---
title: "അഭിറാം കൊലപാതകത്തിൽ ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്; കാരണം പെൺസുഹൃത്തിന്റെ ചിത്രം ഷെയർ ചെയ്തത്"
english_title: "Thiruvananthapuram Sreekariyam Abhiram Murder Conspiracy More Information Out Attack Reason Accused 17 Year"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390758/sreekaryam-abhiram-murder-conspiracy-girl-friend-photo-share-umar-anand-17-year-old-arrest-karyavattam-pangappara"
published_at: "2026-11-08T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af0321d28d73_1000245080.jpg"
keywords: ["Sreekariyam", "Abhiram Murder Conspiracy", "Private Photos Shared"]
---

# അഭിറാം കൊലപാതകത്തിൽ ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്; കാരണം പെൺസുഹൃത്തിന്റെ ചിത്രം ഷെയർ ചെയ്തത്

> **Lead Summary:** **തിരുവനന്തപുരം: **ശ്രീകാര്യം അഭിറാം കൊലപാതകത്തിൽ ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആക്രമണത്തിന് കാരണം പ്രതിയായ 17കാരന്റെ പെൺസുഹൃത്തിന്റെ സ്വകാര്യ ചിത്രങ്ങൾ അഭിരാമിൻ്റെ സുഹൃത്ത് ഷെയർ ചെയ്‌തതെന്ന് പ്രതികളുടെ മൊഴി.കൊലപാതകത്തിന് രണ്ട് ദിവസം മുമ്പാണ് പദ്ധതി ആസൂത്രണം ചെയ്‌തത്‌.

## Article Content

**തിരുവനന്തപുരം: **ശ്രീകാര്യം അഭിറാം കൊലപാതകത്തിൽ ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആക്രമണത്തിന് കാരണം പ്രതിയായ 17കാരന്റെ പെൺസുഹൃത്തിന്റെ സ്വകാര്യ ചിത്രങ്ങൾ അഭിരാമിൻ്റെ സുഹൃത്ത് ഷെയർ ചെയ്‌തതെന്ന് പ്രതികളുടെ മൊഴി.കൊലപാതകത്തിന് രണ്ട് ദിവസം മുമ്പാണ് പദ്ധതി ആസൂത്രണം ചെയ്‌തത്‌.

ഉമറും പ്രതിയായ പതിനേഴുകാരനും ചേർന്നാണ് പദ്ധതി ആസൂത്രണം ചെയ്തത്.ആക്രമണത്തെക്കുറിച്ച് ആനന്ദയ്ക്കും ഐശ്വര്യയ്ക്കും കൃത്യമായ വിവരമുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു.ലക്ഷ്യമിട്ടത് അഭിറാമിന്റെ സുഹൃത്തിനെയാണെന്നാണ് ഉമറും ആനന്ദയും പൊലീസിന് മൊഴി നൽകിയത്. ആനന്ദയുടെ ഫോണിൽ നിന്ന് അഭിരാമിനെ മെസേജ് അയച്ച് വിളിച്ചുവരുത്തി.

അഭിറാമിനെ തടഞ്ഞു നിർത്തി സുഹൃത്തിനെ എത്തിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, സുഹൃത്ത് വരാൻ വിസമ്മതിച്ചതോടെ അഭിറാമിനെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മറ്റ് കാരണങ്ങളെ കുറിച്ച് അറിയില്ലെന്നുമാണ് ഇരുവരുടേയും മൊഴി.എന്നാൽ, ചോദ്യം ചെയ്യലിൽ അഭിറാമിന്റെ ഫോണും കൊലപ്പെടുത്താൻ ഉപേക്ഷിച്ച ബെൽറ്റും എവിടെയാണെന്ന് പ്രതികൾ വെളിപ്പെടുത്തിയിട്ടില്ല.

തെളിവുകൾ കണ്ടെത്താനുള്ള അന്വേഷണ സംഘത്തിന്റെ ശ്രമം തുടരുകയാണ്.നവംബർ രണ്ടിനാണ് തിരുവനന്തപുരം കാര്യവട്ടത്ത് നിന്ന് കാണാതായ അഭിറാമിനെ പിന്നീട് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച ശേഷം കഴുത്തിൽ ബെൽറ്റ് മുറുക്കിയാണ് അഭിരാമിനെ കൊലപ്പെടുത്തിയത്. അതിനുശേഷം മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു.

വീട്ടിൽ നിന്ന് പോയ അഭിരാമിനെ കാണാതാവുകയും ഫോൺ സ്വിച്ച് ഓഫ് ആകുകയും ചെയ്‌തതോടെ പിതാവ് ശ്രീകാര്യം പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനൊടുവിലാണ് പൊലീസ് മൃതദേഹം പറമ്പിൽ നിന്ന് കണ്ടെത്തുന്നത്.നാല് പേരാണ് നിലവിൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.

പതിനേഴുകാരനാണ് ഒന്നാം പ്രതി. രണ്ടാം പ്രതി ഉമറും മൂന്നാം പ്രതി 17കാരന്റെ പെൺസുഹൃത്തായ ആനന്ദയുമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390758/sreekaryam-abhiram-murder-conspiracy-girl-friend-photo-share-umar-anand-17-year-old-arrest-karyavattam-pangappara)