---
title: "മലയോര ജനതയുടെ യാത്രാ ക്ലേശത്തിന് പരിഹാരം കാണുന്നതിനായി നിവേദന സമർപ്പിച്ച് കെസിവൈഎം"
english_title: "Hilly People Travel Difficulty Solution Memorandum Submitted KCYM Kelakam Kelakam Grama Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388551/kelakam-shanthigiri-ksrtc-bus-service-demand-kcym-memorandum-sunny-joseph"
published_at: "2026-10-24T15:19:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc7f9c8dbd2_1000242285.jpg"
keywords: ["Kelakam Shanthigiri", "KSRTC Bus Service KCYM", "Adakkathode Hilly Travel Memorandum"]
---

# മലയോര ജനതയുടെ യാത്രാ ക്ലേശത്തിന് പരിഹാരം കാണുന്നതിനായി നിവേദന സമർപ്പിച്ച് കെസിവൈഎം

> **Lead Summary:** കേളകം : മലയോര ജനതയുടെ യാത്രാ ക്ലേശത്തിന് പരിഹാരം കാണുന്നതിനായി നിവേദന സമർപ്പിച്ച് കെസിവൈഎം.

## Article Content

കേളകം : മലയോര ജനതയുടെ യാത്രാ ക്ലേശത്തിന് പരിഹാരം കാണുന്നതിനായി നിവേദന സമർപ്പിച്ച് കെസിവൈഎം.

കേളകം ഗ്രാമപഞ്ചായത്തിലെ അടയ്ക്കാത്തോട് ശാന്തിഗിരി മലയോര പ്രദേശത്തേക്ക് കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി പാർലമെന്റ് പരിസ്ഥിതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫിന് നിവേദനം സമർപ്പിച്ചു.

നിവേദനം ഗതാഗത വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് കെസിവൈഎം ചുങ്കക്കുന്ന് മേഖല സമിതി ആവശ്യപ്പെട്ടത്.

ശാന്തിഗിരി പ്രദേശത്ത് താമസിക്കുന്ന വിദ്യാർത്ഥികൾ, കർഷകർ, തൊഴിലാളികൾ, മുതിർന്ന പൗരന്മാർ, രോഗികൾ തുടങ്ങി നിരവധി പേർക്ക് വിദ്യാഭ്യാസം, തൊഴിൽ, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നതിന് മതിയായ പൊതുഗതാഗത സൗകര്യം ലഭ്യമല്ലാത്തത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

മലയോര മേഖലയായതിനാൽ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടിവരുന്നത് സാധാരണക്കാരായ കുടുംബങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യതയുമാകുന്നു.

വിദ്യാർത്ഥികൾക്ക് സ്കൂളുകളിലും കോളേജുകളിലും സമയത്ത് എത്തുന്നതിനും രോഗികൾക്ക് ആശുപത്രികളിൽ എത്തുന്നതിനും തൊഴിലാളികൾക്ക് ജോലിസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും പ്രയോജനപ്പെടുന്ന രീതിയിൽ ശാന്തിഗിരിയിലേക്ക് അനുയോജ്യമായ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ആരംഭിക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. രാവിലെയും വൈകുന്നേരവും ഉൾപ്പെടെ ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് സർവീസ് ക്രമീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

കെ.സി.വൈ.എം. സംസ്ഥാന സിൻഡിക്കേറ്റ് അംഗം വിമൽ കൊച്ചുപുരയ്ക്കൽ, ചുങ്കക്കുന്ന് മേഖല മുൻ പ്രസിഡന്റ് വിനീഷ് മഠത്തിൽ, മറ്റ് യുവജന നേതാക്കൾ എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388551/kelakam-shanthigiri-ksrtc-bus-service-demand-kcym-memorandum-sunny-joseph)