---
title: "പുന്നോല്‍ ഹരിദാസന്‍ വധക്കേസ് ; അധ്യാപിക അറസ്റ്റില്‍"
english_title: "Teacher arrested for hiding in Punnol Haridasan murder case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38871/teacher-arrested-for-hiding-in-punnol-haridasan-murder-case"
published_at: "2022-04-23T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62636e1fa7684_Screenshot_2022-04-23-08-40-06-666_com.android.chrome.jpg"
keywords: []
---

# പുന്നോല്‍ ഹരിദാസന്‍ വധക്കേസ് ; അധ്യാപിക അറസ്റ്റില്‍

> **Lead Summary:** കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസന്‍ വധക്കേസില്‍ പ്രതിക്ക് ഒളിത്താവളമൊരുക്കിയ അധ്യാപിക അറസ്റ്റില്‍.

## Article Content

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസന്‍ വധക്കേസില്‍ പ്രതിക്ക് ഒളിത്താവളമൊരുക്കിയ അധ്യാപിക അറസ്റ്റില്‍.

കേസിലെ പ്രധാന പ്രതികളിലൊരാളായ നിജില്‍ ദാസിന്(38) വീട്ടില്‍ ഒളിവില്‍ താമസിക്കാന്‍ സൗകര്യം ചെയത വീട്ടുടമസ്ഥന്‍ പ്രശാന്തിന്റെ ഭാര്യ പിഎം രേഷ്മയെ(42) ആണ് അറസ്റ്റ് ചെയ്തത്. പുന്നോല്‍ അമൃത വിദ്യാലയം അധ്യാപികയാണ് അറസ്റ്റിലായ രേഷ്മ. നിജില്‍ ദാസിനെയും പൊലീസ് പിടികൂടിയിരുന്നു. സിപിഎം സ്വാധാനമേഖലയായ പിണറായിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സമീപത്താണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ വീടിന് നേരെ ബോംബേറുണ്ടായി. വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്ത ശേഷം 2 ബോംബുകള്‍ എറിഞ്ഞതായി പൊലീസ് പറഞ്ഞു. രാത്രി പതിനൊന്നോടെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി.

പിണറായി പാണ്ട്യാലമുക്കിലെ രയരോത്ത് പൊയില്‍ മയില്‍പ്പീലി എന്ന വീട്ടിലാണ് പ്രതി ഒളിവില്‍ കഴിഞ്ഞത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30നാണ് പ്രതിയെ പിടികൂടിയത്. രണ്ട് മാസമായി പ്രതി ഒളിവിലായിരുന്നു. രേഷ്മ വഴിയാണു വീട്ടില്‍ താമസിക്കാന്‍ നിഖിലിന് അവസരം ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 21ന് ആണു ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ 14-ാം പ്രതിയാണു നിഖില്‍. കേസില്‍ രണ്ട് കൂടി അറസ്റ്റിലാകാനുണ്ട്.

ഫെബ്രുവരി 21 തിങ്കളാഴ്ച പുലര്‍ച്ചെയാണ് തലശ്ശേരി പുന്നോല്‍ സ്വദേശി ഹരിദാസിനെ 2 ബൈക്കുകളിലായി എത്തിയ നാലംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സ്വന്തം വീടിന് മുന്നില്‍ വച്ച്‌ ഇരുപതോളം വെട്ടേറ്റ ഹരിദാസ് ആശുപത്രിയില്‍ എത്തുന്നതിന് മുമ്ബേ മരിച്ചു. കൊലപാതകത്തിന് പിന്നാലെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇരുപതോളം വെട്ടേറ്റാണ് ഹരിദാസന്‍ കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

കൊല നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഗൂഢാലോചനയില്‍ പങ്കെടുത്ത ബിജെപി വാര്‍ഡ് കൗണ്‍സിലര്‍ ലിജേഷ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയില്‍ എടുത്തു. സിറ്റി പൊലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ കൊലയാളികള്‍ക്കായി പരിശോധന ശക്തമാക്കി. അടുത്ത ദിവസം തന്നെ ഗൂഢാലോചനയില്‍ പങ്കെടുത്ത 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരയോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും പിന്നെ അന്വേഷണം തണുപ്പന്‍ മട്ടിലായിരുന്നു. ആദ്യഘട്ടത്തില്‍ ഉണ്ടായ ആവേശം പൊലീസിന് ഇല്ലാതായി.

കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടതെന്ന് സംശയിക്കുന്ന നിജില്‍ ദാസിനെ കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു.. ഇതിനിടെ ലിജേഷിന്‍റെ ബന്ധുവായ പൊലീസുകാരനിലേക്കും അന്വേഷണം നീണ്ടു. ആത്മജന്‍ എന്നയാളുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഹരിദാസനെ കൊലപ്പെടുത്തിയതെന്ന് സിപിഎം കേന്ദ്രങ്ങള്‍ ആരോപിക്കുന്നുവെങ്കിലും ഈ വാദം പൊലീസ് തള്ളിക്കളയുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38871/teacher-arrested-for-hiding-in-punnol-haridasan-murder-case)