---
title: "സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണ നീക്കം; ആറ് ആക്രമണ ശ്രമങ്ങൾ സൗദി തകർത്തു"
english_title: "Saudi Again Houthi Attack Attempt Riyadh Southern Region Attack Attempt Today Only Six Attack Attempts Saudi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390769/saudi-houthi-attack-attempt-riyadh-eastern-province-six-attacks-foiled-ballistic-cruise-missile-drone-fajr-yemen-operation"
published_at: "2026-11-08T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af042fb040bf_1000245110.jpg"
keywords: ["Saudi Houthi Attack", "Ballistic Missile", "130 Fighters Killed"]
---

# സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണ നീക്കം; ആറ് ആക്രമണ ശ്രമങ്ങൾ സൗദി തകർത്തു

> **Lead Summary:**  **സൗദി : **സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണ നീക്കം. റിയാദിലും തെക്കൻ മേഖലയിലും ആക്രമണ ശ്രമമുണ്ടായി. ഇന്ന് മാത്രം ആറ് ആക്രമണ നീക്കങ്ങൾ സൗദി പരാജയപ്പെടുത്തി.

## Article Content

 **സൗദി : **സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണ നീക്കം. റിയാദിലും തെക്കൻ മേഖലയിലും ആക്രമണ ശ്രമമുണ്ടായി. ഇന്ന് മാത്രം ആറ് ആക്രമണ നീക്കങ്ങൾ സൗദി പരാജയപ്പെടുത്തി.

റിയാദ്, കിഴക്കൻ പ്രവിശ്യ, തെക്കൻ മേഖല എന്നിവിടങ്ങളിലായി ഇന്ന് ആകെ 3 ബാലിസ്റ്റിക് മിസൈലുകളും, 2 ക്രൂയിസ് മിസൈലുകളും, ഒരു ഡ്രോണും തകർത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നൽകിയ ജാഗ്രതാ നിർദ്ദേശത്തിന് പിന്നാലെയാണ് മിസൈലുകൾ പ്രതിരോധിച്ചത്.

യെമനിൽ ഹൂതികൾക്കെതിരെ സർക്കാർ സേന ശക്തമായ സൈനിക മുന്നേറ്റം നടത്തുന്നതായാണ് റിപ്പോർട്ട്.

സൗദിയുടെ കിഴക്കൻ മേഖല ലക്ഷ്യമാക്കി ഹൂതികൾ അയച്ച ബാലിസ്റ്റിക് മിസൈൽ ഇന്ന് രാവിലെ സഖ്യസേന തകർത്തു. പിന്നാലെ റിയാദ് ലക്ഷ്യമാക്കി വന്ന 2 ബാലിസ്റ്റിക് മിസൈലുകളും 2 ക്രൂയിസ് മിസൈലുകളും തകർത്തു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സഖ്യസേനാ വക്താവ് തുർക്കി അൽ-മാലകിയാണ് ഇക്കാര്യം അറിയിച്ചത്.

മിസൈൽ ഭീഷണിയെ തുടർന്ന് ഇന്ന് പുലർച്ചെ മുതൽ കിഴക്കൻ മേഖലയിലെ ദമ്മാം, ദഹ്റാൻ, ബുഖൈഖ്, ഹുഫൂഫ്, അൽ ഹസ നഗരങ്ങളിലും തെക്കൻ മേഖലയിലെ ജിസാൻ, നജ്റാൻ നഗരങ്ങളിലും, റിയാദിലും നാഷണൽ എർലി വാണിംഗ് സിസ്റ്റം വഴി സിവിൽ ഡിഫൻസ് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.

ഓയിൽ പ്ലാന്റുകളും സൈനിക താവളങ്ങളും ഉൾപ്പെടെ തന്ത്രപ്രധാനമായ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലകളാണിത്.

ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്നും സിവിൽ ഡിഫൻസ് നിർദ്ദേശിച്ചു. അതേസമയം യെമനിൽ ഹൂതികൾക്കെതിരായ ‘ഫജർ യെമൻ’ സൈനിക നടപടി ശക്തമായി തുടരുകയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ 24 മണിക്കൂറിനിടെ 875 ആക്രമണങ്ങൾ നടത്തി. ഏകദേശം 130 ഹൂതി പോരാളികളും കമാൻഡർമാരും കൊല്ലപ്പെട്ടു.

മിസൈൽ ലോഞ്ചറുകൾ അടക്കം 50 സൈനിക വാഹനങ്ങളും തകർത്തു. ഇതിനിടയിൽ സിറിയൻ സൈന്യത്തെ യെമൻ അതിർത്തിയിലേക്ക് അയക്കുന്നുവെന്ന വാർത്തകൾ സിറിയൻ നയതന്ത്ര വൃത്തങ്ങൾ തള്ളിക്കളഞ്ഞു. സൗദിയുമായുള്ള ബന്ധം, പരിശീലനത്തിലും സൈനിക കൂടിയാലോചനകളിലും മാത്രമാണെന്നും സിറിയ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390769/saudi-houthi-attack-attempt-riyadh-eastern-province-six-attacks-foiled-ballistic-cruise-missile-drone-fajr-yemen-operation)