---
title: "പി പി ദിവ്യയ്ക്കുള്ള പരോക്ഷ ക്ഷണം; പി കെ കൃഷ്ണദാസിന്റെ പരാമർശം അപക്വമെന്ന് വിലയിരുത്തൽ; അതൃപ്തി പുകയുന്നു"
english_title: "Thiruvananthapuram Kannur District Panchayat Former President CPI M Leader PP Divya Indirect Invitation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388664/pp-divya-indirect-invitation-pk-krishnadas-remark-immature-bjp-dissatisfaction"
published_at: "2026-10-25T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6addc7ed6d972_1000242395.jpg"
keywords: ["PP Divya BJP Invitation", "Kannur District Panchayat", "CPI M Dissatisfaction"]
---

# പി പി ദിവ്യയ്ക്കുള്ള പരോക്ഷ ക്ഷണം; പി കെ കൃഷ്ണദാസിന്റെ പരാമർശം അപക്വമെന്ന് വിലയിരുത്തൽ; അതൃപ്തി പുകയുന്നു

> **Lead Summary:** **തിരുവനന്തപുരം: **കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഐഎം നേതാവുമായിരുന്ന പി പി ദിവ്യയ്ക്കുള്ള പരോക്ഷമായ ക്ഷണത്തിൽ പുകഞ്ഞ് ബിജെപി. ബിജെപിയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന മുതിർന്ന നേതാവ് പി കെ കൃഷ്ണദാസിന്റെ പ്രതികരണത്തിലാണ് അമർഷം.

## Article Content

**തിരുവനന്തപുരം: **കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഐഎം നേതാവുമായിരുന്ന പി പി ദിവ്യയ്ക്കുള്ള പരോക്ഷമായ ക്ഷണത്തിൽ പുകഞ്ഞ് ബിജെപി. ബിജെപിയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന മുതിർന്ന നേതാവ് പി കെ കൃഷ്ണദാസിന്റെ പ്രതികരണത്തിലാണ് അമർഷം.

സിപിഐഎമ്മുമായുള്ള അകൽച്ച പ്രകടമാക്കി പി പി ദിവ്യ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയായിരുന്നു പി കെ കൃഷ്ണദാസിന്റെ പ്രതികരണം.

വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും പി പി ദിവ്യ നിലപാട് വ്യക്തമാക്കട്ടെയെന്നുമായിരുന്നു ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസിന്റെ പരസ്യ പ്രതികരണം. എന്നാൽ, പ്രസ്താവന അപക്വമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പൊതുവേയുള്ള വിലയിരുത്തൽ. പി പി ദിവ്യയുടെ വിഷയവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ മറ്റു കൂടിയാലോചനകൾ നടന്നിട്ടില്ല.

അണികളിൽ തെറ്റായ ധാരണകൾ വരുത്താനിടയാക്കിയെന്നും വിമർശനമുണ്ട്. അതേസമയം, ബിജെപിയിൽ പോയവരാരും ഗതി പിടിച്ചിട്ടില്ലെന്നാണ് വിഷയത്തിൽ ആരോഗ്യം മന്ത്രി കെ മുരളീധരന്റെ ഒളിയമ്പ്.

ഒടുവിൽ വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ നിന്നും തഴഞ്ഞതിന് പിന്നാലെയാണ് അതൃപ്തി പ്രകടമാക്കി പി പി ദിവ്യ സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങൾ നടത്തിയത്. ഒരിക്കൽ ശരിയാണെന്ന് തോന്നിയത് എല്ലാകാലത്തും ശരിയാകണമെന്നില്ലെന്നായിരുന്നു ദിവ്യയുടെ വാക്കുകൾ.

കരവറ്റാൻ സഹായിച്ചവരെ ജീവിതകാലം ചുമന്നു നടക്കേണ്ടതില്ലെന്നും പരാമർശം ഉണ്ടായിരുന്നു. പിന്നാലെയാണ് പാർട്ടിയിലേക്ക് ക്ഷണം എന്ന് കരുതാവുന്ന രീതിയിൽ പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസംഗവും.

അതേസമയം. പാർട്ടി നേതൃത്വം അവഗണിക്കുന്നുവെന്ന ദിവ്യയുടെ പരാതിയിൽ സംസ്ഥാന നേതൃത്വം ഇടപെടുമെന്നാണ് വിവരം. പരാതി കേന്ദ്രനേതൃത്വത്തിന് കൈമാറിയ സാഹചര്യത്തിലാണ് ഇടപെടാൻ സംസ്ഥാന നേതാക്കൾ നിർബന്ധിതരാകുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388664/pp-divya-indirect-invitation-pk-krishnadas-remark-immature-bjp-dissatisfaction)