---
title: "പട്ടുവം മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കളക്ടറുടെ ഇടപെടൽ; റാഗിങ്ങിനെതിരെ കർശന നടപടി"
english_title: "Pattuvam MRS Student Issues: Collector Chairs Meeting, Strict Action on Ragging"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389012/pattuvam-mrs-collector-intervention-ragging-infrastructure-development"
published_at: "2026-10-27T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae08cdb6df30_865045021_3260573984136736_7968540328328894586_n.jfif"
keywords: ["Pattuvam MRS", "Kannur District Collector", "Kalam Programme", "Ragging Prevention"]
---

# പട്ടുവം മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കളക്ടറുടെ ഇടപെടൽ; റാഗിങ്ങിനെതിരെ കർശന നടപടി

> **Lead Summary:** കണ്ണൂർ: പട്ടുവം മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ (എം.ആർ.എസ്) 'കളം' പരിപാടിയിൽ വിദ്യാർത്ഥികൾ ഉന്നയിച്ച പരാതികൾ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുടെ ചേംബറിൽ പ്രത്യേക യോഗം ചേർന്നു. വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും കർശന നിർദ്ദേശങ്ങളാണ് യോഗത്തിൽ ഉയർന്നുവന്നത്.

## Article Content

കണ്ണൂർ: പട്ടുവം മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ (എം.ആർ.എസ്) 'കളം' പരിപാടിയിൽ വിദ്യാർത്ഥികൾ ഉന്നയിച്ച പരാതികൾ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുടെ ചേംബറിൽ പ്രത്യേക യോഗം ചേർന്നു. വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും കർശന നിർദ്ദേശങ്ങളാണ് യോഗത്തിൽ ഉയർന്നുവന്നത്.

സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്യുന്നത് തടയാൻ കർശന നടപടികൾ സ്വീകരിക്കും. ഹോസ്റ്റലിൽ വിദ്യാർത്ഥികളുടെ അച്ചടക്കവും സുരക്ഷയും ഉറപ്പാക്കാൻ പ്രത്യേക ഡിസിപ്ലിനറി ഇൻ-ചാർജ്ജ് ഓഫീസറെ നിയമിക്കുന്നത് പരിഗണിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹോസ്റ്റൽ, മെസ് എന്നിവയിലെ പരിമിതികൾ ഉടൻ പരിഹരിക്കാനും ആവശ്യത്തിന് കമ്പ്യൂട്ടറുകൾ, സയൻസ് ലാബ് സൗകര്യങ്ങൾ, പുതിയ കെട്ടിട സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കാനും തീരുമാനമായി.

കുട്ടികളുടെ കായിക വികാസത്തിനായി ക്രിക്കറ്റ്, ബാസ്‌ക്കറ്റ് ബോൾ, തൈക്വാണ്ടോ, ടേബിൾ ടെന്നിസ് എന്നിവയിൽ വിദഗ്ദ്ധ പരിശീലകരെ നിയമിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. വിവിധ കായിക മത്സരങ്ങളിൽ കുട്ടികൾക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കും. സ്കൂളിൽ പുതിയ സ്റ്റേജ് നിർമ്മിക്കുന്നതിനാവശ്യമായ തുക പട്ടികവർഗ്ഗ വികസന വകുപ്പ് ലഭ്യമാക്കും.

വായനാമുറി കൂടുതൽ ശക്തിപ്പെടുത്തുകയും നിലവിൽ എല്ലാ ക്ലാസുകളിലും ദിനപത്രങ്ങൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ക്വിസ് മത്സരങ്ങൾ ഉൾപ്പെടെയുള്ള വിജ്ഞാനപ്രദമായ പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കും. അധ്യാപകരുടെ സേവനത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത അച്ചടക്ക നടപടിയുണ്ടാകും. കുട്ടികളുമായി ഊഷ്മളമായ സൗഹൃദം കാത്തുസൂക്ഷിക്കാനും തെറ്റായ പ്രവണതകൾ യഥാസമയം തിരുത്താനും അധ്യാപകർ സജീവമായി ഇടപെടണം. യോഗ തീരുമാനങ്ങളുടെ പുരോഗതി വിലയിരുത്താൻ വരുംദിവസങ്ങളിൽ തുടർ അവലോകനങ്ങൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389012/pattuvam-mrs-collector-intervention-ragging-infrastructure-development)