---
title: "നമ്പർ പ്ലേറ്റുകളിൽ കൃത്രിമം കാണിച്ചാൽ പിടിവീഴും; കനത്ത പിഴ മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്"
english_title: "Kerala MVD Warning: Heavy Fine for Number Plate Violations and Tampering"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387731/kerala-mvd-warning-fine-tampering-vehicle-number-plate-violations"
published_at: "2026-10-19T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5c317db780_mvd.jpg"
keywords: ["Kerala MVD", "Number Plate Violation", "HSRP Kerala", "MVD Fine"]
---

# നമ്പർ പ്ലേറ്റുകളിൽ കൃത്രിമം കാണിച്ചാൽ പിടിവീഴും; കനത്ത പിഴ മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

> **Lead Summary:** കൊച്ചി: വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മറച്ചുവെക്കുകയും അഴിച്ചുമാറ്റുകയും ചെയ്യുന്നതുൾപ്പെടെയുള്ള നിയമലംഘനങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി). വാഹനങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയായ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകൾ പലരും വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും ഇത്തരം പ്രവണതകൾ ഗുരുതരമായ നിയമലംഘനമാണെന്നും അധികൃതർ വ്യക്തമാക്കി.

## Article Content

കൊച്ചി: വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മറച്ചുവെക്കുകയും അഴിച്ചുമാറ്റുകയും ചെയ്യുന്നതുൾപ്പെടെയുള്ള നിയമലംഘനങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി). വാഹനങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയായ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകൾ പലരും വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും ഇത്തരം പ്രവണതകൾ ഗുരുതരമായ നിയമലംഘനമാണെന്നും അധികൃതർ വ്യക്തമാക്കി.

ക്യാമറകളിൽ പതിയാത്ത പ്രത്യേക തരം മെറ്റീരിയലുകൾ ഉപയോഗിച്ച് നമ്പർ പ്ലേറ്റുകൾ നിർമ്മിക്കുക, അനാവശ്യ ചിത്രങ്ങളും സ്റ്റിക്കറുകളും ഒട്ടിക്കുക, ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുകൾ (HSRP) മാറ്റി സാധാരണ പ്ലേറ്റുകൾ ഘടിപ്പിക്കുക തുടങ്ങിയ പ്രവണതകൾക്കെതിരെയും പരിശോധന കർശനമാക്കും. വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുന്ന പ്രധാനപ്പെട്ട 14 നിയമലംഘനങ്ങൾ മോട്ടോർ വാഹന വകുപ്പ് പട്ടികപ്പെടുത്തിയിട്ടുണ്ട്:

രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് അഴിച്ചുവെക്കുക.

നമ്പർ പ്ലേറ്റ് വളച്ചുവെക്കുകയോ ഒരു ഭാഗം മുറിച്ചു കളയുകയോ ചെയ്യുക.

നമ്പർ വ്യക്തമായി കാണാത്ത വിധത്തിൽ മറച്ചുവെക്കുക.

കാണാതിരിക്കാൻ കരി ഓയിൽ, ചെളി മുതലായവ മനഃപൂർവ്വം തേച്ചുപിടിപ്പിക്കുക.

അക്കങ്ങൾക്ക് മുകളിൽ സ്റ്റിക്കറുകളോ മറ്റോ ഒട്ടിക്കുക.

നമ്പർ പ്ലേറ്റുകളിൽ ഹിഞ്ചുകൾ (വിദ്യാഗിരി) ഘടിപ്പിച്ച് മടക്കിവെക്കുക.

റിമോട്ട് കൺട്രോൾ സംവിധാനം ഉപയോഗിച്ച് നമ്പർ പ്ലേറ്റ് മറയ്ക്കുക.

നിരീക്ഷണ ക്യാമറകളിൽ പതിയാത്ത മെറ്റീരിയലുകൾ ഉപയോഗിച്ച് നമ്പർ പ്ലേറ്റ് നിർമ്മിക്കുക.

നമ്പർ പ്ലേറ്റിൽ അനാവശ്യ ചിത്രങ്ങളും എഴുത്തുകളും പതിക്കുക.

താൽക്കാലിക (Temporary) രജിസ്ട്രേഷൻ നമ്പർ നിയമപ്രകാരമുള്ള മഞ്ഞ പ്രതലത്തിൽ ചുവപ്പ് അക്കങ്ങൾക്ക് പകരം തെറ്റായ നിറങ്ങളിൽ രേഖപ്പെടുത്തുക.

ട്രാൻസ്പോർട്ട് വാഹനങ്ങളുടെ വശങ്ങളിൽ നമ്പർ വ്യക്തമായി രേഖപ്പെടുത്താതിരിക്കുക.

ഇലക്ട്രിക് കൊമേഴ്‌സ്യൽ (EV Transport) വാഹനങ്ങൾക്ക് പച്ച പ്രതലത്തിൽ മഞ്ഞ അക്ഷരങ്ങൾക്ക് പകരം വെള്ള അക്ഷരങ്ങൾ ഉപയോഗിക്കുക.

നിർബന്ധിത ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റി സാധാരണ പ്ലേറ്റുകൾ ഘടിപ്പിക്കുക.

നമ്പർ പ്ലേറ്റുകളിൽ ഇത്തരം കൃത്രിമങ്ങൾ കാണിക്കുന്നത് കാരണം അപകടങ്ങളിൽപ്പെടുന്ന വാഹനങ്ങളെ തിരിച്ചറിയാൻ സാധിക്കാതെ വരികയും, ഹിറ്റ് ആൻഡ് റൺ (Hit and Run) കേസുകളിൽ ഉൾപ്പെടെ ഇരകൾക്ക് ലഭിക്കേണ്ട അർഹമായ ഇൻഷുറൻസ് ആനുകൂല്യങ്ങൾ നഷ്ടപ്പെടാൻ ഇടയാക്കുകയും ചെയ്യുമെന്ന് എം.വി.ഡി ചൂണ്ടിക്കാട്ടി.

ഇത്തരം നിയമലംഘനങ്ങൾ രജിസ്ട്രേഷൻ ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കി കനത്ത പിഴയാണ് ഈടാക്കുന്നത്. ഇരുചക്ര–മുച്ചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് (LMV) 3,000 രൂപയും, മീഡിയം–ഹെവി വാഹനങ്ങൾക്ക് 5,000 രൂപയുമാണ് പിഴ ശിക്ഷ. വരും ദിവസങ്ങളിൽ ഇത്തരം പ്രവണതകൾക്കെതിരെ പരിശോധന കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387731/kerala-mvd-warning-fine-tampering-vehicle-number-plate-violations)