---
title: "വീണ്ടും ഷിഗെല്ല; മലപ്പുറത്ത് നാലുവയസുകാരിക്ക് അടക്കം മൂന്ന് പേർക്ക് രോഗം, മന്തി കഴിച്ചതിന് പിന്നാലെ"
english_title: "Shigella Again Malappuram Three Cases Including 4 Year Old After Mandi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390626/shigella-again-malappuram-three-cases-including-4-year-old-after-mandi"
published_at: "2026-11-07T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeed54b05989_1000384042.jpg"
keywords: ["Shigella", "Malappuram", "Nilambur"]
---

# വീണ്ടും ഷിഗെല്ല; മലപ്പുറത്ത് നാലുവയസുകാരിക്ക് അടക്കം മൂന്ന് പേർക്ക് രോഗം, മന്തി കഴിച്ചതിന് പിന്നാലെ

> **Lead Summary:** **മലപ്പുറം**: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല. മലപ്പുറം നിലമ്പൂരിൽ മൂന്ന് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നാലുവയസുകാരിക്ക് അടക്കമാണ് രോഗം സ്ഥിരീകരിച്ചത്. നാലുവയസുകാരി അമരമ്പലത്ത് ലഘുഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. മറ്റുരണ്ടുപേർ പാലുണ്ടയിൽ നിന്ന് മന്തി കഴിച്ചിരുന്നു.

## Article Content

**മലപ്പുറം**: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല. മലപ്പുറം നിലമ്പൂരിൽ മൂന്ന് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നാലുവയസുകാരിക്ക് അടക്കമാണ് രോഗം സ്ഥിരീകരിച്ചത്. നാലുവയസുകാരി അമരമ്പലത്ത് ലഘുഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. മറ്റുരണ്ടുപേർ പാലുണ്ടയിൽ നിന്ന് മന്തി കഴിച്ചിരുന്നു.

ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള ഏതാനും പേരുടെ പരിശോധനാഫലം ലഭിച്ചിട്ടില്ല. ഏകദേശം 23 പേരാണ് ഷിഗെല്ല രോഗലക്ഷണങ്ങൾ കാണിച്ചത്. വയറിളക്കം, ഛർദി, വയറുവേദന എന്നീ ലക്ഷണങ്ങളോടെയാണ് ഇവർ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

രോഗബാധയ്ക്ക് കാരണമായി എന്ന് കരുതുന്ന കടകൾ അടച്ചിടാൻ നിർദേശിച്ചിട്ടുണ്ട്. കൂടുതൽ പേരുടെ പരിശോധനാഫലങ്ങൾ ഉടൻ വരുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഷിഗെല്ല രോഗലക്ഷണങ്ങളോടെ കൂടുതൽ പേർ ചികിത്സ തേടി എത്തിയതിൽ ആശങ്കയുണ്ട്. ശുചീകരണം ഉൾപ്പെടെയുള്ള നടപടികൾ ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്.

മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെയാണ് ഷിഗെല്ല രോഗം പടരുന്നത്. രോഗബാധിതരുമായുള്ള സമ്പർക്കം വഴിയും രോഗം പകരാം. കടുത്ത പനി, വയറുവേദന, മനംപുരട്ടൽ, ഛർദ്ദിൽ, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. രോഗബാധിതരുമായി സമ്പർക്കത്തിലായാൽ ഒന്ന് മുതൽ ഏഴ് ദിവസത്തിനകം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം.

വ്യക്തി ശുചിത്വം പാലിക്കുക, കൈകൾ വൃത്തിയായി കഴുകുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, അടച്ച് വെച്ച ഭക്ഷണം ചൂടോടെ മാത്രം കഴിക്കുക തുടങ്ങിയവയാണ് ആരോഗ്യവകുപ്പിന്റെ പ്രധാനപ്പെട്ട നിർദേശങ്ങൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390626/shigella-again-malappuram-three-cases-including-4-year-old-after-mandi)