---
title: "ഫോക്ലോർ അക്കാദമി പ്രവർത്തനങ്ങൾ മികവുറ്റതാക്കും; ഫോക്ലോർ സർവകലാശാലയ്ക്കായി വിദഗ്ധരുമായി ചർച്ചയെന്ന് ചെയർമാൻ സുരേഷ് ബാബു എളയാവൂർ"
english_title: "Kerala Folklore Academy Activities More Excellent And Existing Activities"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387386/folklore-academy-activities-excellent-folklore-university-discussion-chairman-suresh-babu-elayavoor"
published_at: "2026-10-16T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad204a4587d5_1000240788.jpg"
keywords: ["Folklore Academy Activities Excellent  Suresh Babu Elayavoor", "Kerala Folklore University Discussion", "Folklore Academy Chairman"]
---

# ഫോക്ലോർ അക്കാദമി പ്രവർത്തനങ്ങൾ മികവുറ്റതാക്കും; ഫോക്ലോർ സർവകലാശാലയ്ക്കായി വിദഗ്ധരുമായി ചർച്ചയെന്ന് ചെയർമാൻ സുരേഷ് ബാബു എളയാവൂർ

> **Lead Summary:** **കണ്ണൂർ: **കേരള ഫോക്‌ലോർ അക്കാദമി പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റത്താക്കാനും നിലവിലെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ചെയർമാൻ സുരേഷ് ബാബു എളയാവൂർ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കണ്ണൂർ: **കേരള ഫോക്‌ലോർ അക്കാദമി പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റത്താക്കാനും നിലവിലെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ചെയർമാൻ സുരേഷ് ബാബു എളയാവൂർ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കേരളത്തിൽ ഒരു ഫോക്‌ലോർ സർവകലാശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഈ മേഖലയിലെ വിദഗ്ധരുമായി ആശയവിനിമയം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അക്കാദമി അങ്കണത്തിൽ മലയാളഭാഷ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കും. തൃശ്ശൂർ ചാലക്കുടിയിലുള്ള കലാഭവൻ മണി സ്മാരക മന്ദിരം പണി പൂർത്തീകരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും. ആദിവാസി- ഗോത്രകലകളേയും കലാകാരന്മാരേയും വംശീയ ചികിത്സ, വംശീയ ഭക്ഷണം, അവരുടെ ക്രാഫ്റ്റ് തുടങ്ങിയവ പ്രോൽസാഹിപ്പിക്കാൻ 14 ജില്ലകളിലും ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ആദിമം വർക്ക്ഷോപ്പ് സംഘടിപ്പിക്കും.

സ്കൂൾ കലോത്സവത്തിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുള്ള ഗോത്രകലകളെ തനത് രീതിയിൽ കുട്ടികൾക്ക് പരിചയപ്പെടുത്താൻ സ്കൂൾ ഫോക്ലോർ ക്ലബ്ബുകൾ മുഖേന അവസരമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കോട്ടയം വെള്ളാവൂരിൽ പ്രവർത്തിക്കുന്ന ട്രാവൻകൂർ ഫോക് വില്ലേജ് പ്രവർത്തനസജ്ജമാക്കും. സംസ്ഥാനത്തിലെ ആദിവാസി ഗോത്ര വിഭാഗങ്ങളുടെ ക്രാഫ്റ്റ് ഉപകരണങ്ങൾ, ഭക്ഷണങ്ങൾ തുടങ്ങിയവയുടെ നിർമ്മാണത്തിനും വിപണനത്തിനുമായി പ്രസ്തുത സെന്ററിൽ സ്ഥിരം സംവിധാനമൊരുക്കും.

വരുംകാലങ്ങളിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കേന്ദ്രമായി ട്രാവൻകൂർ ഫോക് വില്ലേജിനെ മാറ്റിയെടുക്കും.

വാർത്താസമ്മേളനത്തിൽ കേരള ഫോക്ലോർ അക്കാദമി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, വൈസ് ചെയർമാൻ ശ്രീരാമൻ കൊയ്യോൻ, സെക്രട്ടറി എം പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387386/folklore-academy-activities-excellent-folklore-university-discussion-chairman-suresh-babu-elayavoor)