---
title: "റേഷൻ കടകളിലെ ക്രമകേടുകൾ തടയാൻ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാൻ നീക്കം"
english_title: "Kerala Ration Shops to Get CCTV Surveillance to Prevent Black Marketing"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390575/kerala-ration-shops-cctv-surveillance-gps-paddy-transport-food-civil-supplies"
published_at: "2026-11-07T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aee980154de3_ration.jpg"
keywords: []
---

# റേഷൻ കടകളിലെ ക്രമകേടുകൾ തടയാൻ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാൻ നീക്കം

> **Lead Summary:** തിരുവനന്തപുരം: റേഷൻ കടകൾ വഴി സാധാരണക്കാർക്ക് വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങൾ കരിഞ്ചന്തയിലേക്ക് മറിച്ചുവിൽക്കുന്നതും തട്ടിപ്പുകൾ നടത്തുന്നതും തടയാൻ കർശന നടപടികളുമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ്. ക്രമക്കേടുകൾ തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പതിനാലായിരത്തോളം റേഷൻ കടകളിൽ മുഴുവൻ സമയ നിരീക്ഷണത്തിനായി സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാനുള്ള സമഗ്ര പദ്ധതിക്ക് വകുപ്പ് രൂപം നൽകി.

## Article Content

തിരുവനന്തപുരം: റേഷൻ കടകൾ വഴി സാധാരണക്കാർക്ക് വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങൾ കരിഞ്ചന്തയിലേക്ക് മറിച്ചുവിൽക്കുന്നതും തട്ടിപ്പുകൾ നടത്തുന്നതും തടയാൻ കർശന നടപടികളുമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ്. ക്രമക്കേടുകൾ തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പതിനാലായിരത്തോളം റേഷൻ കടകളിൽ മുഴുവൻ സമയ നിരീക്ഷണത്തിനായി സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാനുള്ള സമഗ്ര പദ്ധതിക്ക് വകുപ്പ് രൂപം നൽകി.

ഇതോടൊപ്പം കർഷകരിൽ നിന്ന് സംഭരിക്കുന്ന നെല്ല് മില്ലുകളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങളിൽ ജി.പി.എസ് (GPS) സംവിധാനം നിർബന്ധമാക്കാനും നീക്കമുണ്ട്. വഴിതിരിച്ചുവിടലും കൃത്രിമങ്ങളും പൂർണ്ണമായി തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതികൾ നടപ്പിലാക്കുന്നതിനായി അടുത്ത വർഷത്തെ സംസ്ഥാന ബജറ്റിലേക്ക് സമർപ്പിക്കുന്ന ശുപാർശകളിൽ ഭക്ഷ്യവകുപ്പ് ഈ നിർദ്ദേശങ്ങൾ ഔദ്യോഗികമായി ഉൾപ്പെടുത്തും.

റേഷൻ ധാന്യങ്ങൾ അനധികൃതമായി കടത്തുന്നത് തടയാനും സ്റ്റോക്ക് കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ക്യാമറ നിരീക്ഷണം വഴി സാധിക്കും. സി.സി.ടി.വി ദൃശ്യങ്ങൾ താലൂക്ക്, ജില്ലാ സപ്ലൈ ഓഫീസുകൾ വഴി കേന്ദ്രീകൃതമായി നിരീക്ഷിക്കാനുള്ള സംവിധാനവും ഒരുക്കും. പൊതുവിതരണ സമ്പ്രദായത്തിൽ കൂടുതൽ സുതാര്യത കൊണ്ടുവരാൻ പുതിയ തീരുമാനം വഴിത്തിരിവാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390575/kerala-ration-shops-cctv-surveillance-gps-paddy-transport-food-civil-supplies)