---
title: "എക്സൈസ് ഉന്നതർക്കെതിരെ മാസപ്പടിയും കോഴയും; പടിയിറങ്ങും മുൻപ് വിജിലൻസ് അന്വേഷണത്തിന് ശുപാർശ നൽകി സാംബശിവറാവു"
english_title: "Bribery Allegations in Kerala Excise: Outgoing Commissioner Sambasiva Rao Recommends Vigilance Probe"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390576/kerala-excise-commissioner-sambasiva-rao-report"
published_at: "2026-11-07T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aee999530653_image_(8).png"
keywords: []
---

# എക്സൈസ് ഉന്നതർക്കെതിരെ മാസപ്പടിയും കോഴയും; പടിയിറങ്ങും മുൻപ് വിജിലൻസ് അന്വേഷണത്തിന് ശുപാർശ നൽകി സാംബശിവറാവു

> **Lead Summary:** ആലപ്പുഴ: എക്സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അഴിമതിയും മാസപ്പടിയും അനധികൃത സ്വത്ത് സമ്പാദനവും അടക്കമുള്ള ഗുരുതര കണ്ടെത്തലുകളുമായി പടിയിറങ്ങും മുൻപ് എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട്. സെൻട്രൽ സോൺ ജോയിന്റ് എക്സൈസ് കമ്മീഷണർ എസ്. വിനോദ്, ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അജയ് എന്നിവർക്കെതിരെയാണ് ആരോപണങ്ങൾ ഉയർന്നിട്ടുള്ളത്. ഇരുവർക്കുമെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തുകൊണ്ട് എക്സൈസ് കമ്മീഷണർ സാംബശിവറാവു സർക്കാരിന് റിപ്പോർട്ട് കൈമാറി.

## Article Content

ആലപ്പുഴ: എക്സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അഴിമതിയും മാസപ്പടിയും അനധികൃത സ്വത്ത് സമ്പാദനവും അടക്കമുള്ള ഗുരുതര കണ്ടെത്തലുകളുമായി പടിയിറങ്ങും മുൻപ് എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട്. സെൻട്രൽ സോൺ ജോയിന്റ് എക്സൈസ് കമ്മീഷണർ എസ്. വിനോദ്, ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അജയ് എന്നിവർക്കെതിരെയാണ് ആരോപണങ്ങൾ ഉയർന്നിട്ടുള്ളത്. ഇരുവർക്കുമെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തുകൊണ്ട് എക്സൈസ് കമ്മീഷണർ സാംബശിവറാവു സർക്കാരിന് റിപ്പോർട്ട് കൈമാറി.

ഇരുവരും ബാറുകളിൽ നിന്നും സ്ഥിരമായി മാസപ്പടി വാങ്ങുന്നതിനും, ലൈസൻസ് പുതുക്കി നൽകാൻ സഹായിച്ച് കൈക്കൂലി ഈടാക്കുന്നതിനും, ബിനാമി ഇടപാടുകളിലൂടെ ലക്ഷങ്ങൾ സമ്പാദിച്ചതിനും തെളിവുകളുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വിശദമായ വിജിലൻസ് അന്വേഷണം നടത്തുന്നതിനൊപ്പം, അനധികൃത പണപ്പിരിവിന് സാധ്യതയുള്ള സുപ്രധാന തസ്തികകളിലൊന്നും ഇവർക്ക് ചുമതല നൽകരുതെന്നും കമ്മീഷണർ കർശന നിർദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്.

സെൻട്രൽ സോൺ ജോയിന്റ് എക്സൈസ് കമ്മീഷണർ വിനോദ് ബാറുകളുടെ ലൈസൻസ് പുതുക്കി നൽകുന്നതിൽ നേരിട്ട് ഇടനിലക്കാരനായി പ്രവർത്തിച്ചെന്നും അരലക്ഷം രൂപ വരെ പല ബാറുടമകളിൽ നിന്നും കൈക്കൂലിയായി വാങ്ങിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പണം കൈമാറിയവരുടെ ബാങ്ക് അക്കൗണ്ട് രേഖകൾ ഇതിന് തെളിവായി റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്. മുൻപ് പാലക്കാട് അണക്കപ്പാറയിൽ വ്യാജക്കള്ളും സ്പിരിറ്റും പിടികൂടിയ സംഭവത്തിൽ ഉദ്യോഗസ്ഥരും ഷാപ്പ് ലൈസൻസികളും തമ്മിലുള്ള ഒത്തുകളിയിൽ ഏറ്റവും കൂടുതൽ തുക കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനായി വിജിലൻസ് കണ്ടെത്തിയിരുന്നെങ്കിലും സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

എക്സൈസ് വകുപ്പ് മന്ത്രിയുടെ മണ്ഡലം ഉൾപ്പെടുന്ന ആലപ്പുഴ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറായ അജയ്, കായംകുളത്തെ ബാറുകളിൽ നിന്ന് പതിവായി പണം പിരിച്ചിരുന്നതിന് വ്യക്തമായ തെളിവുകളുണ്ട്. ഓണക്കാലത്ത് ബാർ ലൈസൻസ് പുതുക്കാൻ ഇരുപതിനായിരം രൂപ വീതം കൈക്കൂലി വാങ്ങിയെന്നും മുൻപ് കോട്ടയം ജില്ലയുടെ ചുമതല വഹിച്ചിരുന്നപ്പോൾ ഒരു കള്ള് ഷാപ്പ് ലൈസൻസിന്റെ മറവിൽ രണ്ട് കെട്ടിടങ്ങളിൽ ഷാപ്പ് പ്രവർത്തിക്കാൻ അനുമതി നൽകിയെന്നും ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലെ അന്വേഷണം അട്ടിമറിച്ചതിന്റെ രേഖകളും ഫയലിലുണ്ടെന്ന് റിപ്പോർട്ടിൽ അടിവരയിടുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390576/kerala-excise-commissioner-sambasiva-rao-report)