---
title: "മഞ്ഞുരുകുന്നു; മന്നം ജയന്തി ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പെരുന്നയിലേക്ക്, ക്ഷണിച്ചത് ജി. സുകുമാരൻ നായർ"
english_title: "G Sukumaran Nair Invites Chief Minister VD Satheesan Perunna Mannam Jayanthi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391431/g-sukumaran-nair-invites-chief-minister-vd-satheesan-perunna-mannam-jayanthi"
published_at: "2026-11-13T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6a40dc6cd2_images_(75).jpeg"
keywords: ["G Sukumaran Nair", "VD Satheesan", "NSS Perunna"]
---

# മഞ്ഞുരുകുന്നു; മന്നം ജയന്തി ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പെരുന്നയിലേക്ക്, ക്ഷണിച്ചത് ജി. സുകുമാരൻ നായർ

> **Lead Summary:** **ചങ്ങനാശ്ശേരി**: മുഖ്യമന്ത്രി വി.ഡി. സതീശനുമായി എൻഎസ്എസ് നേതൃത്വത്തിനുണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടെന്ന് സംഘടന ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വി.ഡി. സതീശനുമായി അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുൻപുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളെല്ലാം അകറ്റിയതായും അദ്ദേഹം അറിയിച്ചു.

## Article Content

**ചങ്ങനാശ്ശേരി**: മുഖ്യമന്ത്രി വി.ഡി. സതീശനുമായി എൻഎസ്എസ് നേതൃത്വത്തിനുണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടെന്ന് സംഘടന ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വി.ഡി. സതീശനുമായി അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുൻപുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളെല്ലാം അകറ്റിയതായും അദ്ദേഹം അറിയിച്ചു.

അഞ്ച് വർഷത്തിന് ശേഷം വി.ഡി. സതീശൻ ജനുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്ന 150-ാമത് മന്നം ജയന്തി ആഘോഷങ്ങൾക്കായി പെരുന്നയിൽ എത്തും. മന്നം ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനമാകും മുഖ്യമന്ത്രി നിർവഹിക്കുക.

ഫോൺ വഴിയാണ് മുഖ്യമന്ത്രിയെ പെരുന്നയിലേക്ക് ക്ഷണിച്ചതെന്ന് സുകുമാരൻ നായർ പറഞ്ഞു. മുൻപ് പറഞ്ഞ വിമർശനങ്ങളെല്ലാം പരസ്പരം പറഞ്ഞ് പരിഹരിച്ചു, ക്ഷണിച്ചപ്പോൾ താൻ വരാമെന്ന് മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ചെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി വ്യക്തമാക്കിയെന്നും അവ താൻ മറന്നെന്നും സുകുമാരൻ നായർ വ്യക്തമാക്കി. മുഖ്യമന്ത്രിയായ വി.ഡി. സതീശനോട് തനിക്ക് അഭിപ്രായവ്യത്യാസങ്ങളില്ലെന്നും സുകുമാരൻ നായർ മാധ്യമങ്ങളോട് പ്രതികരിച്ചു.

ജനുവരിയിൽ നടക്കുന്ന മന്നം ജയന്തിയിൽ മുഖ്യമന്ത്രിക്കൊപ്പം മന്ത്രി കെ. മുരളീധരനും സമ്മേളനത്തിൽ പങ്കെടുക്കും. വി.ഡി. സതീശനുമായി മുൻപുണ്ടായിരുന്ന അഭിപ്രായവ്യത്യാസം അദ്ദേഹം മുഖ്യമന്ത്രിയായ ശേഷവും തുടർന്നിരുന്നു. ഇതാണ് ഇപ്പോൾ പരിഹരിച്ചത്.

വോട്ടിനുവേണ്ടി സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാനില്ലെന്ന് സതീശൻ പറഞ്ഞതാണ് അസ്വാരസ്യങ്ങൾക്ക് തുടക്കമിട്ടത്. തിരഞ്ഞെടുപ്പിന് മുൻപ് സതീശൻ തന്നെ കാണാൻ വന്നിട്ടുണ്ടെന്ന് സുകുമാരൻ നായരും തിരിച്ചടിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391431/g-sukumaran-nair-invites-chief-minister-vd-satheesan-perunna-mannam-jayanthi)