---
title: "മദ്യപിച്ച് വണ്ടിയോടിക്കുന്നവർ ജാഗ്രത; 7 ദിവസം കൊണ്ട് 6939 കേസുകൾ, 2034 പേരുടെ ലൈസൻസ് റദ്ദാകും"
english_title: "Drunk Driving Crackdown Kerala 6939 Cases 2034 Licenses To Be Cancelled"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389401/drunk-driving-crackdown-kerala-6939-cases-2034-licenses-to-be-cancelled"
published_at: "2026-10-30T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae429df341a2_1000371166.jpg"
keywords: ["Drunk Driving", "Traffic Police", "Kerala Police"]
---

# മദ്യപിച്ച് വണ്ടിയോടിക്കുന്നവർ ജാഗ്രത; 7 ദിവസം കൊണ്ട് 6939 കേസുകൾ, 2034 പേരുടെ ലൈസൻസ് റദ്ദാകും

> **Lead Summary:** **തിരുവനന്തപുരം**: മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം നടത്തിയ സംസ്ഥാന വ്യാപക പരിശോധനയിൽ 6939 കേസുകൾ രജിസ്റ്റർ ചെയ്തു. മദ്യപിച്ച് വണ്ടിയോടിച്ച 2034 പേരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്തു.

## Article Content

**തിരുവനന്തപുരം**: മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം നടത്തിയ സംസ്ഥാന വ്യാപക പരിശോധനയിൽ 6939 കേസുകൾ രജിസ്റ്റർ ചെയ്തു. മദ്യപിച്ച് വണ്ടിയോടിച്ച 2034 പേരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്തു.

ഒക്ടോബർ 20 മുതൽ 27 വരെ 'ഡ്രൈവ് സോബർ - സ്റ്റേ എലൈവ്' എന്ന പേരിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് നടപടി. ആകെ 1,50,621 വാഹനങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് എറണാകുളം റൂറലിലാണ് - 678. കൊല്ലം സിറ്റിയിൽ 619, തിരുവനന്തപുരം റൂറലിൽ 585, പാലക്കാട് 584, കോട്ടയത്ത് 528 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.

ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ ഏറ്റവും കൂടുതൽ ശുപാർശ നൽകിയത് കോട്ടയം ജില്ലയിലാണ് - 507. കൊല്ലം സിറ്റിയിൽ 390, ആലപ്പുഴയിൽ 244, തൃശൂർ സിറ്റിയിൽ 148, കോഴിക്കോട് റൂറലിൽ 142 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.

മദ്യപിച്ച് വാഹനമോടിക്കുന്നത് മൂലമുണ്ടാകുന്ന റോഡ് അപകടങ്ങളും മരണങ്ങളും കുറയ്ക്കുക, ഉത്തരവാദിത്തത്തോടെയുള്ള വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു പരിശോധന. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഇൻസ്പെക്ടർ ജനറലിന്റെ മേൽനോട്ടത്തിൽ, ജില്ലാ പൊലീസ് മേധാവിമാർ, ട്രാഫിക് സോണൽ എസ്പിമാർ, എൻഫോഴ്സ്മെന്റ് വിഭാഗം എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ഡ്രൈവ് നടത്തിയത്.

നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 'ശുഭയാത്ര' വാട്സ്ആപ്പ് നമ്പറായ 9747001099 വഴി പൊതുജനങ്ങൾക്ക് വിവരം നൽകാം. നിയമലംഘനങ്ങളുടെ ഫോട്ടോ, ഓഡിയോ, വീഡിയോ എന്നിവയോടൊപ്പം ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിന്റെ നമ്പർ എന്നിവയും അയക്കേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389401/drunk-driving-crackdown-kerala-6939-cases-2034-licenses-to-be-cancelled)