---
title: "പിരിച്ചുവിടൽ ശിപാർശ നിയമവിരുദ്ധവും അധികാര ദുർവിനിയോഗവും; ഇത്തരം നിലപാടുകളെ യുഡിഎഫ് സർക്കാർ പിന്തുണയ്ക്കുന്നുണ്ടോ? പിണറായി വിജയൻ"
english_title: "Thiruvananthapuram PSC Chairman Dr MR Baiju Removal Governor Recommendation Against Opposition Leader Pinarayi Vijayan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388673/psc-chairman-baiju-removal-governor-recommendation-illegal-pinarayi-vijayan-udf-government-stand"
published_at: "2026-10-25T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6addd122ec194_1000242406.jpg"
keywords: ["PSC Chairman MR Baiju", "Governor Recommendation Illegal", "Pinarayi Vijayan UDF Government", "Federal Powers"]
---

# പിരിച്ചുവിടൽ ശിപാർശ നിയമവിരുദ്ധവും അധികാര ദുർവിനിയോഗവും; ഇത്തരം നിലപാടുകളെ യുഡിഎഫ് സർക്കാർ പിന്തുണയ്ക്കുന്നുണ്ടോ? പിണറായി വിജയൻ

> **Lead Summary:** **തിരുവനന്തപുരം: **പിഎസ്‌സി ചെയർമാൻ ഡോ എം ആർ ബൈജുവിനെ പുറത്താക്കാനുള്ള ഗവർണറുടെ ശിപാർശക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിരിച്ചുവിടൽ ശിപാർശ നിയമവിരുദ്ധവും അധികാര ദുർവിനിയോഗവുമെന്ന് പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു. ഗവർണർമാർ ഭരണഘടനാവിരുദ്ധമായി സ്വീകരിക്കുന്ന ഇത്തരം നിലപാടുകളെ യുഡിഎഫ് സർക്കാർ പിന്തുണയ്ക്കുന്നുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

## Article Content

**തിരുവനന്തപുരം: **പിഎസ്‌സി ചെയർമാൻ ഡോ എം ആർ ബൈജുവിനെ പുറത്താക്കാനുള്ള ഗവർണറുടെ ശിപാർശക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിരിച്ചുവിടൽ ശിപാർശ നിയമവിരുദ്ധവും അധികാര ദുർവിനിയോഗവുമെന്ന് പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു. ഗവർണർമാർ ഭരണഘടനാവിരുദ്ധമായി സ്വീകരിക്കുന്ന ഇത്തരം നിലപാടുകളെ യുഡിഎഫ് സർക്കാർ പിന്തുണയ്ക്കുന്നുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 316 പ്രകാരമാണ് പബ്ലിക് സർവ്വീസ് കമ്മീഷനെ നിയമിക്കുന്നത്. അങ്ങിനെ നിയമിക്കപ്പെടുന്ന അംഗങ്ങൾക്ക് 6 വർഷത്തെ കാലാവധിയാണ് ആർട്ടിക്കിൾ 316 (2) പ്രകാരം നിശ്ചയിച്ചിട്ടുള്ളത്. ഈ കാലാവധിക്കകം ഒരംഗത്തെ നീക്കം ചെയ്യണമെങ്കിൽ ആർട്ടിക്കിൾ 317 പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്.

ഒരംഗത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന പ്രവൃത്തി ദോഷം (misbehavior) സംബന്ധിച്ച പരാതിയിന്മേൽ സുപ്രീംകോടതി ഒരു അന്വേഷണ വിചാരണ നടത്തി ചെയർമാനേയും അംഗങ്ങളെയും നീക്കം ചെയ്യേണ്ടതാണെന്ന് റിപ്പോർട്ട് ചെയ്തതിന് ശേഷം മാത്രമേ, രാഷ്ട്രപതിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുകയുള്ളൂ. അത്തരത്തിലൊരു അന്വേഷണ വിചാരണയും കേരളത്തിലെ പിഎസ്‌സി അംഗങ്ങൾക്കെതിരായി സുപ്രീംകോടതിയിൽ നടന്നിട്ടില്ല.

അതുകൊണ്ടുതന്നെ ഗവർണ്ണർക്ക് ഇത്തരത്തിലൊരു ശിപാർശ നടത്താൻ ഭരണഘടനാപരമായി യാതൊരു അധികാരവുമില്ല. സ്ഥാനം ഒഴിഞ്ഞ ഗവർണ്ണർ പോകുന്ന പോക്കിൽ സംസ്ഥാനത്ത് ഇതുവരെ നടത്തിയ നിയമവിരുദ്ധ ഇടപെടലുകളുടെ തുടർച്ചയായി ഇത്തരത്തിലൊരു ശിപാർശ നടത്തിയതായാണ് മനസ്സിലാക്കുന്നത് – പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ഗവർണർ മന്ത്രിസഭയുടെ ഉപദേശ നിർദ്ദേശങ്ങൾക്കനുസരിച്ച് മാത്രമേ ഏതു പ്രവൃത്തിയും നടത്താനാകൂ എന്ന് ആർട്ടിക്കിൾ 163 അസന്നിഗ്ധമായി വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവർണർക്ക് ഇക്കാര്യത്തിൽ ഒരുവിധ സ്വതന്ത്രമായ അധികാരവും ഇല്ലെന്നർത്ഥം. മന്ത്രിസഭയ്ക്കാവട്ടെ ആർട്ടിക്കിൾ 317 പ്രകാരം സുപ്രീംകോടതിയുടെ അന്വേഷണ വിചാരണയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലല്ലാതെ തീരുമാനവും എടുക്കാൻ കഴിയില്ല.

അതായത് പൂർണ്ണമായും ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ നടപടിയാണ് ഗവർണർ ചെയ്തുവെച്ചിട്ടുള്ളത്. പിഎസ്‌സി ഒരു തുടർച്ചയാണ്. സർക്കാരുകൾ മാറി വരുമ്പോൾ നിലവിലുള്ള പിഎസ്‌സി അംഗങ്ങളെയും ചെയർമാനെയും പുറത്താക്കുന്ന പതിവില്ല. അവരുടെ കാലാവധി പൂർത്തീകരിക്കുന്ന മുറയ്ക്ക് പുതിയ അംഗങ്ങളെ നിയമിക്കുക മാത്രമാണ് ചെയ്തുവരുന്നത്.

രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയുടെ അടിസ്ഥാനത്തിൽ പിഎസ്‌സിയെ സമീപിച്ച ചരിത്രം കേരളത്തിലില്ല. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാർ, ഗവർണറുടെ ഈ നിയമവിരുദ്ധ നടപടിയിൽ നിലപാട് വ്യക്തമാക്കണം – അദ്ദേഹം ആവശ്യപ്പെട്ടു.

ഗവർണർമാർ ഭരണഘടനാവിരുദ്ധമായി സ്വീകരിക്കുന്ന ഇത്തരം നിലപാടുകളെ യുഡിഎഫ് സർക്കാർ പിന്തുണയ്ക്കുന്നുണ്ടോ എന്ന് പിണറായി വിജയൻ ചോദിച്ചു. സർക്കാരിന്റെ ഫെഡറൽ അധികാരങ്ങളിൽ യൂണിയൻ സർക്കാരിന്റെ ഏജന്റായി നിരന്തരം ഗവർണർമാരെ ഉപയോഗിക്കുന്ന രീതിയാണ് ബിജെപി സ്വീകരിക്കുന്നത്.

അതിന്റെ കൂടി ഭാഗമായാണ് ഇതിനെ കാണേണ്ടത്. ഇപ്പോൾ രാഷ്ട്രീയ പക്ഷപാതിത്വത്തോടെയും മുൻവിധിയോടെയും നിലവിലുള്ള പിഎസ്‌സിയെ പിരിച്ചുവിടാൻ ഗവർണറുടെ ഈ നിയമവിരുദ്ധ പ്രവൃത്തി മറയാക്കി സർക്കാർ അനുകൂല സമീപനം സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ? അതോ ഗവർണറുടെ നിലപാടിനെ അപലപിക്കാൻ തയ്യാറുണ്ടോ? അതല്ല, ഗവർണർമാരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണ നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ സർക്കാർ വലിയ വില കൊടുക്കേണ്ടിവരും. അമിതാധികാര പ്രവണതകൾക്ക് വഴിയൊരുക്കലാകും അത് – അദ്ദേഹം പറഞ്ഞു.

പ്രശംസനീയമായ രീതിയിൽ സർക്കാർ നിയമനങ്ങൾ ഏറ്റെടുത്ത് പൂർത്തീകരിക്കുന്ന സ്ഥാപനമാണ് കേരളത്തിലെ പിഎസ്‌സി ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് കഴിഞ്ഞ പത്തുവർഷം നിയമനം നൽകാൻ പിഎസ്‌സിക്ക് കഴിഞ്ഞിട്ടുണ്ട്.

ഏതെങ്കിലും ഒരു നിയമനത്തിൽ ക്രമക്കേട് ആരോപിച്ച് ഒരു സംവിധാനത്തിന്റെ മുഴുവൻ വിശ്വാസ്യതയും തകർക്കാനുള്ള സംഘടിത ശ്രമവും ഗൂഢാലോചനയുമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനെ നാം ഒറ്റക്കെട്ടായി ചെറുക്കേണ്ടതാണ് – അദ്ദേഹം ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388673/psc-chairman-baiju-removal-governor-recommendation-illegal-pinarayi-vijayan-udf-government-stand)