---
title: "മണത്തണ പൊടിക്കളത്തിലെ ആചാരലംഘന വാർത്തകൾ അടിസ്ഥാനരഹിതം; ദേവസ്വത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെ കൊട്ടിയൂർ ദേവസ്വം"
english_title: "Reports of Customary Violation at Manathana Podikkalam Baseless: Kottiyoor Devaswom"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386816/manathana-podikkalam-customary-violation-reports-baseless-kottiyoor-devaswom"
published_at: "2026-10-13T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acdba5f3f270_20240425_121509.jpg"
keywords: ["Kottiyoor Devaswom", "Manathana Podikkalam", "Vakkayattu Podikkalam", "Kottiyoor Temple News"]
---

# മണത്തണ പൊടിക്കളത്തിലെ ആചാരലംഘന വാർത്തകൾ അടിസ്ഥാനരഹിതം; ദേവസ്വത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെ കൊട്ടിയൂർ ദേവസ്വം

> **Lead Summary:** കൊട്ടിയൂർ: മണത്തണ പൊടിക്കളവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും (സോഷ്യൽ മീഡിയ) പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധവും ദേവസ്വത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതുമാണെന്ന് ശ്രീ കൊട്ടിയൂർ ദേവസ്വം ഭരണസമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു.

## Article Content

കൊട്ടിയൂർ: മണത്തണ പൊടിക്കളവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും (സോഷ്യൽ മീഡിയ) പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധവും ദേവസ്വത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതുമാണെന്ന് ശ്രീ കൊട്ടിയൂർ ദേവസ്വം ഭരണസമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട്  ചടങ്ങുകൾ നടക്കുന്ന സ്ഥലമാണ് വാകയാട്ട് പൊടിക്കളം ദേവസ്ഥാനം. ഇവിടെ മഴക്കാലത്ത് വെള്ളക്കെട്ടും ചളിയും രൂപപ്പെട്ട് ചടങ്ങുകൾ നടത്തുന്നതിനും ഭക്തജനങ്ങൾക്ക് എത്തുന്നതിനും ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഈ സാഹചര്യം ഒഴിവാക്കുന്നതിനും ആരാധനാസ്ഥലത്തിന്റെ പരിശുദ്ധി വീണ്ടെടുക്കുന്നതിനുമായി ദേവസ്വം നേരിട്ട് ഇടപെടുകയും ആവശ്യമായ പുനഃക്രമീകരണങ്ങൾ വരുത്തി ശുചീകരണം നടത്തുകയുമാണുണ്ടായത്. തുടർന്ന് പൂർണ്ണമായ ആചാരമര്യാദകളോടെ തന്നെയാണ് ഇവിടെ ആരാധനകളും അനുഷ്ഠാനങ്ങളും നടന്നുവരുന്നത്. അവിടെ യാതൊരുവിധത്തിലുള്ള ആചാരലംഘനവും നടന്നിട്ടില്ലെന്ന് കൊട്ടിയൂർ ദേവസ്വം ചെയർമാൻ വ്യക്തമാക്കി.

യഥാർത്ഥ വസ്തുതകൾ ഇതായിരിക്കെ, ദേവസ്വത്തിന്റേതായ വിശദീകരണം തേടാതെയും ആചാരപരമായ പശ്ചാത്തലം പരിശോധിക്കാതെയും ചില കോണുകളിൽ നിന്ന് തെറ്റിദ്ധാരണാജനകമായ വാർത്തകൾ പടച്ചുവിടുകയാണ്. പരമ്പരാഗത ആചാരങ്ങളെയും ഹൈക്കോടതി അംഗീകരിച്ച സ്കീമിനെയും മുൻനിർത്തി പ്രവർത്തിക്കുന്ന ദേവസ്വം ഭരണസമിതി, ക്ഷേത്ര പവിത്രതയെ ഹനിക്കുന്ന യാതൊരു പ്രവർത്തനങ്ങൾക്കും കൂട്ടുനിൽക്കില്ല.

ദേവസ്വവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് മാധ്യമങ്ങളും പൊതുജനങ്ങളും ദേവസ്വം ഓഫീസുമായി ബന്ധപ്പെട്ട് വസ്തുതകൾ ഉറപ്പുവരുത്തണം. തെറ്റായ പ്രചാരണങ്ങൾ നടത്തി ഭക്തജനങ്ങളിൽ ഭിന്നതയുണ്ടാക്കാനും ദേവസ്വത്തെ അവഹേളിക്കാനും ശ്രമിക്കുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും ഭരണസമിതി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386816/manathana-podikkalam-customary-violation-reports-baseless-kottiyoor-devaswom)