---
title: "ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടയാളെ കണ്ണൂരിൽ സ്ഥാനാർഥിയാക്കേണ്ടതായിരുന്നു; സിപിഎം വിശ്വാസത്തിന് എതിരല്ല: കെ കെ രാഗേഷ്"
english_title: "Minority Section Person Kannur Candidate Should Have Made CPIM Not Against Faith KK Ragesh"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387920/kannur-minority-candidate-should-have-been-kk-ragesh-cpim-faith-pp-divya"
published_at: "2026-10-20T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad740872b580_1000241494.jpg"
keywords: ["KK Ragesh Kannur Minority Candidate", "Thaliparamba SIR PP Divya Return", "CPIM Kannur Committee"]
---

# ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടയാളെ കണ്ണൂരിൽ സ്ഥാനാർഥിയാക്കേണ്ടതായിരുന്നു; സിപിഎം വിശ്വാസത്തിന് എതിരല്ല: കെ കെ രാഗേഷ്

> **Lead Summary:** **കണ്ണൂർ: **ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടയാളെ കണ്ണൂരിൽ സ്ഥാനാർഥിയാക്കേണ്ടതായിരുന്നുവെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. അവിടെ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

## Article Content

**കണ്ണൂർ: **ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടയാളെ കണ്ണൂരിൽ സ്ഥാനാർഥിയാക്കേണ്ടതായിരുന്നുവെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. അവിടെ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

തളിപ്പറമ്പിൽ എസ്ഐആർ തിരിച്ചടിയായെന്നും വലിയ അളവിൽ വോട്ട് കൂട്ടിച്ചേർത്തുവെന്നും കെ കെ രാഗേഷ് പറഞ്ഞു.

ബഹുജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ പാർട്ടി നടപടികളെടുക്കും. ന്യൂനപക്ഷ വിഭാഗം നേരത്തേ കണ്ണൂരിൽ ഇടതുപക്ഷത്തോട് ചേർന്നുനിന്നിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാൻ മുസ്ലീംലീഗ് മുൻകൈയെടുത്തു. ന്യൂനപക്ഷവിഭാഗങ്ങൾക്കിടയിൽ നുണ പ്രചരിപ്പിച്ചുവെന്നും വർഗീയ പ്രചാരണങ്ങളടക്കം നടത്തിയെന്നും രാഗേഷ് ആരോപിച്ചു.

പി പി ദിവ്യ ഇപ്പോഴും പാർട്ടിയുടെ ഭാഗമാണെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ശേഷം അവരെ തിരിച്ചു കൊണ്ടുവരുന്ന കാര്യം ആലോചിക്കാമെന്നും ദിവ്യയുടെ തിരിച്ചു വരവ് അടഞ്ഞ അധ്യായമല്ലെന്നും രാഗേഷ് വ്യക്തമാക്കി.

അതേസമയം, സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ് തുടരുമെന്ന് സിപിഐഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. കെ വി സക്കീർ ഹുസൈനെ ജില്ലാ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തി.

എം ശ്രീധരൻ, എം സി രാഘവൻ എന്നിവർ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെട്ടു. ജില്ലാ കമ്മിറ്റിയിൽ എട്ട് ക്ഷണിതാക്കളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കെ നാരായണൻ, എം സുകുമാരൻ, എം രതീഷ്, സി ടി അനീഷ്, പി മുകുന്ദൻ, എ കെ ബീന, സി രജനി, ബാബു വാഴയിൽ എന്നിവരാണ് ക്ഷണിതാക്കൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387920/kannur-minority-candidate-should-have-been-kk-ragesh-cpim-faith-pp-divya)