---
title: "SMA മരുന്ന് വിവാദം; അറിഞ്ഞോ അറിയാതെയോ നമ്മുടെ ഇളംതലമുറ ഒരു പരീക്ഷണവസ്തുവായി മാറരുത്, പിണറായി വിജയൻ"
english_title: "Thiruvananthapuram SAT Hospital Spinal Muscular Atrophy SMA Affected Children Clinical Trial Label"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388536/sma-medicine-controversy-pinarayi-vijayan-opposition-sat-hospital-clinical-trial"
published_at: "2026-10-24T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc71c093c37_1000242251.jpg"
keywords: ["SMA Medicine Controversy", "Clinical Trial", "Generic Medicine Natco Cure SMA"]
---

# SMA മരുന്ന് വിവാദം; അറിഞ്ഞോ അറിയാതെയോ നമ്മുടെ ഇളംതലമുറ ഒരു പരീക്ഷണവസ്തുവായി മാറരുത്, പിണറായി വിജയൻ

> **Lead Summary:** **തിരുവനന്തപുരം : **എസ്.എ.ടി ആശുപത്രിയിൽ സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച കുട്ടികൾക്ക് ‘ക്ലിനിക്കൽ ട്രയൽ’ ലേബലുള്ള മരുന്ന് നൽകിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് ഇട നൽകിയത് സർക്കാർ തലത്തിലെ വീഴ്ചയും സുതാര്യത ഇല്ലാത്ത നടപടികളും മൂലമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

## Article Content

**തിരുവനന്തപുരം : **എസ്.എ.ടി ആശുപത്രിയിൽ സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച കുട്ടികൾക്ക് ‘ക്ലിനിക്കൽ ട്രയൽ’ ലേബലുള്ള മരുന്ന് നൽകിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് ഇട നൽകിയത് സർക്കാർ തലത്തിലെ വീഴ്ചയും സുതാര്യത ഇല്ലാത്ത നടപടികളും മൂലമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

ഇത്തരത്തിലുള്ള ഒരു പ്രശ്നത്തിന്റെ ഗൗരവം സർക്കാർ വേണ്ടത്ര ഉൾക്കൊള്ളുകയോ രോഗികളുടെയും കുടുംബങ്ങളുടെയും പൊതുസമൂഹത്തിന്റെയും ആശങ്കകൾ പരിഹരിക്കാൻ രംഗത്തുവരികയോ ചെയ്തില്ല. മാധ്യമങ്ങളിലൂടെ പലതരത്തിലുള്ള വാർത്തകൾ വന്നപ്പോൾ മാത്രമാണ് ഇതിൽ ചെറിയ പ്രതികരണമെങ്കിലും ഉണ്ടായത്.

എസ്.എം.എ ബാധിതരുടെ സംഘടനയായ ക്യൂർ എസ്.എം.എ ആണ് മരുന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട ആശങ്ക ആദ്യമായി ഉന്നയിച്ചത്. തുടർന്ന് മാധ്യമങ്ങളിലും ആ വാർത്ത വരികയുണ്ടായി.

ആ സമയത്തുതന്നെ 12.10.2026 ന് പ്രതിപക്ഷനേതാവ് എന്ന നിലയിൽ ആരോഗ്യ മന്ത്രിക്ക് ഉയർന്നുവന്ന ആശങ്കകൾ ചൂണ്ടിക്കാട്ടി ഒരു കത്ത് നൽകിയിരുന്നു. രണ്ടാഴ്ചയായിട്ടും ആ കത്തിന് വസ്തുതകൾ നിരത്തി മറുപടി നൽകാനുള്ള ജനാധിപത്യ മര്യാദ പോലും ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല അദ്ദേഹം പറഞ്ഞു.

വിവാദം മാധ്യമങ്ങളിൽ വന്ന സമയത്ത് ഇത് സംബന്ധിച്ച് തനിക്കറിയില്ല, എസ്.എ.ടിയിലെ ഡോ. മിനിയോട് ചോദിക്കണം എന്നുപറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് മന്ത്രി ആദ്യം ചെയ്തത്. പക്ഷെ മന്ത്രി പറഞ്ഞത് പോലെയല്ല കാര്യങ്ങൾ എന്ന് വ്യക്തമാക്കി നാറ്റ്കോ കമ്പനിയുടെ ഉദ്യോഗസ്ഥർ മന്ത്രിയെ ഓഫീസിൽ കണ്ടതിന്റെ തെളിവുകൾ വരികയുണ്ടായി.

എന്നാൽ വിഷയത്തെ വഴിതിരിച്ചു വിട്ട്, അത് ജെനറിക് മരുന്നുകൾക്കെതിരായ നീക്കമാണ് എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. കൂടിയ വിലക്ക് മരുന്ന് വിൽക്കുന്ന സ്വിസ് കമ്പനിക്ക് വേണ്ടിയാണോ ഈ വിവാദങ്ങൾ ഉയർത്തുന്നത് എന്നുപോലും പറയുന്ന സ്ഥിതിയുണ്ടായി.

എന്നാൽ ഇതൊന്നുമല്ല വിഷയം. വൻകിട മരുന്ന് കമ്പനികളുടെ കുത്തകയും ചൂഷണവും തടയാൻ ജനറിക് മരുന്നുകൾ ആവശ്യമാണെന്ന് തന്നെയാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പേറ്റന്റ് വിഷയത്തിലും ജെനറിക് മരുന്നുകളുടെ കാര്യത്തിലും സിപിഐഎമ്മിന് ഈ മന്ത്രിക്കും കോൺഗ്രസിനും യുഡിഎഫിനും ഉള്ളതിനേക്കാൾ വ്യക്തമായ പ്രഖ്യാപിത നിലപാടുണ്ട്.

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388536/sma-medicine-controversy-pinarayi-vijayan-opposition-sat-hospital-clinical-trial)