---
title: "പാങ്ങപ്പാറ കൊലപാതകം ആസൂത്രിതം: കൂടുതൽ പേർക്ക് പങ്കെന്ന് പോലീസ്"
english_title: "Pangappara Murder Planned Police Custody Three Abhiram Case Update"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390002/pangappara-murder-planned-police-three-custody-update"
published_at: "2026-11-03T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae96c8670b9b_1000377409.jpg"
keywords: ["Pangappara Murder", "Thiruvananthapuram", "Police"]
---

# പാങ്ങപ്പാറ കൊലപാതകം ആസൂത്രിതം: കൂടുതൽ പേർക്ക് പങ്കെന്ന് പോലീസ്

> **Lead Summary:** **തിരുവനന്തപുരം**: പാങ്ങപ്പാറയിലെ 17 വയസുകാരന്റെ കൊലപാതകം ആസൂത്രിതമെന്ന കണ്ടെത്തലിൽ പോലീസ്. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം.

## Article Content

**തിരുവനന്തപുരം**: പാങ്ങപ്പാറയിലെ 17 വയസുകാരന്റെ കൊലപാതകം ആസൂത്രിതമെന്ന കണ്ടെത്തലിൽ പോലീസ്. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം.

പരുത്തിപ്പാറ എൻഎസ്എസ് ഹൈസ്കൂൾ വിദ്യാർത്ഥി അഭിരാമിനെയല്ല കൊലപ്പെടുത്താൻ ഉദ്ദേശിച്ചതെന്നും, മറ്റൊരു കുട്ടിയെ അഭിരാം വഴി വിളിച്ചുവരുത്താനാണ് ശ്രമിച്ചതെന്നും കേസിലെ പ്രധാന പ്രതിയായ 17 കാരൻ തെളിവെടുപ്പിനിടെ വെളിപ്പെടുത്തിയിരുന്നു. അഭിരാമുമായി വാക്കുതർക്കം ഉണ്ടാവുകയും കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പ്രതിയായ 17കാരന്റെ നിർണായക വെളിപ്പെടുത്തൽ.

നിലവിൽ മൂന്നു പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. കൊല്ലപ്പെട്ട അഭിരാമിന്റെ സുഹൃത്തായ 17കാരനാണ് കേസിലെ പ്രധാന പ്രതി. പ്രതിയെ ഇന്നലെ തന്നെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് ഫോറെൻസിക് പരിശോധനകളും പൂർത്തിയായിട്ടുണ്ട്.

പുലർച്ചയോടെ കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയതിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

സംഭവത്തിൽ ഉൾപ്പെട്ട പെൺകുട്ടിക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന സംശയത്തിലാണ് പോലീസ്. മറ്റൊരു പ്രതിയായ ഉമർ കാപ്പ കേസ് പ്രതിയാണ്. കഴക്കൂട്ടം, ശ്രീകാര്യം പോലീസ് സ്റ്റേഷനുകളിൽ ഉമറിനെതിരെ മോഷണം, ലഹരി കടത്ത്, അടിപിടി കേസുകളും നിലവിലുണ്ട്.

പ്രണയവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾ തമ്മിൽ ഉണ്ടായ തർക്കമാണ് അരുംകൊലയിലേക്ക് നയിച്ചതെന്ന് സ്ഥിരീകരണമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390002/pangappara-murder-planned-police-three-custody-update)