---
title: "മൂന്ന് മക്കളുടെ അച്ഛനാണ് മരിച്ചത്; അയാളുടെ അഹങ്കാരം സഹിക്കാൻ പറ്റില്ല; കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ജയബാലകൃഷ്ണന്റെ കുടുംബം"
english_title: "High Influence Because Case Overturned Possibility Cheranalloor Additional Sessions Judge Son Drove Car Hit Died Jayabalakrishnan Family"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388684/cheranalloor-additional-sessions-judge-son-car-hit-jayabalakrishnan-family-case-overturn-allegation"
published_at: "2026-10-25T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6addec28c4bdb_1000242424.jpg"
keywords: ["Cheranalloor", "Jayabalakrishnan", "Police Station Judge Behaviour"]
---

# മൂന്ന് മക്കളുടെ അച്ഛനാണ് മരിച്ചത്; അയാളുടെ അഹങ്കാരം സഹിക്കാൻ പറ്റില്ല; കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ജയബാലകൃഷ്ണന്റെ കുടുംബം

> **Lead Summary:**  ഉന്നത സ്വാധീനമുള്ളതിനാൽ കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ചേരാനല്ലൂരിൽ അഡീഷണൽ സെഷൻസ് ജഡ്ജിയുടെ മകൻ ഓടിച്ച കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. പൊലീസ് സ്റ്റേഷനിൽ അഡീഷണൽ സെഷൻസ് ജഡ്ജി ക്ഷുഭിതനായി സംസാരിച്ചു. ഇടിച്ച വാഹനത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ നിന്ന് മായ്ച്ചുകളയാൻ പൊലീസ് നിർബന്ധിച്ചെന്നും ബന്ധുക്കൾ ആരോപിച്ചു.

## Article Content

 ഉന്നത സ്വാധീനമുള്ളതിനാൽ കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ചേരാനല്ലൂരിൽ അഡീഷണൽ സെഷൻസ് ജഡ്ജിയുടെ മകൻ ഓടിച്ച കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. പൊലീസ് സ്റ്റേഷനിൽ അഡീഷണൽ സെഷൻസ് ജഡ്ജി ക്ഷുഭിതനായി സംസാരിച്ചു. ഇടിച്ച വാഹനത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ നിന്ന് മായ്ച്ചുകളയാൻ പൊലീസ് നിർബന്ധിച്ചെന്നും ബന്ധുക്കൾ ആരോപിച്ചു.

പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ വാഹനമോടിച്ച 17 കാരന്റെ പിതാവായ അഡിഷണൽ സെഷൻസ് ജഡ്ജി ക്ഷുഭിതനായി സംസാരിച്ചെന്ന് മരിച്ച ജയബാലകൃഷ്ണന്റെ ബന്ധുക്കൾ പറയുന്നു. ഉന്നത സ്വാധീനമുള്ളതിനാൽ കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുണ്ട്. നിയമ പോരാട്ടവുമായി മുന്നോട്ടു പോകുമെന്നും കുടുംബം വ്യക്തമാക്കി.

17 വയസുകാരന് വണ്ടി കൊടുത്തുവിടാൻ പാടുണ്ടോ എന്ന ചോദ്യത്തിന് അഹങ്കാരത്തോടെയായിരുന്നു പിതാവിന്റെ മറുപടി. അഹങ്കാരം സഹിക്കാൻ പറ്റില്ല. ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ എന്തിന് വണ്ടി കൊടുത്തുവിട്ടു. ആദ്യമായിട്ടാണ് വണ്ടി ഓടിച്ചതെന്ന് പറയുന്നു. ഇതുവരെ കൊടുത്തിട്ടില്ല എന്നും പറയുന്നു.

മൂന്ന് മക്കളുടെ അച്ഛനാണ് മരിച്ചത്. ഞങ്ങൾ നടപടിയുമായി മുന്നോട്ട് പോകും. നിങ്ങൾ ചോദ്യം ചെയ്യണ്ട എന്ന് പറഞ്ഞു. ഞങ്ങളെ തല്ലാൻ എന്ന രീതിയിൽ മുഷ്ടി ചുരുട്ടിയാണ് അടുത്തേക്ക് വന്നത് – ബന്ധു പറഞ്ഞു.

അപകടം ഉണ്ടാക്കിയ വാഹനത്തിന്റെ ദൃശ്യങ്ങൾ എടുത്തത് പൊലീസ് തന്നെ ഡിലീറ്റ് ചെയ്യിപ്പിച്ചു എന്ന് മരിച്ച ജയബാലകൃഷ്ണന്റെ സഹോദരൻ സെൽവരാജ് ആരോപിച്ചു. ദൃശ്യങ്ങൾ എടുക്കാൻ പാടില്ല എന്ന് ജഡ്ജിയും പറഞ്ഞു.

അന്വേഷണം കൃത്യമായി തന്നെ നടക്കുമെന്നാണ് പൊലീസ് നിലപാട്. ലൈസൻസ് ഇല്ലാത്ത മകന് വാഹനമോടിക്കാൻ നൽകിയതിൽ അഡിഷണൽ സെഷൻസ് ജഡ്ജിക്കെതിരെ കേസ് എടുക്കാൻ സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388684/cheranalloor-additional-sessions-judge-son-car-hit-jayabalakrishnan-family-case-overturn-allegation)