---
title: "കണ്ണൂരിൽ കിഫ്ബി മുഖേന ഭൂമി ഏറ്റെടുത്തതിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ"
english_title: "KIFB Land Acquisition Kannur Vigilance Probe Government Order"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389540/kifb-land-acquisition-kannur-vigilance-probe-government-order"
published_at: "2026-10-31T07:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5453a8f053_1000372386.jpg"
keywords: ["KIFB", "Land Acquisition", "Vigilance Probe"]
---

# കണ്ണൂരിൽ കിഫ്ബി മുഖേന ഭൂമി ഏറ്റെടുത്തതിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

> **Lead Summary:** തിരുവനന്തപുരം: കണ്ണൂരിൽ കിഫ്ബി മുഖേന ഭൂമി ഏറ്റെടുത്തതിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിറങ്ങി. കണ്ണൂർ ജില്ലയിൽ 4896 ഏക്കർ ഭൂമി 12,240 കോടി രൂപ ചെലവഴിച്ച് ഏറ്റെടുക്കുന്നതിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ വീഴ്ച സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് സംസ്ഥാന വിജിലൻസിനെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു.

## Article Content

തിരുവനന്തപുരം: കണ്ണൂരിൽ കിഫ്ബി മുഖേന ഭൂമി ഏറ്റെടുത്തതിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിറങ്ങി. കണ്ണൂർ ജില്ലയിൽ 4896 ഏക്കർ ഭൂമി 12,240 കോടി രൂപ ചെലവഴിച്ച് ഏറ്റെടുക്കുന്നതിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ വീഴ്ച സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് സംസ്ഥാന വിജിലൻസിനെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു.

കിഫ്ബിയുടെ 33-ാമത് യോഗ തീരുമാനപ്രകാരം പാലക്കാട് (470 ഏക്കർ), കണ്ണൂർ (4896 ഏക്കർ) എന്നീ ജില്ലകളിൽ 5336 ഏക്കർ ഭൂമി 12,710 കോടി രൂപ ചെലവഴിച്ച് ഏറ്റെടുക്കാൻ അംഗീകാരം നൽകിയിരുന്നു. ഏറ്റെടുക്കാൻ ഉദ്ദേശിച്ചിരുന്ന വിപുലമായ ഭൂവിസ്തൃതിയുടെ ആവശ്യകതയും സാമ്പത്തിക പ്രായോഗികതയും ന്യായീകരിക്കുന്ന സമഗ്രമായ ചെലവ്-നേട്ട വിശകലനമോ വ്യക്തവും ലാഭകരവുമായ വാണിജ്യ പദ്ധതികളോ ഇല്ലാതെ, കിൻഫ്ര സമർപ്പിച്ച ആശയക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തിരുന്നത്.

പൊതുഖജനാവിന് വൻ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന തരത്തിൽ, വ്യക്തമായ വാണിജ്യ പ്രായോഗികമായ പദ്ധതിഘടനയോ സാമ്പത്തിക ന്യായീകരണമോ ഇല്ലാതെ, 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം ഇത്രയും വിപുലമായ രീതിയിൽ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചതിൽ സാമ്പത്തിക ജാഗ്രത, ഉത്തരവാദിത്തം, പൊതുഫണ്ടുകളുടെ വിനിയോഗം എന്നിവ സംബന്ധിച്ച് ഗുരുതരമായ ആശങ്കകൾ ഉടലെടുത്തിട്ടുണ്ടെന്നും വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ഉത്തരവിൽ പറയുന്നത്.

ഭൂമി ഏറ്റെടുക്കുന്നതിനായി സ്വീകരിച്ച യുക്തിയും മാനദണ്ഡങ്ങളും, ഭൂമിയുടെ വിലയും നഷ്ടപരിഹാരവും നിർണയിക്കുന്നതിൽ 2013-ലെ ഭൂമിയേറ്റെടുക്കൽ നിയമം പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ, മൂല്യനിർണയ പ്രക്രിയയിൽ ക്രമക്കേടുകളോ കൃത്രിമങ്ങളോ നടന്നിട്ടുണ്ടോ, ഭൂമി ഏറ്റെടുക്കൽ തീരുമാനത്തെ സ്വാധീനിക്കുന്ന തരത്തിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കോ മറ്റ് നിക്ഷിപ്ത താൽപ്പര്യങ്ങൾക്കോ പങ്കുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

കിഫ്ബിയുടെ ഈ ഭൂമി ഏറ്റെടുക്കൽ തീരുമാനം കിഫ്ബി നിയമത്തിലെ വകുപ്പ് 6F-ന്റെയും 2018-ലെ മാർഗനിർദേശങ്ങളിലെയും വ്യവസ്ഥകൾ പാലിച്ചിട്ടുള്ളതാണോ എന്നതിലും ഗൗരവമായ പരിശോധന ആവശ്യമുണ്ട്. പദ്ധതിക്കായി തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ വരുത്തിയ മാറ്റങ്ങളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കേണമെന്നും പറയുന്നു. വിജിലൻസ് ഡയറക്ടറെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389540/kifb-land-acquisition-kannur-vigilance-probe-government-order)