---
title: "തിരുവനന്തപുരം നഗരത്തിൽ വൻകവർച്ച; സ്വർണക്കട ഉടമയിൽ നിന്ന് പിടിച്ചുപറിച്ചത് 250 പവൻ"
english_title: "Thiruvananthapuram Chalai Gold Robbery 250 Pavan Jewellery Owner Attacked"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391404/thiruvananthapuram-chalai-gold-robbery-250-pavan-jewellery-owner-attacked"
published_at: "2026-11-13T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af683b262f70_1000393222.jpg"
keywords: ["Thiruvananthapuram", "Gold Robbery", "Chalai"]
---

# തിരുവനന്തപുരം നഗരത്തിൽ വൻകവർച്ച; സ്വർണക്കട ഉടമയിൽ നിന്ന് പിടിച്ചുപറിച്ചത് 250 പവൻ

> **Lead Summary:** തിരുവനന്തപുരം: നഗരമധ്യത്തിൽ വൻ കവർച്ച. ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണം പിടിച്ചുപറിച്ചു. 250 പവനാണ് നഷ്ടപ്പെട്ടതെന്ന് സ്വർണക്കട ഉടമ പറഞ്ഞു. തിരുവനന്തപുരം ചാലയിൽ സഭാവതി കോവിൽ റോഡിലാണ് സംഭവം.

## Article Content

തിരുവനന്തപുരം: നഗരമധ്യത്തിൽ വൻ കവർച്ച. ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണം പിടിച്ചുപറിച്ചു. 250 പവനാണ് നഷ്ടപ്പെട്ടതെന്ന് സ്വർണക്കട ഉടമ പറഞ്ഞു. തിരുവനന്തപുരം ചാലയിൽ സഭാവതി കോവിൽ റോഡിലാണ് സംഭവം.

ബുള്ളറ്റിലെത്തിയ രണ്ട് പേരാണ് ഉടമയിൽ നിന്ന് സ്വർണം അടങ്ങിയ ബാഗ് പിടിച്ചുപറിച്ചത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. മഹാരാഷ്ട്ര സ്വദേശി നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള വൈഷ്ണവി ജ്വല്ലറിയിലാണ് മോഷണമുണ്ടായത്. ജ്വല്ലറി ഉടമ രാത്രി കട പൂട്ടിയ ശേഷം വീട്ടിലേക്ക് പോകാനായി ഇറങ്ങവെയായിരുന്നു കവർച്ച. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പൂരിഫൈ ചെയ്യുന്നതിനായി മറ്റ് കടക്കാർ ഏൽപ്പിച്ച സ്വർണമായിരുന്നു ഇത്. നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നുവെന്ന് ഉടമ പറഞ്ഞു. കടക്കാർക്ക് ഇന്ന് രാവിലെ സ്വർണം തിരിച്ച് നൽകേണ്ടതായിരുന്നു.

സംഭവത്തിൽ ഫോർട്ട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതി ലഭിച്ച് ഉടനെ തന്നെ അന്വേഷണം ആരംഭിച്ചതായും ഫോൺ കോൾ വിശദാംശങ്ങൾ ഉൾപ്പെടെ പരിശോധിക്കുകയാണെന്നും പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391404/thiruvananthapuram-chalai-gold-robbery-250-pavan-jewellery-owner-attacked)