---
title: "വളപട്ടണം ഫെസ്റ്റ് പോലുള്ള പരിപാടികൾ നാടിന്റെ ഐക്യം ശക്തിപ്പെടുത്തും: മന്ത്രി സണ്ണി ജോസഫ്"
english_title: "Valapattanam Fest Unity Minister Sunny Joseph"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391530/valapattanam-fest-unity-minister-sunny-joseph"
published_at: "2026-11-14T05:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af7a9d850136_1000394656.jpg"
keywords: ["Valapattanam Fest", "Sunny Joseph", "Kannur"]
---

# വളപട്ടണം ഫെസ്റ്റ് പോലുള്ള പരിപാടികൾ നാടിന്റെ ഐക്യം ശക്തിപ്പെടുത്തും: മന്ത്രി സണ്ണി ജോസഫ്

> **Lead Summary:** **വളപട്ടണം**: നാട്ടുകാരുടെ സ്നേഹവും ഐക്യവും ശക്തിപ്പെടുത്തുന്നതാണ് വളപട്ടണം ഫെസ്റ്റ് പോലുള്ള ആഘോഷ പരിപാടികളെന്ന് വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ്. വളപട്ടണം ഫെസ്റ്റിന്റെ ഭാഗമായി തങ്ങൾവയൽ സി.എച്ച്.എം.കെ.എസ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഉന്നത വിജയികൾക്കുള്ള അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

## Article Content

**വളപട്ടണം**: നാട്ടുകാരുടെ സ്നേഹവും ഐക്യവും ശക്തിപ്പെടുത്തുന്നതാണ് വളപട്ടണം ഫെസ്റ്റ് പോലുള്ള ആഘോഷ പരിപാടികളെന്ന് വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ്. വളപട്ടണം ഫെസ്റ്റിന്റെ ഭാഗമായി തങ്ങൾവയൽ സി.എച്ച്.എം.കെ.എസ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഉന്നത വിജയികൾക്കുള്ള അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വ്യാവസായിക, വാണിജ്യ മേഖലകളിൽ വളർന്നുനിൽക്കുന്ന വളപട്ടണം എല്ലാവരും ഐക്യത്തോടെ ജീവിക്കുന്ന നാടാണെന്നും മന്ത്രി പറഞ്ഞു. വിസ്തൃതിയിൽ രണ്ടര ചതുരശ്ര കിലോമീറ്റർ മാത്രമുള്ള വളപട്ടണം ഗ്രാമപഞ്ചായത്ത് ജനസാന്ദ്രതയിൽ മുന്നിൽ നിൽക്കുന്ന പഞ്ചായത്താണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിൽപ വി അധ്യക്ഷത വഹിച്ചു. ടി.ഒ. മോഹനൻ എം.എൽ.എ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം. മിലാദ്, കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

നവംബർ ആറിന് ആരംഭിച്ച ഫെസ്റ്റിന്റെ ഭാഗമായി വിവിധ കലാ-സാംസ്കാരിക പരിപാടികളും സ്റ്റേജ് ഷോകളും സംഘടിപ്പിച്ചു. എട്ടാം ദിനമായ ഇന്ന് കോൽക്കളിയും മുട്ടിപ്പാട്ടും അരങ്ങേറി. ഫെസ്റ്റ് നവംബർ 15ന് സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391530/valapattanam-fest-unity-minister-sunny-joseph)