---
title: "ഇരിട്ടിയിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി; നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് താക്കീത്"
english_title: "Iritty Shops Inspettion Taluk Squad Consumer Exploitation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391082/"
published_at: "2026-11-11T06:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af3b85ce8ca6_1000389721.jpg"
keywords: ["Iritty", "Inspection", "Consumer"]
---

# ഇരിട്ടിയിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി; നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് താക്കീത്

> **Lead Summary:** **ഇരിട്ടി**: മൾട്ടിപ്ലക്സ് തിയേറ്ററുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ എന്നിവിടങ്ങളിൽ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിലെ ഉപഭോക്തൃ ചൂഷണം കണ്ടെത്തി തടയുകയെന്ന ലക്ഷ്യത്തോടെ ഇരിട്ടിയിലെ വിവിധ സ്ഥാപനങ്ങളിൽ താലൂക്ക് തല സ്ക്വാഡ് പരിശോധന നടത്തി.

## Article Content

**ഇരിട്ടി**: മൾട്ടിപ്ലക്സ് തിയേറ്ററുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ എന്നിവിടങ്ങളിൽ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിലെ ഉപഭോക്തൃ ചൂഷണം കണ്ടെത്തി തടയുകയെന്ന ലക്ഷ്യത്തോടെ ഇരിട്ടിയിലെ വിവിധ സ്ഥാപനങ്ങളിൽ താലൂക്ക് തല സ്ക്വാഡ് പരിശോധന നടത്തി.

വ്യാപാര സ്ഥാപനങ്ങളിലും മത്സ്യ മാർക്കറ്റിലും നടത്തിയ പരിശോധനയിൽ വിലവിവരങ്ങൾ പ്രദർശിപ്പിക്കാതിരിക്കൽ, സാധനങ്ങൾക്ക് അമിത വില ഈടാക്കൽ, ലൈസൻസുകൾ സൂക്ഷിക്കാതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തി. ഇത്തരം സ്ഥാപനങ്ങൾക്ക് താക്കീത് നൽകി. നിയമലംഘനങ്ങൾ ആവർത്തിച്ചാൽ പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

വരും ദിനങ്ങളിൽ പരിശോധന തുടരുമെന്ന് ഇരിട്ടി തഹസിൽദാർ എൻ. സീമ പറഞ്ഞു. താലൂക്ക് സപ്ലൈ ഓഫീസർ രാജേന്ദ്ര പ്രസാദ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ഗോപാലകൃഷ്ണൻ കോയിറ്റി, ഫുഡ് സേഫ്റ്റി ഓഫീസർ മഹേഷ് എം.എസ്, റേഷനിംഗ് ഇൻസ്പെക്ടർമാരായ സിബി ജോസഫ്, സന്തോഷ് കുമാർ കെ.കെ തുടങ്ങിയവരും പരിശോധനാ സ്ക്വാഡിൽ ഉണ്ടായിരുന്നു.

എല്ലാ വ്യാപാര സ്ഥാപനങ്ങളും അംഗീകൃത ലൈസൻസുകൾ പ്രദർശിപ്പിക്കുകയും, വിൽപ്പന സ്ഥാപനങ്ങളിലെ വിലവിവരപ്പട്ടിക പൊതുജനങ്ങൾക്ക് വ്യക്തമായി കാണുന്ന രീതിയിൽ പ്രദർശിപ്പിക്കുകയും ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391082/)