---
title: "തമിഴ്‌നാട്ടിൽ തിയേറ്ററുകളിൽ പുലർച്ചെ 6 മണി ഷോക്ക് അനുമതി; വിജയ് സർക്കാരിന്റെ ഉത്തരവ്"
english_title: "Tamil Nadu 6 AM Movie Shows Allowed CM Vijay Order Six Shows First Week"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390140/tamil-nadu-6am-movie-shows-allowed-vijay-government-order"
published_at: "2026-11-04T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeab848edee1_1000379124.jpg"
keywords: ["Tamil Nadu", "Vijay", "Theatre Shows"]
---

# തമിഴ്‌നാട്ടിൽ തിയേറ്ററുകളിൽ പുലർച്ചെ 6 മണി ഷോക്ക് അനുമതി; വിജയ് സർക്കാരിന്റെ ഉത്തരവ്

> **Lead Summary:** തമിഴ് സിനിമാ പ്രേമികൾക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സന്തോഷ സമ്മാനം. സംസ്ഥാനത്തെ തിയേറ്ററുകളിൽ പുലർച്ചെ ആറുമണിക്കുള്ള സിനിമാ പ്രദർശനങ്ങൾക്ക് അനുമതിയായി.

## Article Content

തമിഴ് സിനിമാ പ്രേമികൾക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സന്തോഷ സമ്മാനം. സംസ്ഥാനത്തെ തിയേറ്ററുകളിൽ പുലർച്ചെ ആറുമണിക്കുള്ള സിനിമാ പ്രദർശനങ്ങൾക്ക് അനുമതിയായി.

പുതിയ തമിഴ് സിനിമകൾ റിലീസ് ചെയ്യുന്ന ആദ്യ ആഴ്ചയിൽ ദിവസവും ആറ് ഷോകൾ അനുവദിച്ചാണ് വിജയ് ഉത്തരവിറക്കിയത്. പുലർച്ചെ ആറുമണി മുതൽ അടുത്ത ദിവസം പുലർച്ചെ 2.30 വരെ പ്രദർശനം നടത്താം.

2023ൽ നടൻ അജിത്തിന്റെ ‘തുനിവ്’ സിനിമയുടെ റിലീസിനിടെയുണ്ടായ അപകടത്തിന് പിന്നാലെയാണ് തമിഴ്‌നാട്ടിൽ പുലർച്ചെയുള്ള സിനിമാ പ്രദർശനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ആരാധകരുടെ ആഘോഷത്തിനിടെ 19 വയസുകാരൻ മരിച്ചതിനെ തുടർന്നായിരുന്നു നടപടി. തുടർന്ന് ആദ്യ പ്രദർശനം രാവിലെ ഒമ്പത് മണിക്ക് മാത്രമായി നിജപ്പെടുത്തിയിരുന്നു.

തമിഴ് ഫിലിം ആക്ടീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ, തമിഴ്‌നാട് തിയേറ്റർ ആൻഡ് മൾട്ടിപ്ലക്സ് ഓണേഴ്സ് അസോസിയേഷൻ എന്നിവർ ആറ് മണി ഷോക്ക് അനുമതി ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിരുന്നു.

നിലവിൽ തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽ ദിവസവും നാല് പ്രദർശനങ്ങളാണ് ഉള്ളത്. വിജയ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ പുതിയ സിനിമകൾ റിലീസ് ചെയ്യുന്ന ആദ്യ ഏഴ് ദിവസങ്ങളിൽ അഞ്ച് ഷോകൾ അനുവദിച്ചിരുന്നു. പ്രാദേശിക ഉത്സവങ്ങൾ, പൊതു അവധി ദിനങ്ങൾ, ശനി, ഞായർ ദിവസങ്ങളിലും അഞ്ച് പ്രദർശനങ്ങൾക്ക് അനുമതിയുണ്ടായിരുന്നു. പുതിയ ഉത്തരവോടെ ഇത് ആറായി ഉയർത്തിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390140/tamil-nadu-6am-movie-shows-allowed-vijay-government-order)