---
title: "സി.പി.എം പ്രവർത്തകൻ ഹരിദാസ് വധക്കേസിൽ ഒളിവിൽ കഴിയുകയായിരുന്ന ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ"
english_title: "RSS activist arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38802/rss-activist-arrested"
published_at: "2022-04-22T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6262832e5f9b2_Picsart_22-04-22_15-57-16-324.jpg"
keywords: []
---

# സി.പി.എം പ്രവർത്തകൻ ഹരിദാസ് വധക്കേസിൽ ഒളിവിൽ കഴിയുകയായിരുന്ന ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ

> **Lead Summary:** ന്യൂ മാഹിയിലെ സി.പി.എം പ്രവർത്തകൻ ഹരിദാസ് വധക്കേസിൽ ഒളിവിൽ കഴിയുകയായിരുന്ന ആർ.എസ്.എസ് പ്രവർത്തകൻ നിജിൽദാസ് അറസ്റ്റിൽ.

## Article Content

ന്യൂ മാഹിയിലെ സി.പി.എം പ്രവർത്തകൻ ഹരിദാസ് വധക്കേസിൽ ഒളിവിൽ കഴിയുകയായിരുന്ന ആർ.എസ്.എസ് പ്രവർത്തകൻ നിജിൽദാസ് അറസ്റ്റിൽ.

പിണറായി പാണ്ട്യാല മുക്കിലെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന നിജിൽദാസിനെ ന്യൂമാഹി എസ്.ഐമാരായ വിപിനും, അനിൽകുമാറും അടങ്ങുന്ന സംഘം ഏറെ സാഹസപ്പെട്ടാണ് പിടികൂടിയത്.

വെള്ളിയാഴ്ച പുലർച്ചെ 3.30 ന് പിണറായി പാണ്ട്യാല മുക്കിലുള്ള വീട്ടിൽ വെച്ചാണ് പ്രതി പിടിയിലായത്. ന്യൂ മാഹി എസ്.ഐമാരായ വിപിൻ, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം വീടുവളഞ്ഞ് സാഹസികമായാണ് പ്രതിയെ പിടികൂടിയത്.

സി.പി ഒ മാരായ റിജീഷ്, അനുഷ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പിണറായി പൊലീസിൻ്റെയും, സ്ട്രൈക്കർ ഫോഴ്സിൻ്റെയും സഹായം ന്യൂ മാഹി പൊലീസ് തേടിയിരുന്നു. നിജിൽദാസ് ഒളിവിൽ കഴിയുന്ന വീട് ടവർ ലൊക്കേഷൻ ഉപയോഗിച്ചാണ് പൊലീസ് തിരിച്ചറിഞ്ഞത്.

തുടർന്ന് വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. സി പി എമ്മിൻ്റെ ശക്തികേന്ദ്രത്തിലാണ് ആരുമറിയാതെ പ്രതി ഒളിവിൽ കഴിഞ്ഞതെന്നത് പൊലീസിനെയും, നാട്ടുകാരെയും അമ്പരപ്പിച്ചു.

ന്യൂ മാഹി സ്റ്റേഷനിലെത്തിച്ച പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. നേരത്തെ നിജിൽദാസിനെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു. പിന്നീടാണ് പ്രതിപ്പട്ടികയിലേക്ക് വന്നത്. കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38802/rss-activist-arrested)