽ എസ്ഐആറിനെതിരെ ഇന്ത്യാ സഖ്യത്തിന്റെ സംയുക്ത പ്രതിഷേധം തുടരുന്നതിനിടെ, കേരളത്തിലെ യുഡിഎഫ് വിജയത്തെ ചൊല്ലി ആരോപണ പ്രത്യാരോപണങ്ങൾ. എൽഡിഎഫ് ഭരണം അവസാനിച്ചത് എസ്ഐആറിനെ തുടർന്നെന്ന സിജെപി ആരോപണം കോൺഗ്രസ് തള്ളി.

എസ്ഐആറിൽ ക്രമക്കേടുണ്ടെന്നാണ് കോൺഗ്രസ് വാദമെങ്കിൽ മുഖ്യമന്ത്രി വി ഡി സതീശൻ രാജിവയ്ക്കണമെന്ന ബിജെപി വാദത്തെയും സണ്ണി ജോസഫ് പരിഹസിച്ചു. അതെന്തൊരു മുടന്തൻ ന്യായമാണ്. വോട്ടർ പട്ടികയിൽ ക്രമക്കേടുണ്ടെന്ന് അപ്പോൾ അവർ തന്നെ സമ്മതിക്കുകയല്ലേ.

കേന്ദ്രത്തിലും കേരളത്തിലും പ്രതിപക്ഷത്ത് നിൽക്കുന്ന ഞങ്ങൾക്ക് എങ്ങനെ ആ സമയം വോട്ടർപട്ടികയിൽ ക്രമക്കേട് നടത്താൻ പറ്റും. ഞങ്ങൾക്ക് ഭരണത്തിന്റെ എന്തെങ്കിലും സ്വാധീനമുണ്ടായിരുന്നോ? അതിശക്തമായ ജനവികാരം കേരളത്തിൽ യുഡിഎഫിന് അനുകൂലമായി ആഞ്ഞുവീശിയതുകൊണ്ടല്ലേ ഇത്രവലിയ ഭൂരിപക്ഷത്തിൽ വിജയിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ ആരാണ് ജയിച്ചത്. അത് വോട്ടർപട്ടികയുടെ അടിസ്ഥാനത്തിലാണോ. എസ്ഐആറിന്റെ ബലത്തിലാണോ. എസ്ഐആറിൽ മാനിപ്പുലേഷൻ നടത്താം എന്ന് ബിജെപി സമ്മതിച്ചത് നന്നായി – അദ്ദേഹം പറഞ്ഞു.

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ എന്താണ് അവസ്ഥയെന്ന് അദ്ദേഹം ചോദിച്ചു. വലിയ സമരങ്ങളും നിയമപോരാട്ടങ്ങളും നടക്കുകയല്ലേ. കേരളത്തിലെ ഏതെങ്കിലും ബിജെപിക്കാർക്ക്, സിപിഐഎംകാർക്ക് ഏതെങ്കിലും ഒരു മീറ്റിംഗിൽ എസ്ഐആറുമായി ബന്ധപ്പെട്ട് പരാതിയുണ്ടായിരുന്നോ. ഞങ്ങൾക്കായിരുന്നു പരാതിയുണ്ടായിരുന്നത്.

സിജെപിയുടെ പരാമർശത്തിൽ സിപിഐഎമ്മിൽ നേതാക്കൾക്ക് ഭിന്നാഭിപ്രായമാണ്. എസ്ഐആർ കേരളത്തിൽ പരാജയ കാരണമല്ലെന്ന് കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ പ്രതികരിച്ചു. എന്നാൽ, എസ്ഐആർ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചെന്നായിരുന്നു മുൻ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞത്. ഇന്നലെ ബെംഗളൂരുവിലെ പ്രതിഷേധവേദിയിലായിരുന്നു അഭിജീത് ദീപ്കെ കേരളത്തിലെ നിയമസഭാതിരഞ്ഞെടുപ്പ് ഫലം പരാമർശിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386278/kerala-udf-victory-strong-public-sentiment-cjp-allegation-rejected-sunny-joseph-sir)