---
title: "ആശമാർ വീണ്ടും സമരത്തിലേക്ക്; മുഖ്യമന്ത്രി പ്രഖ്യാപിച്ച ശമ്പള വർധന നടപ്പാക്കണം, 21,000 രൂപ നൽകണമെന്നാണ് ആവശ്യം"
english_title: "ASHA Workers Protest Again Demand 21000 Honorarium"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391108/asha-workers-protest-again-demand-21000-honorarium"
published_at: "2026-11-11T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af3e8409c650_1000390128.jpg"
keywords: ["ASHA Workers", "Protest", "Honorarium"]
---

# ആശമാർ വീണ്ടും സമരത്തിലേക്ക്; മുഖ്യമന്ത്രി പ്രഖ്യാപിച്ച ശമ്പള വർധന നടപ്പാക്കണം, 21,000 രൂപ നൽകണമെന്നാണ് ആവശ്യം

> **Lead Summary:** **തിരുവനന്തപുരം** : ഓണറേറിയം വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ആശാ വർക്കർമാർ വീണ്ടും പ്രക്ഷോഭത്തിലേക്ക്. ആശാ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം.

## Article Content

**തിരുവനന്തപുരം** : ഓണറേറിയം വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ആശാ വർക്കർമാർ വീണ്ടും പ്രക്ഷോഭത്തിലേക്ക്. ആശാ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം.

ഈ മാസം 11 മുതൽ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിക്കും. പ്രതിമാസ ഓണറേറിയം 21,000 രൂപയായി ഉയർത്തുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം നടപ്പാക്കണമെന്നാണ് പ്രധാന ആവശ്യം.

ഇൻസെന്റീവ് വിതരണത്തിലെ അപാകതകൾ പരിഹരിക്കുക, മെഡിക്കൽ ലീവ് അനുവദിക്കുന്നതിലെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന മുന്നോട്ടുവയ്ക്കുന്നുണ്ട്. സംസ്ഥാന നേതാക്കൾ കോഴിക്കോട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് സമരപരിപാടികൾ പ്രഖ്യാപിച്ചത്.

പ്രതിമാസ ഓണറേറിയം 21,000 രൂപയാക്കണമെന്നും വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ട് ആശാ വർക്കർമാർ നേരത്തെ 265 ദിവസത്തിലധികം നീണ്ട സമരം നടത്തിയിരുന്നു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അധികാരത്തിലെത്തിയാൽ ആശാ വർക്കർമാരുടെ ഓണറേറിയം 21,000 രൂപയായി ഉയർത്തുമെന്ന് യു.ഡി.എഫ് വാഗ്ദാനം ചെയ്തിരുന്നു.

എന്നാൽ, 2026 മേയില്‍ അധികാരമേറ്റ പുതിയ സർക്കാർ ആദ്യ മന്ത്രിസഭാ യോഗത്തിൽ ഓണറേറിയത്തിൽ 3,000 രൂപയുടെ വർധനയാണ് പ്രഖ്യാപിച്ചത്. ഇതോടെ 9,000 രൂപയായിരുന്ന പ്രതിമാസ ഓണറേറിയം 12,000 രൂപയായി ഉയർന്നു.

വാഗ്ദാനം ചെയ്ത 21,000 രൂപ പൂർണമായി നടപ്പാക്കിയില്ലെന്ന വിമർശനവുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു. ഓണറേറിയം വർധനയെ സ്വാഗതം ചെയ്യുമ്പോഴും 21,000 രൂപയെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായി കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ (KAHWA) വ്യക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391108/asha-workers-protest-again-demand-21000-honorarium)