---
title: "അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ; വിജയദശമി ദിനത്തിൽ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു"
english_title: "Vijayadashami Vidyarambham 2026 Kerala Temples Panachikkad Kollur Thunchan Parambu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387980/vijayadashami-vidyarambham-2026-kerala-temples-panachikkad-kollur-thunchan-parambu"
published_at: "2026-10-21T07:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad81c0581712_1000355749.jpg"
keywords: ["Vijayadhasami"]
---

# അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ; വിജയദശമി ദിനത്തിൽ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു

> **Lead Summary:** വിജയദശമി ദിനത്തിൽ ഹരിശ്രീ കുറിക്കാൻ ആയിരക്കണക്കിന് കുട്ടികൾ. വിവിധ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു.

## Article Content

വിജയദശമി ദിനത്തിൽ ഹരിശ്രീ കുറിക്കാൻ ആയിരക്കണക്കിന് കുട്ടികൾ. വിവിധ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു.

ദക്ഷിണ മൂകാംബി എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ദേവീ ക്ഷേത്രത്തിൽ പുലർച്ചെ 2ന് പൂജയെടുപ്പ് നടന്നു. തുടർന്ന് 4 മണിയോടെ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

മധ്യ തിരുവിതാംകൂറിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് കോട്ടയം പനച്ചിക്കാട് ദേവീ ക്ഷേത്രം. നിരവധി കുരുന്നുകളാണ് അറിവിന്റെ ആദ്യാക്ഷരം നുകരാൻ എത്തുന്നത്. നാൽപതോളം ആചാര്യന്മാരുടെ നേതൃത്വത്തിലാണ് വിദ്യാരംഭ ചടങ്ങുകൾ നടത്തുന്നത്. നാടിന്റെ പല ഭാഗത്ത് നിന്നും നിരവധി ആളുകളാണ് ഇവിടെ എത്തിയത്. മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും പുലർച്ചെ 3 മണിക്ക് വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. വലിയ തിരക്കാണ് അവിടെയും കാണാൻ സാധിക്കുന്നത്.

അതേസമയം, ഇളം നാവിൻ തുമ്പിൽ ആദ്യക്ഷരം കുറിക്കാനെത്തുന്ന കുരുന്നുകളെ വരവേൽക്കുകയാണ് തിരൂർ തുഞ്ചൻ പറമ്പും. മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ മണ്ണിൽ പുലർച്ചെ മുതൽ വിദ്യാരംഭം കുറിക്കാനുള്ള തിരക്കാണ്. സാംസ്കാരിക നായകരും പാരമ്പര്യ എഴുത്താശാന്മാരും ഒരു തലമുറയെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തും.

പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ പുലർച്ചെ അഞ്ചുമണിയോടെയാണ് വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചത്. ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം ഡെപ്യൂട്ടി കമ്മീഷണർ കെ. ഇന്ദുമതി കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ച് വിദ്യാരംഭത്തിന് തുടക്കം കുറിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387980/vijayadashami-vidyarambham-2026-kerala-temples-panachikkad-kollur-thunchan-parambu)