---
title: "കൊട്ടിയൂരിനെ ഇഎസ്എയിൽ ഉൾപ്പെടുത്തിയതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർത്തും: സിപിഐഎം"
english_title: "Kottiyoor ESA Including Against Strong Popular Agitation Will Raise CPI M Kelakam Protected Forests Around Eco Sensitive Zone ESA Deciding Central Government"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386467/kottiyoor-esa-including-against-cpi-m-popular-agitation-action-committee-kelakam"
published_at: "2026-10-10T17:31:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aca29721d602_1000239236.jpg"
keywords: ["Kottiyoor ESA Including Against Strong Popular Agitation Will Raise CPI M", "2026 July 27 Issued Seventh Draft Notification Kottiyoor Village Including Against Strong Popular Agitation Preparing CPI M", "Village Total 97 65 Square Kilometer Land 66 30 Square Kilometer 68 Percent Eco Sensitive Zone Declared"]
---

# കൊട്ടിയൂരിനെ ഇഎസ്എയിൽ ഉൾപ്പെടുത്തിയതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർത്തും: സിപിഐഎം

> **Lead Summary:** **കേളകം: **സംരക്ഷിത വനങ്ങൾക്ക് ചുറ്റും പരിസ്ഥിതിലോല മേഖല (ഇ.എസ്.എ) നിശ്ചയിച്ച് കേന്ദ്ര സർക്കാർ 2026 ജൂലൈ 27-ന് പുറപ്പെടുവിച്ച ഏഴാമത് കരട് വിജ്ഞാപനത്തിൽ കൊട്ടിയൂർ വില്ലേജിനെ ഉൾപ്പെടുത്തിയതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി സി.പി.ഐ (എം). വില്ലേജിലെ ആകെയുള്ള 97.65 ചതുരശ്ര കിലോമീറ്റർ ഭൂമിയിൽ 66.30 ചതുരശ്ര കിലോമീറ്ററും (68 ശതമാനം) പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കപ്പെട്ടത് ജനങ്ങളിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

## Article Content

**കേളകം: **സംരക്ഷിത വനങ്ങൾക്ക് ചുറ്റും പരിസ്ഥിതിലോല മേഖല (ഇ.എസ്.എ) നിശ്ചയിച്ച് കേന്ദ്ര സർക്കാർ 2026 ജൂലൈ 27-ന് പുറപ്പെടുവിച്ച ഏഴാമത് കരട് വിജ്ഞാപനത്തിൽ കൊട്ടിയൂർ വില്ലേജിനെ ഉൾപ്പെടുത്തിയതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി സി.പി.ഐ (എം). വില്ലേജിലെ ആകെയുള്ള 97.65 ചതുരശ്ര കിലോമീറ്റർ ഭൂമിയിൽ 66.30 ചതുരശ്ര കിലോമീറ്ററും (68 ശതമാനം) പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കപ്പെട്ടത് ജനങ്ങളിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

4500-ഓളം വീടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും നൂറുകണക്കിന് കച്ചവട സ്ഥാപനങ്ങളുമുള്ള, വേഗത്തിൽ നഗരവൽക്കരിക്കപ്പെടുന്ന കൊട്ടിയൂരിൽ ഇ.എസ്.എ നിയന്ത്രണങ്ങൾ നടപ്പിലായാൽ ജനജീവിതം ഗുരുതരമായി ബാധിക്കപ്പെടും.

നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ശാസ്ത്രീയ കൃഷിരീതികൾ അസാധ്യമാവുകയും ചെയ്യും. ഭൂമി വിൽക്കാനോ ബാങ്ക് വായ്പകൾ എടുക്കാനോ സാധിക്കാതെ വരുന്നത് ചികിത്സ, വിദ്യാഭ്യാസം, വിവാഹം, ജീവനോപാധി എന്നിവയെ പ്രതികൂലമായി ബാധിക്കും. കൂടാതെ പ്രദേശവാസികളെ കുടിയൊഴിപ്പിക്കുമെന്ന ഭീതിയും നിലനിൽക്കുന്നുണ്ട്.

തമിഴ്‌നാട്ടിലെ ഗുഡല്ലൂർ താലൂക്കിൽപെട്ട ഓവാലി ഗ്രാമത്തിൽ ഇ.എസ്.എ നടപ്പാക്കിയപ്പോൾ 1000 കുടുംബങ്ങളിൽ നിന്ന് 150 കുടുംബങ്ങളായി ചുരുങ്ങിയ അനുഭവവും, വീടുകളുടെ അറ്റകുറ്റപ്പണികൾക്ക് പോലും വനംവകുപ്പിന്റെ അനുമതി തേടേണ്ടി വന്ന സാഹചര്യവും നമ്മുടെ മുന്നിലുണ്ടെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.

കൊട്ടിയൂരിന്റെ അതിജീവനത്തിനായി വിവിധ വിഭാഗം ജനങ്ങളെ അണിനിരത്തി ചരിത്രപ്രാധാന്യമുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകാനാണ് പാർട്ടി തീരുമാനം. ഇതിന്റെ ഭാഗമായി ഒക്ടോബർ 11 മുതൽ 17 വരെ പാർട്ടി പ്രവർത്തകർ ലഘുലേഖകളുമായി ഭവനസന്ദർശനം നടത്തും.

തുടർന്ന് ഒക്ടോബർ 28-ന് വിവിധ ജനവിഭാഗങ്ങളെയും സംഘടനകളെയും ഉൾപ്പെടുത്തി വിപുലമായ ആക്ഷൻ കമ്മിറ്റി രൂപീകരണ യോഗം ചേരുകയും ഭാവി സമരപരിപാടികൾ പ്രഖ്യാപിക്കുകയും ചെയ്യും.

ഈ അതിജീവന പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണമുണ്ടാകണമെന്ന് കേളകത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സി.പി.ഐ (എം) പേരാവൂർ ഏരിയ സെക്രട്ടറി സി.ടി. അനീഷ്, കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.ജെ. ജോസഫ്, ഏരിയ കമ്മിറ്റി അംഗം ടി. വിജയൻ, കർഷക സംഘം കൊട്ടിയൂർ വില്ലേജ് സെക്രട്ടറി ഒ.എം. കുര്യാച്ചൻ എന്നിവർ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386467/kottiyoor-esa-including-against-cpi-m-popular-agitation-action-committee-kelakam)