---
title: "ജപ്പാനിൽ ട്രെയിനിടിച്ച് മരിച്ച ദേവികയുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി"
english_title: "Devika Death Japan bullet Train Ashes Handed Over To Family Iritty Padiyoor Norka Roots"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387347/devika-death-japan-bullet-train-ashes-handed-over-to-family-iritty-padiyoor-norka-roots"
published_at: "2026-10-16T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1cfa1f24e3_1000348443.jpg"
keywords: ["Iritty", "Devika", "Death", "Japan"]
---

# ജപ്പാനിൽ ട്രെയിനിടിച്ച് മരിച്ച ദേവികയുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി

> **Lead Summary:** **ഇരിട്ടി** : ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച ഇരിട്ടി പടിയൂർ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ദുഃഖസാന്ദ്രമായ അന്തരീക്ഷത്തിൽ അഡ്വ. സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ കുടുംബത്തിന് കൈമാറി. ഇന്നലെ പുലർച്ചെ തിരുവനന്തപുരം എയർപോർട്ടിലെത്തിച്ച ചിതാഭസ്മം നോർക്ക അധികൃതരുടെ നേതൃത്വത്തിൽ ട്രെയിൻ വഴി കണ്ണൂരിലെത്തിച്ചാണ് കുടുംബത്തിന് കൈമാറിയത്.

## Article Content

**ഇരിട്ടി** : ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച ഇരിട്ടി പടിയൂർ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ദുഃഖസാന്ദ്രമായ അന്തരീക്ഷത്തിൽ അഡ്വ. സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ കുടുംബത്തിന് കൈമാറി. ഇന്നലെ പുലർച്ചെ തിരുവനന്തപുരം എയർപോർട്ടിലെത്തിച്ച ചിതാഭസ്മം നോർക്ക അധികൃതരുടെ നേതൃത്വത്തിൽ ട്രെയിൻ വഴി കണ്ണൂരിലെത്തിച്ചാണ് കുടുംബത്തിന് കൈമാറിയത്.

ജപ്പാനിലെ ഗിഫു പ്രവിശ്യയിലുള്ള കകമിഗാഹാരയിൽ സെപ്റ്റംബർ രണ്ടിനാണ് ദേവികയെ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി പത്തരയോടെയായിരുന്നു അപകടം.

സംഭവ ദിവസം രാത്രി എട്ടരയോടെ ദേവിക നാട്ടിലുള്ള അമ്മയെ വീഡിയോ കോൾ ചെയ്തിരുന്നു. പണം പിൻവലിക്കാൻ പുറത്തുപോവുകയാണെന്നാണ് അമ്മയോട് പറഞ്ഞിരുന്നത്.

പിന്നീട് വിവരമൊന്നും ഇല്ലാതായതോടെ ദേവികയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ മുഖ്യമന്ത്രി, വി.ഡി സതീശൻ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. ഇതിനിടെയാണ് റെയിൽവേ ട്രാക്കിന് സമീപത്തുനിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡിന്റെ അടിസ്ഥാനത്തിൽ മരിച്ചത് ദേവികയാണെന്ന് ജപ്പാൻ അധികൃതർ സ്ഥിരീകരിച്ചത്.

മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ജപ്പാനിൽ വെച്ചുതന്നെ ദേവികയുടെ സംസ്കാര ചടങ്ങുകൾ നടത്തിയിരുന്നു. കുടുംബത്തിന്റെ അനുവാദത്തോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ എംബസി, ജപ്പാനിലെ മലയാളി സംഘടനാ പ്രതിനിധികൾ എന്നിവരുടെ സഹായത്തോടെയായിരുന്നു സംസ്ക്കാര ചടങ്ങുകൾ നടന്നത്. മൃതദേഹം സംസ്കരിക്കുന്നതിനും ചിതാഭസ്മം നാട്ടിലെത്തിക്കുന്നതിനാവശ്യമായ രേഖകൾ തയാറാക്കി സമർപ്പിക്കുന്നതിനും, തുടർനടപടികളുടെ ഏകോപനത്തിനും നോർക്ക റൂട്ട്സാണ് നേതൃത്വം നൽകിയത്. സജീവ് ജോസഫ് എംഎൽഎയും ഇതിനാവശ്യമായ സഹായങ്ങൾ നൽകി.

പ്ലസ്ടു പഠനത്തിന് ശേഷം ലാബ് ടെക്നീഷ്യൻ കോഴ്സ് പൂർത്തിയാക്കിയ ദേവിക, കാസർകോട് നീലേശ്വരത്തെ ഒരു അക്കാദമിയിൽ നിന്ന് എട്ടുമാസം നീണ്ട ജാപ്പനീസ് ഭാഷാ കോഴ്സ് പഠിച്ച ശേഷമാണ് തന്റെ വലിയ സ്വപ്നമായിരുന്ന ജപ്പാൻ ജോലി നേടിയെടുത്തത്. മൂന്നുവർഷത്തെ കരാറിൽ ജപ്പാനിലെത്തിയ ദേവിക, ഇഗലൊ ചൊവൻ സോഷ്യൽ വെൽഫെയർ കോർപറേഷൻ എന്ന സ്ഥാപനത്തിൽ നഴ്സിങ് അസിസ്റ്റന്റായി ആറുമാസം മുൻപാണ് ജോലിയിൽ പ്രവേശിച്ചത്.

പ്രകാശന്റെയും ബീനയുടെയും മൂത്ത മകളാണ് ദേവിക. മകളെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിൽ മുഖ്യമന്ത്രി, വി.ഡി സതീശൻ, കെ.സി വേണുഗോപാൽ, കെ. സുധാകരൻ എംപി, സജീവ് ജോസഫ് എംഎൽഎ എന്നിവർ ഇടപെട്ടിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കുടുംബത്തിന് ജപ്പാനിലേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് നിഹോൺ കൈരളി എന്ന മലയാളി സംഘടനയുടെ നേതൃത്വത്തിലാണ് ജപ്പാനിൽ ഹിന്ദു ആചാരപ്രകാരം സംസ്കാര ചടങ്ങുകൾ നടത്തിയത്. നാട്ടിലുള്ള കുടുംബാംഗങ്ങൾക്ക് കാണാനായി ചടങ്ങുകൾ തത്സമയം സ്ട്രീമിങ് ചെയ്തിരുന്നു.

നോർക്ക റൂട്ട്സ് ജൂനിയർ എക്സിക്യൂട്ടീവ് ജയകുമാർ എം, നോർക്ക റൂട്ട്സ് സ്റ്റാഫ് അംഗം മനോജ് കുമാർ എന്നിവർ ചേർന്ന് ഇരിക്കൂർ എംഎൽഎ അഡ്വക്കേറ്റ് സജീവ് ജോസഫിന് ചിതാഭസ്മം കൈമാറി. പടിയൂർ നെടിയോടിയിലെ വീട്ടിലെത്തിച്ച ചിതാഭസ്മം എംഎൽഎയിൽ നിന്ന് ദേവികയുടെ പിതാവ് പ്രകാശൻ ഏറ്റുവാങ്ങി. തുടർന്ന് മാതാപിതാക്കളും, കുടുംബാംഗങ്ങളും, നാട്ടുകാരും ജനപ്രതിനിധികളും ചിതാഭസ്മത്തിൽ പുഷ്പാർച്ചന നടത്തി.

പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ, വൈസ് പ്രസിഡന്റ് പി.വി രാജീവ്, മെമ്പർമാരായ തങ്കമണി കെ, വി ഷഹനാ രാജീവ്, കെ.വി മനോഹരൻ, ഇരിട്ടി തഹസിൽദാർ എൻ. സീമ, ഇരിക്കൂർ പോലീസ് ഇൻസ്പെക്ടർ സത്യനാഥൻ കെ.വി എന്നിവരും സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387347/devika-death-japan-bullet-train-ashes-handed-over-to-family-iritty-padiyoor-norka-roots)