---
title: "അയ്യൻകുന്നിലെ എടപ്പുഴ വാളത്തോട് ജനവാസ മേഖലയിൽ കാട്ടാന ആക്രമണം; വ്യാപക കൃഷിനാശം"
english_title: "Wild Elephant Attack in Ayyankunnu Edappuzha Valathode Farmlands Destroyed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388520/wild-elephant-attack-in-ayyankunnu-edappuzha-valathode-farmlands-destroyed"
published_at: "2026-10-24T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc5eaa08cd3_1000361588.jpg"
keywords: ["Iritty", "Wild elephent"]
---

# അയ്യൻകുന്നിലെ എടപ്പുഴ വാളത്തോട് ജനവാസ മേഖലയിൽ കാട്ടാന ആക്രമണം; വ്യാപക കൃഷിനാശം

> **Lead Summary:** **ഇരിട്ടി**: അയ്യൻകുന്ന് - ആറളം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ എടപ്പുഴ വാളത്തോട് ജനവാസ മേഖലയിൽ കാട്ടാന ആക്രമണത്തിൽ പൊറുതിമുട്ടി പ്രദേശവാസികൾ. മേഖലയിൽ ആഴ്ചകളായി കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.

## Article Content

**ഇരിട്ടി**: അയ്യൻകുന്ന് - ആറളം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ എടപ്പുഴ വാളത്തോട് ജനവാസ മേഖലയിൽ കാട്ടാന ആക്രമണത്തിൽ പൊറുതിമുട്ടി പ്രദേശവാസികൾ. മേഖലയിൽ ആഴ്ചകളായി കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.

കഴിഞ്ഞ ദിവസം രാത്രി ഉണ്ണിമാക്കൽ മനോജ്, പുൽപ്പറമ്പിൽ സിജു, ജീരകശേരി ജോസ് എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനക്കൂട്ടം എത്തി വ്യാപക നാശം വിതച്ചത്. വീടിന് സമീപം വരെ എത്തിയ ആനക്കൂട്ടം വാഴ, തെങ്ങ്, കവുങ്ങ് തുടങ്ങിയ കൃഷികൾ നശിപ്പിച്ചു. രാത്രിയിൽ മഴ പെയ്തിരുന്നതുകൊണ്ട് ആനയെത്തിയത് അറിഞ്ഞില്ലെന്ന് വീട്ടുകാർ പറയുന്നു.

ആറളം പുനരധിവാസ മേഖലയിൽ നിന്നും തുരത്തുന്ന ആനകളാണ് വാളത്തോട് മേഖലയിൽ ഭീതി പരത്തുന്നതെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. കൂട്ടമായി എത്തുന്ന ആനകൾ ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്നതായി ഇവർ പറയുന്നു.

പൂർണമായും കൃഷിയെ ആശ്രയിച്ച് ജീവിതം നയിക്കുന്ന സാധാരണക്കാരാണ് ഇവിടുത്തെ താമസക്കാർ. വനമേഖലയോട് ചേർന്ന സ്ഥലങ്ങൾ ഉൾപ്പെട്ട പ്രദേശമാണ് വാളത്തോടും എടപ്പുഴയും. വന്യജീവികളെ പ്രതിരോധിക്കാൻ വനാതിർത്തിയിൽ സോളാർ തൂക്കുവേലി സ്ഥാപിക്കുന്ന നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്.

കഴിഞ്ഞ ദിവസം ആറളം പഞ്ചായത്തിലെ വാളത്തോട് ബാബുവിന്റെ കൃഷിയിടത്തിൽ 40-ൽ അധികം കവുങ്ങുകൾ കാട്ടാനക്കൂട്ടം നശിപ്പിച്ചിരുന്നു. മഴ ആയതുകൊണ്ട് പുലർച്ചെ ടാപ്പിങ് തൊഴിലാളികൾ ജോലിക്ക് എത്താതിരുന്നത് വലിയ അപകടം ഒഴിവാക്കിയതായും പ്രദേശവാസികൾ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388520/wild-elephant-attack-in-ayyankunnu-edappuzha-valathode-farmlands-destroyed)