---
title: "അഭിമാനമായി കാനാട് സ്വദേശി സായ് കൃഷ്ണ; ഇൻസ്പെയർ മനാക് അവാർഡിൽ മൂന്നാം സ്ഥാനം"
english_title: "Pride Kanad Native Sai Krishna Inspire Manak Award Third Position Kerala Pride Kannur Edayannur GVHSS Ninth Class Student Sai Krishna Central Science Technology Departmen"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387229/pride-kanad-native-sai-krishna-inspire-manak-award-third-position-kannur"
published_at: "2026-10-15T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad0b621242f5_1000240302.jpg"
keywords: ["Krishna Inspire Manak Award Third", "Kanad Native Sai Krishna Inspire Manak Award", "Kannur Edayannur GVHSS Student National Award Smart Underwater Boat Alarm"]
---

# അഭിമാനമായി കാനാട് സ്വദേശി സായ് കൃഷ്ണ; ഇൻസ്പെയർ മനാക് അവാർഡിൽ മൂന്നാം സ്ഥാനം

> **Lead Summary:** **കണ്ണൂർ : **കേരളത്തിന് അഭിമാനമായി കണ്ണൂർ എടയന്നൂർ ജിവിഎച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥി സായ് കൃഷ്ണ. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനും ചേർന്ന് ദേശീയ തലത്തിൽ നൽകുന്ന ഇൻസ്പെയർ മനാക് അവാർഡിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് കണ്ണൂർ കാനാട് സ്വദേശി ഇ കെ സായ്കൃഷ്ണ.

## Article Content

**കണ്ണൂർ : **കേരളത്തിന് അഭിമാനമായി കണ്ണൂർ എടയന്നൂർ ജിവിഎച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥി സായ് കൃഷ്ണ. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനും ചേർന്ന് ദേശീയ തലത്തിൽ നൽകുന്ന ഇൻസ്പെയർ മനാക് അവാർഡിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് കണ്ണൂർ കാനാട് സ്വദേശി ഇ കെ സായ്കൃഷ്ണ.

ഡൽഹിയിൽ വച്ച് നടന്ന ദേശീയ ശാസ്ത്ര പ്രദർശനത്തിൽ മൂന്നാം സ്ഥാനം നേടിയ സായ്കൃഷ്ണയ്ക്ക് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അവാർഡ് സമ്മാനിച്ചു.

ബോട്ടപകടങ്ങളിൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കുന്നതിനുള്ള സ്മാർട്ട് അണ്ടർവാട്ടർ ബോട്ട് അലാറമാണ് വിദ്യാർഥിയെ അവാർഡിന് അർഹനാക്കിയത്.

തെരൂർ യുപി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയായിരിക്കെ സമർപ്പിച്ച പ്രൊജക്ടാണ് ജില്ലാ, സംസ്ഥാനതല പ്രദർശനങ്ങളിൽ വിജയിച്ച ശേഷം ദേശീയതല പ്രദർശനത്തിൽ മത്സരിക്കാനെത്തിയത്.

അഖിലേന്ത്യാടിസ്ഥാനത്തിൽ മത്സരിച്ച 790 എൻട്രികളിൽ നിന്ന് ദേശീയതലത്തിലെത്തിയ 62 എണ്ണത്തിൽ സായ്കൃഷ്ണയുടേത് ഏറ്റവും മികച്ച മൂന്നാമത്തെ പ്രൊജക്ടായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. തെരൂർ സ്കൂളിലെ പ്രസൂൺ മാസ്റ്ററായിരുന്നു സായ്കൃഷ്ണയുടെ ഗൈഡ്.

ബോട്ടുകളുടെ അമിതമായ ചരിവ് തിരിച്ചറിയാൻ സഹായിക്കുന്ന ടിൽറ്റ് സെൻസിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സ്മാർട്ട് അണ്ടർവാട്ടർ ബോട്ട് അലാറം സംവിധാനം സായ് കൃഷ്ണ വികസിപ്പിച്ചത്. ബോട്ട് സുരക്ഷിത പരിധിയിൽ കൂടുതൽ ചരിഞ്ഞാൽ ഈ സംവിധാനം തനിയെ അലാറം മുഴക്കും.

ഒരു ഇലക്ട്രോമാഗ്നറ്റിക് സ്വിച്ചിന്റെയും അത്യാധുനിക കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യയുടെയും സഹായത്തോടെ, അപകട സമയത്ത് തത്സമയ അടിയന്തര സന്ദേശങ്ങൾ സമീപത്തുള്ള രക്ഷാപ്രവർത്തകർക്ക് കൈമാറാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. താനൂർ ബോട്ട് ദുരന്തമാണ് ഇത്തരമൊരു സ്മാർട്ട് അലാറം വികസിപ്പിക്കുന്നതിന് വിദ്യാർഥിക്ക് പ്രേരണയായത്.

അവാർഡിന് അർഹനായ സായ്കൃഷ്ണയ്ക്ക് നാലുലക്ഷം രൂപയുടെ സ്കോളർഷിപ്പ് ലഭിക്കും. ഗൈഡ് പ്രസൂൺ മാസ്റ്റർക്കും തെരൂർ യു.പി സ്കൂളിനും പുരസ്കാരവും ലഭിക്കും. കെഎസ്ഇബി ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ കാനാട്ടെ രാമകൃഷ്ണൻ മനിയേരിയുടേയും, എടയന്നൂർ ജഎച്ച്എസ് അധ്യാപിക ഇ കെ സിനിയുടേയും മകനാണ് സായ് കൃഷ്ണ.

സ്കൂൾ വിദ്യാർത്ഥികളിൽ ശാസ്ത്രാവബോധവും സർഗ്ഗാത്മക ചിന്തയും വളർത്തുന്നതിനും സാമൂഹിക പ്രശ്നങ്ങൾക്ക് ശാസ്ത്രീയ പരിഹാരങ്ങൾ കണ്ടെത്താൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് കേന്ദ്ര സർക്കാർ ഇൻസ്പെയർ മനക്ക് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തെ 6 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും ഒരു ലക്ഷം മികച്ച യഥാർത്ഥ ശാസ്ത്ര കണ്ടുപിടുത്തങ്ങളും ആശയങ്ങളും കണ്ടെത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387229/pride-kanad-native-sai-krishna-inspire-manak-award-third-position-kannur)