---
title: "നെടുമ്പാശേരി മിനികൂപ്പർ അപകടം: അന്വേഷണത്തിന് പ്രത്യേക സംഘം; ബൈജു കെ പൗലോസിന് അന്വേഷണ ചുമതല"
english_title: "Kochi Three Persons Life Taken Ernakulam Nedumbassery Mini Cooper Accident Investigation Special Team Ernakulam Rural SP Supervision Team"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387042/nedumbassery-mini-cooper-accident-special-team-investigation-baiju-k-paulose-charge"
published_at: "2026-10-14T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf460f49bba_1000239952.jpg"
keywords: ["Nedumbassery Mini Cooper Accident Special Team", "Baiju K Paulose Investigation Charge", "Ernakulam Rural SP Supervision Team Aluva DySP Baiju K Paulose Investigation Charge"]
---

# നെടുമ്പാശേരി മിനികൂപ്പർ അപകടം: അന്വേഷണത്തിന് പ്രത്യേക സംഘം; ബൈജു കെ പൗലോസിന് അന്വേഷണ ചുമതല

> **Lead Summary:** **കൊച്ചി: **മൂന്ന് പേരുടെ ജീവനെടുത്ത എറണാകുളം നെടുമ്പാശേരി മിനികൂപ്പർ അപകടത്തിൽ, അന്വേഷണത്തിന് പ്രത്യേക സംഘം. എറണാകുളം റൂറൽ എസ്പിയുടെ മേൽനോട്ടത്തിലാണ് സംഘം. ആലുവ ഡിവൈഎസ്പി ബൈജു കെ പൗലോസിനാണ് അന്വേഷണ ചുമതല.

## Article Content

**കൊച്ചി: **മൂന്ന് പേരുടെ ജീവനെടുത്ത എറണാകുളം നെടുമ്പാശേരി മിനികൂപ്പർ അപകടത്തിൽ, അന്വേഷണത്തിന് പ്രത്യേക സംഘം. എറണാകുളം റൂറൽ എസ്പിയുടെ മേൽനോട്ടത്തിലാണ് സംഘം. ആലുവ ഡിവൈഎസ്പി ബൈജു കെ പൗലോസിനാണ് അന്വേഷണ ചുമതല.

പ്രതി സുഹൈൽ സജീവിനായുള്ള പൊലീസ് കസ്റ്റഡി അപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി പരിഗണിച്ചു. കസ്റ്റഡി അനിവാര്യം എന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ചു.

സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. റാഷ് ആൻഡ് നെഗ്ലിജൻസ് ഡ്രൈവിങ് അപകടത്തിലേക്ക് നയിച്ചു. മരിച്ച കുട്ടികൾക്ക് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു. പ്രായം കുറഞ്ഞവർ എന്ന പരിഗണന പ്രതികൾക്ക് നൽകരുതെന്നും മരിച്ചതും പ്രായം കുറഞ്ഞവർ പ്രോസിക്യൂഷൻ വ്യക്തമാക്കി.

പ്രതികൾ അമിതമായി മദ്യപിച്ചു എന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഉച്ച മുതൽ മദ്യപിക്കുന്നുണ്ട്, വീണ്ടും മാരിയറ്റ് ഹോട്ടലിൽ മദ്യപിക്കാൻ ഒത്തുകൂടി. മദ്യപിച്ച് വാഹനം ഓടിച്ചാൽ മനുഷ്യ ജീവന് അപകടം ഉണ്ടാകുമെന്ന് പ്രതികൾക്ക് അറിയില്ലേ എന്നും പ്രോസിക്യൂഷൻ ചോദിച്ചു.

മരണം നീതീകരിക്കുന്നില്ല എന്ന് വ്യക്തമാക്കിയ പ്രതിഭാഗം സത്യസന്ധമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. മാധ്യമങ്ങൾക്ക് വേണ്ടി അല്ല അന്വേഷണം നടത്തേണ്ടതെന്നും ചൂണ്ടിക്കാട്ടി. പ്രതികളെ മാധ്യമങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിച്ചുവെന്നും ആരോപണമുണ്ട്. പ്രതികളുടെ അറസ്റ്റ് മാധ്യമങ്ങൾ ആഘോഷിച്ചു.

അപകടത്തെ ന്യായീകരിക്കുന്നില്ല. മാധ്യമങ്ങളെ തൃപ്തിപ്പെടുത്താൻ പൊലീസ് ശ്രമിച്ചു, പൊലീസ് ഈ കേസിന്റെ ക്ലൈമാക്സ് നേരത്തെ തീരുമാനിച്ചിട്ടുണ്ട് എന്ന് പ്രതിഭാഗം ആരോപിച്ചു. സ്കൂട്ടറിൽ സഞ്ചരിച്ച ആർക്കും ഹെൽമറ്റ് ഉണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി.

മിനി കൂപ്പർ ഓടിച്ച സുഹൈൽ സജീവിന് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. അന്വേഷണത്തിലോ എഫ്ഐആറിലോ പൊലീസിന്റെ ഭാഗത്ത് നിന്ന് ബോധപൂർവമായ വീഴ്ചകളുണ്ടായിട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് മറുപടി.

പ്രതിയുടെ പേര് ചേർക്കാൻ വൈകിയതും മദ്യപിച്ചെന്ന് രേഖപ്പെടുത്താതിരുന്നതും സംശയകരമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മരിച്ച പെൺകുട്ടികൾക്കെതിരായ വർഗീയ പരാമർശങ്ങളെ സഭ ഒന്നടങ്കം അപലപിക്കുന്നുവെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387042/nedumbassery-mini-cooper-accident-special-team-investigation-baiju-k-paulose-charge)