---
title: "ചേരാനല്ലൂർ വാഹനാപകടക്കേസ്: നാല് പൊലീസുകാർക്ക് സസ്‌പെൻഷൻ"
english_title: "Kochi Benz Car Hit Middle Aged Man Died Incident FIR Filing Lapse Ernakulam Cheranellur Police Station Officers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389014/cheranallur-accident-case-four-police-suspended-sho-viswajith-ci-shyam-kumar-si-manoj-cpo-arunjith-ramesh-chennithala"
published_at: "2026-10-27T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae08cdb62a63_1000242752.jpg"
keywords: ["Cheranallur Accident Case", "Police Suspension", "Ramesh Chennithala"]
---

# ചേരാനല്ലൂർ വാഹനാപകടക്കേസ്: നാല് പൊലീസുകാർക്ക് സസ്‌പെൻഷൻ

> **Lead Summary:** **കൊച്ചി: **ബെൻസ് കാർ ഇടിച്ച് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ എഫ്ഐആർ ഇടുന്നതിൽ വീഴ്ച വരുത്തിയ എറണാകുളം ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി. നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

## Article Content

**കൊച്ചി: **ബെൻസ് കാർ ഇടിച്ച് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ എഫ്ഐആർ ഇടുന്നതിൽ വീഴ്ച വരുത്തിയ എറണാകുളം ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി. നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

എസ്എച്ച്ഒയും എസ്ഐയും ഉൾപ്പെടെയുള്ള നാല് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. നിയമസഭയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

എസ്എച്ച്ഒ വിശ്വജിത്ത്, സിഐ ശ്യാം കുമാർ, ഗ്രേഡ് എസ്‌ഐ മനോജ്, സിപിഒ അരുൺജിത്ത് എന്നിവർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടായെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിലും ആവർത്തിച്ചതിന് പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്.

എഡിജിപി പി വിജയൻ മരിച്ച ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് ശക്തമായ നടപടിയുണ്ടാകുമെന്ന് വീട്ടുകാർക്ക് ഉറപ്പുനൽകുകയും ചെയ്തിരുന്നു.

അതേസമയം, 17 കാരന്റെ ജാമ്യം റദ്ദാക്കാനാണ് പൊലീസ് നീക്കം. നരഹത്യ കുറ്റം ചുമത്തി കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ ഇയാൾക്ക് ജൂവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ചിരുന്നു.

ഇതിനെതിരെയാണ് ചേരാനല്ലൂർ പൊലീസ് എറണാകുളം സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയത്. ജഡ്ജിയുടെ മകനെ ജാമ്യത്തിൽ വിട്ടയച്ചത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നാണ് പൊലീസ് വാദം.

ഇന്നലെ കേസിൽ പ്രതി ചേർത്തതിന് പിന്നാലെ 17 കാരന്റെ പിതാവായ ജഡ്ജിയെ കമ്പനിപ്പടിയിലെ ഫ്ലാറ്റിൽ എത്തി പൊലീസ് വിവരങ്ങൾ തേടി. തന്റെ അറിവോടെയല്ല മകൻ വാഹനം ഓടിച്ചതെന്നാണ് ജഡ്ജിയുടെ നിലപാട്. എന്നാൽ കോടതിയുടെ അനുമതി ഇല്ലാതെ തന്റെ മൊഴി ഔദ്യോഗികമായി രേഖപ്പെടുത്താൻ കഴിയില്ല എന്നും ജഡ്ജി പൊലീസിനോട് പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തിൽ അനുമതി വാങ്ങിയ ശേഷം ജഡ്ജിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിശദമായ മൊഴി രേഖപ്പെടുത്തും. ഔദ്യോഗിക കാര്യത്തിനല്ലാതെ ജഡ്ജി പൊലീസ് സ്റ്റേഷനിൽ എത്തിയത് ജുഡീഷ്യറിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് റിപ്പോർട്ട്. ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഹൈക്കോടതി അച്ചടക്ക സമിതി റിപ്പോർട്ട് പരിശോധിച്ച ശേഷം അഡീഷണൽ സെക്ഷൻസ് ജഡ്ജിക്കെതിരെ നടപടിയെടുക്കും.

.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389014/cheranallur-accident-case-four-police-suspended-sho-viswajith-ci-shyam-kumar-si-manoj-cpo-arunjith-ramesh-chennithala)