---
title: "ഇരിക്കൂർ ഉപജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു"
english_title: "Irikkur Sub District Kalolsavam Inaugurated Sajeev Joseph MLA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390118/irikkur-sub-district-kalolsavam-inaugurated-sajeev-joseph-mla"
published_at: "2026-11-04T06:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aea87465a0cd_1000378477.jpg"
keywords: ["Irikkur", "Kalolsavam", "Sajeev Joseph"]
---

# ഇരിക്കൂർ ഉപജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു

> **Lead Summary:** **ഇരിക്കൂർ**: പതിനഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ഇരിക്കൂർ ജി എച്ച് എസ് ആതിഥേയത്വമരുളുന്ന ഉപജില്ലാ കലോത്സവം അഡ്വ. സജീവ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെ മഹനീയമായ ആവിഷ്കാരമാണ് കേരള സ്കൂൾ കലോത്സവമെന്ന് അഡ്വ. സജീവ് ജോസഫ് എം എൽ എ പറഞ്ഞു.

## Article Content

**ഇരിക്കൂർ**: പതിനഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ഇരിക്കൂർ ജി എച്ച് എസ് ആതിഥേയത്വമരുളുന്ന ഉപജില്ലാ കലോത്സവം അഡ്വ. സജീവ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെ മഹനീയമായ ആവിഷ്കാരമാണ് കേരള സ്കൂൾ കലോത്സവമെന്ന് അഡ്വ. സജീവ് ജോസഫ് എം എൽ എ പറഞ്ഞു.

സിനിമാ താരങ്ങളെയും കലാരംഗത്തെ മറ്റു പ്രമുഖരെയും വളർത്തിയെടുക്കുന്നതിൽ കലോത്സവ വേദികൾ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. അന്യം നിന്നുപോകുമെന്ന് കരുതിയിരുന്ന അനുഷ്ഠാന കലകളെ വരുംതലമുറയ്ക്ക് കൈമാറുന്നതിനും കലോത്സവം വലിയ സംഭാവന നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ മുഹമ്മദ് അധ്യക്ഷനായി. ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ പി സുനിൽകുമാർ ചിട്ടപ്പെടുത്തിയ ആകർഷകമായ സംഗീത ശിൽപ്പം വേദിയിൽ അരങ്ങേറി. കലോത്സവ ലോഗോ രൂപകൽപ്പന ചെയ്ത ജ്യോതിഷ് കുമാർ, റീൽസ് മത്സര ജേതാവ് ഹേമന്ദ് ഹരിദാസ് എന്നിവർക്ക് ഉപഹാരങ്ങൾ നൽകി.

ശ്രീകണ്ഠപുരം നഗരസഭ ചെയർമാൻ അഡ്വ.ഇ വി രാമകൃഷ്ണൻ, പടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി ശ്രീജ, ജില്ലാ പഞ്ചായത്തംഗങ്ങളായ ബേബി തോലാനി, പി പി റജി, ബ്ലോക്ക് പഞ്ചായത്തംഗം യു പി അബ്ദുറഹ്മാൻ, ഉപജില്ലാ ഓഫീസർ പി എൻ ഗീത, സ്കൂൾ പ്രിൻസിപ്പാൾ സി റീന, സ്കൂൾ ഹെഡ്മിസ്ട്രസ് ഇ കെ സാജിത തുടങ്ങിയവർ സംസാരിച്ചു.

നാലു ദിവസങ്ങളിൽ പതിനാറ് വേദികളിൽ നടക്കുന്ന മത്സരങ്ങളിൽ നാലായിരത്തിലധികം കുട്ടികൾ പങ്കെടുക്കും. വെള്ളിയാഴ്ച നടക്കുന്ന സമാപന സമ്മേളനം വൈദ്യുതി മന്ത്രി അഡ്വ: സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390118/irikkur-sub-district-kalolsavam-inaugurated-sajeev-joseph-mla)