---
title: "മിനി കൂപ്പർ അപകടത്തിൽ അമിത വേഗത സ്ഥിരീകരിച്ച് കാർ കമ്പനി; ഇടിച്ച സമയത്തെ വേഗത 144 കി.മീ"
english_title: "Mini Cooper Accident Overspeed Confirmed BMW Technical Report 144 Kmph Nedumbassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390416/mini-cooper-accident-overspeed-confirmed-bmw-technical-report-144-kmph-nedumbassery"
published_at: "2026-11-06T06:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aed2b4600e95_1000381929.jpg"
keywords: ["Mini Cooper", "Nedumbassery Accident", "BMW"]
---

# മിനി കൂപ്പർ അപകടത്തിൽ അമിത വേഗത സ്ഥിരീകരിച്ച് കാർ കമ്പനി; ഇടിച്ച സമയത്തെ വേഗത 144 കി.മീ

> **Lead Summary:** **കൊച്ചി**: കേരളത്തെ നടുക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ അമിത വേഗത സ്ഥിരീകരിച്ച് കാർ കമ്പനി ബിഎംഡബ്ല്യുവിന്റെ സാങ്കേതിക റിപ്പോർട്ട്. അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പ് വേഗത 162 കിലോ മീറ്റർ ആയിരുന്നു.

## Article Content

**കൊച്ചി**: കേരളത്തെ നടുക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ അമിത വേഗത സ്ഥിരീകരിച്ച് കാർ കമ്പനി ബിഎംഡബ്ല്യുവിന്റെ സാങ്കേതിക റിപ്പോർട്ട്. അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പ് വേഗത 162 കിലോ മീറ്റർ ആയിരുന്നു.

കൂട്ടിയിടിച്ച സമയത്ത് വേഗത 144 കി.മീ ആണ്. ബ്രേക്ക് അപ്ലൈ ചെയ്തത് അപകടത്തിന് ഒരു സെക്കൻഡ് മുമ്പാണെന്നും അന്വേഷണ സംഘത്തിന് കൈമാറിയ ബിഎംഡബ്ല്യുവിന്റെ സാങ്കേതിക റിപ്പോർട്ടിൽ പറയുന്നു. ക്രാഷ് ഡാറ്റ പരിശോധന റിപ്പോർട്ട് കേസിൽ നിർണായകമാണ്.

ദില്ലിയിൽ നിന്നാണ് സാങ്കേതിക വിദഗ്ധരെത്തിയത്. അപകടം നടക്കുമ്പോൾ, കാർ ബ്രേക്ക് ചെയ്തിരുന്നോ എന്നറിയാനാണ് പരിശോധന നടത്തിയത്. കുറ്റപത്രം ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. സുഹൈൽ സജീവിന് കൂടുതൽ കുരുക്കാകുന്നതാണ് ഈ കണ്ടെത്തലുകൾ.

അപകടത്തിൽ മിനി കൂപ്പർ കാർ അമിത വേഗത്തിലായിരുന്നെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇത് ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതാണ് കാർ കമ്പനിയുടെ റിപ്പോർട്ട്. വാഹനത്തിന്റെ അഡ്വാൻസ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളിൽ നിന്ന് ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്താണ് കമ്പനി റിപ്പോർട്ട് നൽകിയിട്ടുള്ളത്.

ഒക്ടോബർ 11 ന് പുലർച്ചെ 1.45ന് നെടുമ്പാശേരി എയർപോർട്ട് റോഡിൽ വെച്ചാണ് അപകടം ഉണ്ടായത്. ഒന്നാം പ്രതി സുഹൈൽ സജീവ് മദ്യപിച്ച് ഓടിച്ച വാഹനമിടിച്ച് 3 പേരാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390416/mini-cooper-accident-overspeed-confirmed-bmw-technical-report-144-kmph-nedumbassery)