---
title: "ഇ.അഹമദ് ബഹുസ്വരതയുടെ പ്രതീകം: പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ"
english_title: "E Ahamed Foundation International Conference: Sadiq Ali Thangal Releases Poster"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387288/e-ahamed-foundation-international-conference-sadiq-ali-thangal-releases-poster"
published_at: "2026-10-16T08:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1931830a81_WhatsApp_Image_2026-10-15_at_18.18.20.jpeg"
keywords: ["E Ahamed", "Sadiq Ali Shihab Thangal", "Muslim League"]
---

# ഇ.അഹമദ് ബഹുസ്വരതയുടെ പ്രതീകം: പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ

> **Lead Summary:** മലപ്പുറം: ലോക സമാധാനത്തിനും ബഹുസ്വരതക്കും വേണ്ടി നിലകൊണ്ട വിശ്വ പൗരനായിരുന്ന ഇ. അഹമദ് സാഹിബിൻ്റെ ആശയാദർശങ്ങളും മാനവിക ദർശനങ്ങളും പുതിയ തലമുറക്ക് പരിചയപ്പെടുത്തേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

## Article Content

മലപ്പുറം: ലോക സമാധാനത്തിനും ബഹുസ്വരതക്കും വേണ്ടി നിലകൊണ്ട വിശ്വ പൗരനായിരുന്ന ഇ. അഹമദ് സാഹിബിൻ്റെ ആശയാദർശങ്ങളും മാനവിക ദർശനങ്ങളും പുതിയ തലമുറക്ക് പരിചയപ്പെടുത്തേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

കണ്ണൂർ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ഇ. അഹമദ് ഫൗണ്ടേഷൻ ഇ. അഹമദ് കാലം, ചിന്ത എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് രാജ്യാന്തര സമ്മേളനത്തിൻ്റെ പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങൾ.

യുദ്ധവെറി പൂണ്ട സാമ്രാജ്യത്വ ശക്തികൾ ലോക സമാധാനത്തിന് തന്നെ ഭീഷണി ഉയർത്തുകയും ഇന്ത്യൻ ബഹുസ്വരത തകർക്കാൻ ഭരണകൂടം തന്നെ മുൻകൈ എടുക്കുകയും ചെയ്യുമ്പോൾ ഇ. അഹമദ് സാഹിബിൻ്റെ പേരിലുള്ള രാജ്യാന്തര സമ്മേളനത്തിൻ്റെ പ്രസക്തി വർദ്ധിക്കുകയാണെന്ന് തങ്ങൾ തുടർന്ന് പറഞ്ഞു .

പാണക്കാട്ട് നടന്ന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ അബ്ദുറഹിമാൻ കല്ലായി അദ്ധ്യക്ഷം വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ടും സംഘാടക സമിതി ജനറൽ കൺവീനറു മായ അഡ്വ. അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു. ജില്ലാ മസ്ലിം ലീഗ് ജനറൽ സെക്രട്ടരി കെ.ടി.സഹദുല്ല, ട്രഷറർ മഹമൂദ് കടവത്തൂർ ഭാരവാഹികളായ അഡ്വ. കെ. എ. ലത്തീഫ് ,ടി. എ. തങ്ങൾ,അൻസാരി തില്ലങ്കേരി, മഹമൂദ് അള്ളാംകുളം, ടി.പി. മുസ്തഫ, എൻ.കെ. റഫീഖ് മാസ്റ്റർ, ബി.കെ.അഹമദ്, എ. കെ. ആബൂട്ടി ഹാജി, മുസ്തഫ ചൂര്യോട്ട്, യൂത്ത് ലീഗ് ജില്ലാ ട്രഷറർ ഷബീർ എടയന്നൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ലോക സമാധാനം, ബഹുസ്വര ഇന്ത്യ എന്ന പ്രമേയത്തിലുള്ള സമ്മേളനം ജനുവരി 23, 24 തിയ്യതികളിൽ തളിപ്പറമ്പ് സർസയ്യദ് കോളജിൽ വെച്ചാണ് നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387288/e-ahamed-foundation-international-conference-sadiq-ali-thangal-releases-poster)