---
title: "സംസ്ഥാനത്ത് വരുന്ന അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് ;ഒന്നു മുതല്‍ ഒമ്ബതു വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ ഏപ്രില്‍ 27ന് ആരംഭിക്കും"
english_title: "The entrance ceremony for the coming academic year in the state is on June 1"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38885/the-entrance-ceremony-for-the-coming-academic-year-in-the-state-is-on-june-1"
published_at: "2022-04-23T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626392e7e3d60_images (14).jpeg"
keywords: []
---

# സംസ്ഥാനത്ത് വരുന്ന അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് ;ഒന്നു മുതല്‍ ഒമ്ബതു വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ ഏപ്രില്‍ 27ന് ആരംഭിക്കും

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം ജൂണ്‍ ഒന്നിനു നടക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ഒന്നു മുതല്‍ ഒമ്ബതു വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ ഏപ്രില്‍ 27ന് ആരംഭിക്കും.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം ജൂണ്‍ ഒന്നിനു നടക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ഒന്നു മുതല്‍ ഒമ്ബതു വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ ഏപ്രില്‍ 27ന് ആരംഭിക്കും.

സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങ് തിരുവനന്തപുരത്ത് നടക്കും. കോവിഡ് കാലത്ത് പുറത്തിറക്കിയ 'തിരികെ സ്‌കൂളിലേക്ക്' എന്ന മാര്‍ഗരേഖ പാലിച്ചാകും പ്രവേശനോത്സവമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

2017 - 18 മുതല്‍ 2021 - 22 വരെയുള്ള അധ്യയന വര്‍ഷങ്ങളിലായി സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുതുതായി 9,34310 വിദ്യാര്‍ഥികള്‍ പുതുതായി പ്രവേശനം നേടിയെന്നു മന്ത്രി ചൂണ്ടിക്കാട്ടി. അക്കാദമിക മെച്ചപ്പെടലിനു മുന്‍തൂക്കം നല്‍കിയാണ് അടുത്ത അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. അധ്യയന രീതിയില്‍ കാലാനുസൃതമായ മാറ്റം വരുത്തും. കാലികമായ അറിവുകള്‍ വിദ്യാര്‍ഥികള്‍ക്കു പകര്‍ന്നുനല്‍കാന്‍ അധ്യാപകരെ പര്യാപ്തരാക്കുംവിധം പ്രത്യേക പരിശീലന പരിപാടി വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ചു നടപ്പാക്കും.

മേയ് രണ്ടാമത്തെ ആഴ്ച മുതല്‍ അവസാനത്തെ ആഴ്ചവരെയാകും പരിശീലനം. ഇതിന്റെ മൊഡ്യൂള്‍ തയാറാക്കാന്‍ എസ്.സി.ഇ.ആര്‍.ടിയുടെ റിസോഴ്സ് ഗ്രൂപ്പില്‍പ്പെട്ട 150 പേരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ സംസ്ഥാന റിസോഴ്സ് ഗ്രൂപ്പില്‍പ്പെട്ട തൊള്ളായിരത്തിലധികം അധ്യാപകര്‍ക്കു പരിശീലനം നല്‍കും. സ്റ്റേറ്റ് റിസോഴ്സ് പേഴ്സണായ അധ്യാപകര്‍ ജില്ലകളിലെ 6,200 പേര്‍ക്കു പരിശീലനം നല്‍കും. തുടര്‍ന്ന് ലോവര്‍ പ്രൈമറി വിഭാഗത്തില്‍പ്പെട്ട 58,000 അധ്യാപകര്‍ക്കും അപ്പര്‍ പ്രൈമറി വിഭാഗത്തില്‍പ്പെട്ട നാല്‍പ്പതിനായിരത്തിലധികം അധ്യാപകര്‍ക്കും ഹൈസ്‌കൂള്‍ വിഭാഗത്തില്‍പ്പെട്ട 44000ല്‍പ്പരം അധ്യാപകര്‍ക്കും പരിശീലനം നല്‍കും.

അധ്യാപക പരിശീലനത്തിനുള്ള ക്രമീകരണങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും. ഇതിനായുള്ള ഓണ്‍ലൈന്‍ ട്രെയിനിങ് മാനേജ്മെന്റ് സിസ്റ്റം കൈറ്റ് തയാറാക്കുന്നുണ്ട്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍, ഷെഡ്യൂളിങ്, അറ്റന്‍ഡന്‍സ്, ബാച്ച്‌ തിരിക്കല്‍, പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് തയാറാക്കല്‍ തുടങ്ങിയവയും പരിശീലനത്തിന്റെ ഫീഡ് ബാക്ക് ശേഖരിക്കുന്നതിനുള്ള സൗകര്യവും ഉള്‍പ്പെടുത്തിയാകും പോര്‍ട്ടല്‍ തയാറാക്കുന്നത്. ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലെ 1,34,000 അധ്യാപകര്‍ക്കാണു പരിശീലനം നല്‍കുന്നത്. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കു പ്രത്യേകം പരിശീലനം നല്‍കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38885/the-entrance-ceremony-for-the-coming-academic-year-in-the-state-is-on-june-1)