---
title: "ക്ഷേത്രത്തിലേക്കുള്ള റോഡ് ചെങ്കല്ല് കെട്ടി അടച്ചതിൽ വ്യാപക പ്രതിഷേധം"
english_title: "Temple Road Laterite Stone Built Closed Widespread Protest Famous Aduthila Anandeswaram Mahavishnu Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389457/temple-road-laterite-blocked-protest-aduthila-anandeswaram-mahavishnu-temple-paranthatt-panchayat-road-cpm-highcourt-collector-order"
published_at: "2026-10-30T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae457412435f_1000243091.jpg"
keywords: ["Temple Road", "Panchayat Road Closed", "Pazhayangadi Police"]
---

# ക്ഷേത്രത്തിലേക്കുള്ള റോഡ് ചെങ്കല്ല് കെട്ടി അടച്ചതിൽ വ്യാപക പ്രതിഷേധം

> **Lead Summary:** **കണ്ണൂർ :** ക്ഷേത്രത്തിലേക്കുള്ള റോഡ് ചെങ്കല്ല് കെട്ടി അടച്ചതിൽ വ്യാപക പ്രതിഷേധം.പ്രസിദ്ധമായ അടുത്തില ആനന്ദേശ്വരം മഹാവിഷ്ണുക്ഷേത്രം (പാറന്തട്ട അമ്പലം)ത്തിലേക്കുള്ള പഞ്ചായത്ത് റോഡ് രാത്രിയുടെ മറവിൽ ഒരു സംഘം സിപിഎം പ്രവർത്തകർ അടച്ചു.

## Article Content

**കണ്ണൂർ :** ക്ഷേത്രത്തിലേക്കുള്ള റോഡ് ചെങ്കല്ല് കെട്ടി അടച്ചതിൽ വ്യാപക പ്രതിഷേധം.പ്രസിദ്ധമായ അടുത്തില ആനന്ദേശ്വരം മഹാവിഷ്ണുക്ഷേത്രം (പാറന്തട്ട അമ്പലം)ത്തിലേക്കുള്ള പഞ്ചായത്ത് റോഡ് രാത്രിയുടെ മറവിൽ ഒരു സംഘം സിപിഎം പ്രവർത്തകർ അടച്ചു.

ഇന്നലെ രാത്രിയിലാണ് സംഭവം. ഇന്ന് പുലർച്ചെ ക്ഷേത്രത്തിലേക്കു പോകുകയായിരുന്ന ഭക്തരാണ് സംഭവം കണ്ടത്.

ക്ഷേത്ര പ്രവേശന കവാടം റോഡ് ഒരു സംഘം അടച്ചതിൽ പ്രദേശത്ത് വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. ഇന്നലെ രാത്രി 12 മണി വരെ ക്ഷേത്രജീവനക്കാരും മറ്റും ക്ഷേത്രാവശ്യങ്ങൾക്കായി ഇവിടെ ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് സംഭവം.

അടുത്തില ആനന്ദേശ്വരം മഹാവിഷ്ണുക്ഷേത്രം പ്രധാനദേവന്റെയും ഉപദേവന്റെയും ക്ഷേത്രത്തിന് മധ്യേ ക്ഷേത്ര ഭൂമി കയ്യേറി സ്വകാര്യവ്യക്തികൾ ചേർന്ന് റോഡ് നിർമ്മിച്ചത് ഏറെ വിവാദമായിരുന്നു. ഇതിനെ തുടർന്ന് ക്ഷേത്ര സംബന്ധമായ കേസ് ഹൈക്കോടതിയിൽ എത്തിയിരുന്നു.

ക്ഷേത്ര ഭൂമി കയ്യേറി നിർമ്മിച്ച റോഡ് പൂർവ്വസ്ഥിതിയിലാക്കാനുള്ള ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് റവന്യു അധികൃതർ അത് നടപ്പാക്കുകയും ചെയ്തു. തർക്കത്തെ തുടർന്ന് നേരത്തെ ക്ഷേത്രം ഭാരവാഹികൾ ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ കോടതി ജില്ലാ കളക്ടർക്ക് നിർദേശവും നൽകിയിരുന്നു.

ക്ഷേത്ര നട കയ്യേറിയെന്ന് പറയുന്ന സ്ഥലം പുനഃസ്ഥാപിക്കാൻ കളക്ടർ ഉത്തരവ് നൽകിയിരുന്നു. കളക്ടറുടെ ഉത്തരവ് നടപ്പിലാക്കിയതിന് പിന്നാലെയാണ് ക്ഷേത്രത്തിലേക്ക് പഞ്ചായത്ത് നിർമ്മിച്ച റോഡ് സിപിഎമ്മുകാർ രാത്രിയുടെ മറവിൽ ചെങ്കല്ല് കെട്ടി അടച്ചത്.

സമീപത്ത് നിർമ്മിച്ച എകെജി വായനശാല കെട്ടിടം ക്ഷേത്രഭൂമി കയ്യേറി കൂടുതൽ കടത്തി കെട്ടിയിരിക്കുകയാണ്. ഒന്നര അടി മുതൽ നാലടി വരെ വീതിയിൽ 30 അടി നീളത്തിലാണ് ക്ഷേത്രഭൂമി കയ്യേറി വായനശാല കെട്ടിടം നിർമ്മിച്ചത്.

ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ കെ വിനോദ്കുമാർ, സംസ്ഥാന സമിതി അംഗം സി നാരായണൻ, ജില്ലാ വൈസ് പ്രസിഡന്റ് എ വി സനൽ, മാടായി മണ്ഡലം പ്രസിഡന്റ് സുജിത്ത് വടക്കൻ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.

പൊതു റോഡ് അടച്ചതിന് പഞ്ചായത്തിലും പഴയങ്ങാടി പോലീസിലും ക്ഷേത്രഭാരവാഹികൾ പരാതി നൽകി. തുടർന്ന് പോലീസ് എത്തി കെട്ടിയ ചെങ്കല്ലുകൾ മുഴുവൻ നീക്കം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389457/temple-road-laterite-blocked-protest-aduthila-anandeswaram-mahavishnu-temple-paranthatt-panchayat-road-cpm-highcourt-collector-order)