---
title: "തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; പുതിയ മേൽശാന്തിമാരെ നാളെ തിരഞ്ഞെടുക്കും"
english_title: "Sabarimala Temple Opens Today Thulam Puja New Melshanthi Selection Tomorrow Virtual Queue Booking"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387431/sabarimala-temple-opens-today-thulam-puja-new-melshanthi-selection-tomorrow-virtual-queue-booking"
published_at: "2026-10-17T08:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad2e40a6018a_images_(66).jpeg"
keywords: ["Sabarimala"]
---

# തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; പുതിയ മേൽശാന്തിമാരെ നാളെ തിരഞ്ഞെടുക്കും

> **Lead Summary:** **ശബരിമല** : തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി പ്രസാദ് നമ്പൂതിരിയാണ് നട തുറക്കുന്നത്. തുലാം ഒന്നായ നാളെ രാവിലെ അഞ്ച് മണി മുതൽ ഭക്തർക്ക് ദർശനം നടത്താം.

## Article Content

**ശബരിമല** : തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി പ്രസാദ് നമ്പൂതിരിയാണ് നട തുറക്കുന്നത്. തുലാം ഒന്നായ നാളെ രാവിലെ അഞ്ച് മണി മുതൽ ഭക്തർക്ക് ദർശനം നടത്താം.

ശബരിമല, മാളികപ്പുറം പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ നടക്കും. പതിറ്റാണ്ടുകൾക്ക് ശേഷം മഹാനവമി, വിജയദശമി ദിവസങ്ങളിൽ തുലാമാസ പൂജ നടക്കുന്നുവെന്ന പ്രത്യേകത ഇത്തവണയുണ്ട്. ഒക്ടോബർ 22-ന് രാത്രി 10 മണിക്ക് തുലാമാസ പൂജകൾ പൂർത്തിയാക്കി നട അടയ്ക്കും.

ഇന്ന് ശബരിമലയിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്തിരിക്കുന്നത് 30,000 പേരാണ്. മൂന്ന് ദിവസത്തേക്ക് ഒന്നര ലക്ഷം തീർത്ഥാടകരാണ് വെർച്വൽ ക്യൂ ബുക്കിംഗ് നടത്തിയത്. ഇതോടെ ഓൺലൈൻ ബുക്കിംഗ് നിർത്തിവച്ചു. സ്പോട്ട് ബുക്കിംഗിലൂടെയും തീർത്ഥാടകർ ദർശനത്തിനെത്തും.

ആദ്യ മൂന്നു ദിവസങ്ങളിലായി രണ്ടു ലക്ഷം തീർത്ഥാടകരെങ്കിലും സന്നിധാനത്ത് എത്തുമെന്നാണ് നിഗമനം. പൂജ അവധി ദിവസങ്ങൾ കൂടിയായതിനാൽ മണ്ഡലകാലത്തിന് സമാനമായ രീതിയിലുള്ള ബുക്കിംഗാണ് നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387431/sabarimala-temple-opens-today-thulam-puja-new-melshanthi-selection-tomorrow-virtual-queue-booking)