---
title: "പിഎസ്‌സി അംഗങ്ങളെ പുറത്താക്കണമെന്ന ശിപാർശയെ കുറിച്ച് അറിയില്ല; ഗവണ്മെന്റിനെ അറിയിച്ചിട്ടല്ല ഗവർണർ കത്ത് കൊടുത്തത്; രമേശ് ചെന്നിത്തല"
english_title: "Thiruvananthapuram PSC Members Should Be Removed President Governor Recommendation About Dont Know"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388679/psc-members-removal-governor-recommendation-dont-know-ramesh-chennithala-government-not-informed"
published_at: "2026-10-25T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6addda81ead18_1000242417.jpg"
keywords: ["PSC Members Removal", "Ramesh Chennithala Home Minister", "PSC Credibility"]
---

# പിഎസ്‌സി അംഗങ്ങളെ പുറത്താക്കണമെന്ന ശിപാർശയെ കുറിച്ച് അറിയില്ല; ഗവണ്മെന്റിനെ അറിയിച്ചിട്ടല്ല ഗവർണർ കത്ത് കൊടുത്തത്; രമേശ് ചെന്നിത്തല

> **Lead Summary:** **തിരുവനന്തപുരം: **പിഎസ്‌സി അംഗങ്ങളെ പുറത്താക്കണമെന്ന രാഷ്ട്രപതിയ്ക്കുള്ള ഗവർണറുടെ ശിപാർശയെക്കുറിച്ച് അറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിഎസ്‌സിക്ക് എതിരെ ധാരാളം പരാതികൾ ലഭിക്കുന്നുണ്ട്. കോടതിയുടെ വിമർശനത്തെ ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളുന്നു. പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **പിഎസ്‌സി അംഗങ്ങളെ പുറത്താക്കണമെന്ന രാഷ്ട്രപതിയ്ക്കുള്ള ഗവർണറുടെ ശിപാർശയെക്കുറിച്ച് അറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിഎസ്‌സിക്ക് എതിരെ ധാരാളം പരാതികൾ ലഭിക്കുന്നുണ്ട്. കോടതിയുടെ വിമർശനത്തെ ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളുന്നു. പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഗവർണറുടെ നീക്കത്തെ കുറിച്ച് തങ്ങൾക്കറിയില്ലെന്നും പരിശോധിച്ച ശേഷമേ അതേകുറിച്ച് കൂടുതൽ പറയാൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. ഗവൺമെന്റിനെ അറിയിച്ചിട്ടല്ല ഗവർണർ കത്ത് കൊടുത്തത്. നമുക്ക് അറിയാത്ത കാര്യമാണ് – അദ്ദേഹം പറഞ്ഞു.

പിഎസ്‌സിയിലെ നിയമനങ്ങൾ സംബന്ധിച്ചുള്ള ക്രമക്കേടുകൾ കണ്ടെത്തി അതിനുത്തരവാദികളായ ആളുകളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്നും ഒരു വിട്ടുവീഴ്ചയും ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ ശക്തമായ നടപടികളുമായി മുന്നോട്ട് പോകും. കോടതി പറഞ്ഞ കാര്യങ്ങൾ ഞങ്ങളുടെ മനസിലുണ്ട്.

പല കാരണങ്ങൾ കൊണ്ടാകാം അന്വേഷണം അൽപം താമസമുണ്ടായത്. അഴിമതി നടന്നു എന്നുള്ളത് വളരെ വ്യക്തമാണ്. അഴിമതിക്ക് നേതൃത്വം കൊടുത്തത് ആരാണെങ്കിലും അവരുടെ പേരിൽ ശക്തമായ നടപടി പൊലീസും ആഭ്യന്തര വകുപ്പും സ്വീകരിക്കും – അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടിലേക്ക് സ്ഥലം മാറി പോകുന്നതിന് ഒരാഴ്ച മുമ്പാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പിഎസ്‌സി ചെയർമാൻ എം ആർ ബൈജു ഉൾപ്പെടെ 16 അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിയോട് ശിപാർശ ചെയ്തത്. സംസ്ഥാന ചരിത്രത്തിൽ ഇത്തരമൊരു നടപടി ഇതാദ്യമാണ്. ആസൂത്രണ ബോർഡ് പരീക്ഷയിൽ ഉൾപ്പെടെ പിഎസ്‌സിക്ക് എതിരെ ലഭിച്ച പരാതികളിൽ ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തോട് ഗവർണർ റിപ്പോർട്ട് തേടിയിരുന്നു.

പിഎസ്‌സി ആഭ്യന്തര വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടും ലോക്ഭവൻ പരിശോധിച്ചു. ഇവയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിക്ക് ശിപാർശ നൽകിയത്. യുവമോർച്ചയും എബിവിപിയും നൽകിയ പരാതികളും ശിപാർശക്കൊപ്പം രാഷ്ട്രപതിക്ക് കൈമാറിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388679/psc-members-removal-governor-recommendation-dont-know-ramesh-chennithala-government-not-informed)