---
title: "10 ദിവസമായി പ്രതികൾ ടൈഗറിന് പിന്നാലെ, വധിക്കാനുള്ള വിവരം കൈമാറിയത് ആപ്പിലൂടെ; നടൻ ടൈഗർ ഷ്രോഫ് വധശ്രമ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്"
english_title: "Mumbai Actor Tiger Shroff Kill Attempt Accused Today Itself Mumbai Bring Murder Attempt Conspiracy More Details"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387750/tiger-shroff-murder-attempt-conspiracy-whatsapp-signal-bishnoi-gang-accused-mumbai"
published_at: "2026-10-19T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5d5a6cd731_1000241270.jpg"
keywords: ["Tiger Shroff", "Murder Attempt Conspiracy Bishnoi Gang", "Tiger Shroff Attack Accused Mumbai Police"]
---

# 10 ദിവസമായി പ്രതികൾ ടൈഗറിന് പിന്നാലെ, വധിക്കാനുള്ള വിവരം കൈമാറിയത് ആപ്പിലൂടെ; നടൻ ടൈഗർ ഷ്രോഫ് വധശ്രമ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

> **Lead Summary:** **മുംബൈ: **നടൻ ടൈഗർ ഷ്രോഫിനെ വധിക്കാൻ ശ്രമിച്ച പ്രതികളെ ഇന്നുതന്നെ മുംബൈയിൽ എത്തിക്കും. കൊലപാതക ശ്രമത്തിനുള്ള ഗൂഢാലോചനയെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. വാട്സ്ആപ്പ്, സിഗ്നൽ എന്നീ ആപ്പുകൾ ഉപയോഗിച്ചാണ് വാടക കൊലയാളികളുമായി ബിഷ്‌ണോയ് ഗ്യാങ്ങ് ആശയവിനിമയം നടത്തിയത്. ആപ്പിലൂടെയാണ് എവിടെവച്ച് എപ്പോൾ കൊല്ലണം എന്നുള്ള വിവരം കൈമാറിയത്.

## Article Content

**മുംബൈ: **നടൻ ടൈഗർ ഷ്രോഫിനെ വധിക്കാൻ ശ്രമിച്ച പ്രതികളെ ഇന്നുതന്നെ മുംബൈയിൽ എത്തിക്കും. കൊലപാതക ശ്രമത്തിനുള്ള ഗൂഢാലോചനയെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. വാട്സ്ആപ്പ്, സിഗ്നൽ എന്നീ ആപ്പുകൾ ഉപയോഗിച്ചാണ് വാടക കൊലയാളികളുമായി ബിഷ്‌ണോയ് ഗ്യാങ്ങ് ആശയവിനിമയം നടത്തിയത്. ആപ്പിലൂടെയാണ് എവിടെവച്ച് എപ്പോൾ കൊല്ലണം എന്നുള്ള വിവരം കൈമാറിയത്.

നടൻറെ വീടും ജിമ്മും പ്രതികൾ നിരീക്ഷിച്ചു. 10 ദിവസമായി പ്രതികൾ ടൈഗറിന് പുറകെ ഉണ്ട്. വിവരം കിട്ടി 5 മിനിറ്റിൽ പൊലീസ് രംഗത്തിറങ്ങിയെന്ന് കോട്ട എസ് പി പറഞ്ഞു. ട്രെയിൻ മുഴുവൻ അരിച്ച് പെറുക്കി. പ്രതികളിൽ നിന്ന് ആയുധം കിട്ടിയില്ല. പ്രതികളെ മുംബൈ പൊലീസിന് കൈമാറും. ജനറൽ കോച്ചിലായിരുന്നു പ്രതികളെന്നും കോട്ട പൊലീസ് വ്യക്തമാക്കി.

10.30 ന് ട്രെയിൻ കോട്ടയിൽ എത്തി. ചോദ്യം ചെയ്യലടക്കം മുംബൈ പൊലീസ് ചെയ്യും. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ട്. ജയ്പൂരിൽ നിന്ന് ബസ് മാർഗ്ഗം ഡൽഹിയിലെത്തി അവിടെനിന്ന് നേപ്പാളിലേക്ക് കടക്കാൻ ആയിരുന്നു പ്രതികളുടെ നീക്കം. ബിഷ്‌ണോയ് ഗ്യാങ്ങ് അംഗം അനിൽ പണ്ഡിറ്റ് രേഹാനുമായി ആദ്യം ബന്ധപ്പെട്ടു. റേഹാൻ പ്രായപൂർത്തിയാകാത്ത ആളെ സംഘത്തിലേക്ക് ചേർത്തുവെന്നും പൊലീസ് പറഞ്ഞു.

പിടിയിലായവരിൽ രണ്ട് പേർ കൊലയാളികളെ വാടകക്കെടുത്തവരും മൂന്നാമത്തെയാൾ വെടിവെപ്പിന് ശേഷം രക്ഷപ്പെടാൻ സഹായിച്ചയാളുമാണ്. 22കാരനായ ഹൃത്വിക് കുമാർ, 18കാരനായ റെഹാൻ, 17കാരനായ മറ്റൊരാൾ എന്നിവരാണ് പിടിയിൽ. പുണെ-ജയ്പൂർ എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് പിടിയിലായത്.

ഇന്നലെ സന്ധ്യയോടെ മുംബൈ ജുഹൂവിലെ ഫുട്ബാൾ ഗ്രൗണ്ടിൽ നിന്ന് താരം പുറത്തിറങ്ങുമ്പോഴാണ് വധശ്രമമുണ്ടായത്. ടൈഗർ ഷ്റോഫിനെ കാണാൻ പുറത്ത് നിരവധി ആരാധകരെത്തിയിരുന്നു. ആരാധകർക്കിടയിലൂടെ താരത്തിന്റെ ബിഎംഡബ്ല്യു കാർ പുറത്തേക്ക് വരുന്നതിനിടെയാണ് മൂന്നുപേർ വെടിയുതിർത്തത്. ഏഴ് വട്ടം വെടിവെച്ചതായാണ് പൊലീസ് പറയുന്നത്. അക്രമികൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു.

ആക്രമണത്തിൽ നടൻ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. ഡ്രൈവർക്കും സമീപത്തുണ്ടായിരുന്ന ഒരു ഓട്ടോഡ്രൈവർക്കും പരിക്കേറ്റതായി പൊലീസ് അറിയിച്ചു. നെഞ്ചിൽ പരിക്കേറ്റ ഡ്രൈവറെ മുംബൈയിലെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വെടിവെപ്പിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയ് ഗ്യാങ് ഏറ്റെടുത്തിട്ടുണ്ട്. ലോറൻസ് ബിഷ്‌ണോയ് സംഘാംഗങ്ങളായ അനിൽ പണ്ഡിറ്റും ഹർമൽ സന്ധുവുമാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. സൽമാൻ ഖാനുമായുള്ള സൗഹൃദമാണ് ടൈഗർ ഷ്റോഫിനെ ലക്ഷ്യമിടാൻ കാരണമെന്നാണ് നിഗമനം. ഗുജറാത്തിലെ ജയിലിൽ കഴിയുന്ന ബിഷ്ണോയ്, സൽമാൻ ഖാനെ വധിക്കുമെന്ന് നിരവധി തവണ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387750/tiger-shroff-murder-attempt-conspiracy-whatsapp-signal-bishnoi-gang-accused-mumbai)