---
title: "ഭൂരഹിതരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും:  മന്ത്രി കെ രാജൻ"
english_title: "K rajan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38912/k-rajan"
published_at: "2022-04-23T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6263b42dbf5f8_Picsart_22-04-23_13-38-46-854.jpg"
keywords: []
---

# ഭൂരഹിതരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും:  മന്ത്രി കെ രാജൻ

> **Lead Summary:** കൂത്തുപറമ്പ്: ഭൂരഹിതരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സർക്കാറിൻ്റെ ലക്ഷ്യമെന്ന് റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. കൂത്തുപറമ്പ് സിറ്റി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കൂത്തുപറമ്പ് പട്ടയമേള ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

കൂത്തുപറമ്പ്: ഭൂരഹിതരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സർക്കാറിൻ്റെ ലക്ഷ്യമെന്ന് റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. കൂത്തുപറമ്പ് സിറ്റി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കൂത്തുപറമ്പ് പട്ടയമേള ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടാം പിണറായി സർക്കാറിൻ്റെ ഒന്നാം വാർഷികാഘോഷ വേളയിൽ നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി 225 ലേറെ പരിപാടികളാണ് റവന്യൂ വകുപ്പ് നടത്തിയത്.നിരവധികളായ പദ്ധതികൾ നിർവ്വഹിക്കപ്പെടേണ്ട ഘട്ടമാണിത്.

എം എൽ എ മാരെയും റവന്യൂ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ജില്ലാതല റവന്യു അസംബ്ലി വിളിച്ച് ചേർത്താണ് ഭൂരഹിതരെ കണ്ടെത്തുന്നതിനും പട്ടയ വിതരണം നടത്തുന്നതിനും പദ്ധതി തയ്യാറാക്കിയത്.

കൂത്തുപറമ്പിൽ മാത്രം 1037 പട്ടയങ്ങളാണ് വിതരണം ചെയ്തത്.1037 കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമിയുടെ അവകാശം ലഭിച്ചു. എന്നാണിതിനർത്ഥം. ചരിത്രനേട്ടമാണിത്. എല്ലാവർക്കും ഭൂമി എല്ലാവർക്കും വീട് എന്നതാണ് രണ്ടാം പിണറായി സർക്കാറിൻ്റെ മുദ്രാവാക്യം ഇത് നടപ്പാക്കാനുള്ള പ്രവർത്തനമാണ് റവന്യു വകുപ്പ് നടത്തുന്നത് മന്ത്രി കെ രാജൻ പറഞ്ഞു.

കെ പി മോഹനൻ എം എൽ എ അധ്യക്ഷത വഹിച്ചു. പട്ടയ വിതരണത്തിന് പുതിയ മുഖം നൽകിയ സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും ഇത് സാധാരണക്കാരായ കർഷകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും കെപി മോഹനൻ എം എൽ എ പറഞ്ഞു.

രാജ്യസഭാ അംഗം അഡ്വ.പി സന്തോഷ് കുമാർ വിശിഷ്ട സാന്നിധ്യമായി. തെരഞ്ഞെടുത്ത 18 പേർക്കാണ് വേദിയിൽ വച്ച് പട്ടയം നൽകിയത്. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, തലശേരി സബ് കലക്ടർ അനുകുമാരി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38912/k-rajan)