---
title: "മൊഴി നൽകിയത് വീണാ ജോർജ് പറഞ്ഞിട്ട്, കെഎസ്‌യു പ്രവർത്തകർ വധിക്കാൻ ശ്രമിച്ചിട്ടില്ല; മൊഴി മാറ്റി ഗൺമാൻ അഭിലാഷ്"
english_title: "Gunman Abhilash Changes Statement Veena George KSU Attack Case Kannur SIT"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387863/gunman-abhilash-changes-statement-veena-george-ksu-attack-case-kannur-sit"
published_at: "2026-10-20T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad6ffe43bc52_images_(24).jpeg"
keywords: ["Veenajoerge", "Attack case"]
---

# മൊഴി നൽകിയത് വീണാ ജോർജ് പറഞ്ഞിട്ട്, കെഎസ്‌യു പ്രവർത്തകർ വധിക്കാൻ ശ്രമിച്ചിട്ടില്ല; മൊഴി മാറ്റി ഗൺമാൻ അഭിലാഷ്

> **Lead Summary:** **കണ്ണൂർ**: മുൻമന്ത്രി വീണാ ജോർജിനെ കുരുക്കിലാക്കി, അവരെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഗൺമാൻ അഭിലാഷ് മൊഴി മാറ്റി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് കെഎസ്‌യു പ്രവർത്തകർ ആയുധങ്ങളുമായി ആക്രമിക്കാൻ ശ്രമിച്ചുവെന്ന് മൊഴി നൽകിയത് വീണാ ജോർജ് ആവശ്യപ്പെട്ടിട്ടാണെന്ന് ഗൺമാൻ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) പുതിയ മൊഴി നൽകി. വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കുന്നത് താൻ കണ്ടിട്ടില്ലെന്നും ഗൺമാൻ വ്യക്തമാക്കിയിട്ടുണ്ട്.

## Article Content

**കണ്ണൂർ**: മുൻമന്ത്രി വീണാ ജോർജിനെ കുരുക്കിലാക്കി, അവരെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഗൺമാൻ അഭിലാഷ് മൊഴി മാറ്റി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് കെഎസ്‌യു പ്രവർത്തകർ ആയുധങ്ങളുമായി ആക്രമിക്കാൻ ശ്രമിച്ചുവെന്ന് മൊഴി നൽകിയത് വീണാ ജോർജ് ആവശ്യപ്പെട്ടിട്ടാണെന്ന് ഗൺമാൻ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) പുതിയ മൊഴി നൽകി. വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കുന്നത് താൻ കണ്ടിട്ടില്ലെന്നും ഗൺമാൻ വ്യക്തമാക്കിയിട്ടുണ്ട്.

കെഎസ്‌യു പ്രവർത്തകരായ എംസി അതുൽ, വിവി അക്ഷയ് എന്നിവരുൾപ്പെടെ നാലുപേർ തങ്ങളെ ആയുധങ്ങളുമായി വന്ന് ആക്രമിച്ചെന്നായിരുന്നു ഗൺമാൻ അഭിലാഷിന്റെ ആദ്യത്തെ മൊഴി. വീണാ ജോർജ് ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ അങ്ങനെ മൊഴി നൽകിയതെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

പുതിയ മൊഴി നൽകിയതോടെ വീണയെ വധിക്കാൻ ശ്രമിച്ചെന്ന കേസിന്റെ അടിത്തറതന്നെ തകരുകയും ഗൺമാൻതന്നെ നിയമപരമായ കുരുക്കിലാകുകയും ചെയ്തിട്ടുണ്ട്. ആദ്യം വ്യാജമൊഴി നൽകിയതിനും പിന്നീട് മൊഴി തിരുത്തി പറഞ്ഞതിനും ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ അഭിലാഷിനെതിരെ നടപടിയെടുക്കാൻ എസ്‌ഐടി ഒരുങ്ങുകയാണ്.

കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം വീണാ ജോർജിന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ, തന്നെ ആക്രമിച്ചു വധിക്കാൻ ശ്രമിച്ചുവെന്ന് തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഹാജരാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല.

സംഭവം നടക്കുമ്പോൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ മൊഴികളും ആക്രമണശ്രമം തെളിയിക്കാൻ പര്യാപ്തമല്ല. മാത്രമല്ല, കെഎസ്‌യു പ്രവർത്തകരുടെ കയ്യിൽ ആയുധങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ദൃശ്യങ്ങളിൽനിന്നും മറ്റും നേരത്തെ വ്യക്തമായിരുന്നു.

2026 ഫെബ്രുവരി 25-നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരേ കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. കെഎസ്‌യു പ്രവർത്തകരായ എംസി അതുൽ, വിവി അക്ഷയ്, ബിതുൽ ബാലൻ, സിഎച്ച് മുബാസ്, അഹമ്മദ് യാസിൻ എന്നിവർക്കെതിരേയാണ് വധശ്രമം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

മന്ത്രിക്ക് പ്രതിഷേധത്തിനിടയിൽ പരിക്കേറ്റതിനെ തുടർന്ന് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് റെയിൽവേ പോലീസ് ആദ്യം കേസെടുത്തത്. കണ്ണൂർ സബ് ജയിലിൽ 16 ദിവസത്തെ റിമാൻഡിന് ശേഷമാണ് കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387863/gunman-abhilash-changes-statement-veena-george-ksu-attack-case-kannur-sit)