---
title: "തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി സണ്ണി ജോസഫ്"
english_title: "Vocational Education Need Of The Time Minister Sunny Joseph One School One Product"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391585/vocational-education-need-of-the-time-minister-sunny-joseph-one-school-one-product"
published_at: "2026-11-14T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af8008955b36_1000395232.jpg"
keywords: ["Sunny Joseph", "Vocational Education", "One School One Product", "Kannur"]
---

# തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി സണ്ണി ജോസഫ്

> **Lead Summary:** **കണ്ണൂർ** : തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. പൊതുവിദ്യാഭ്യാസ വകുപ്പ് തൊഴിലധിഷ്ഠിത വിഭാഗം വൺ സ്കൂൾ വൺ പ്രൊഡക്ട് സർവീസ് കണ്ണൂർ, കാസർകോട് ജില്ല റീജിയണൽ തല ഉദ്ഘാടനം ഗേൾസ് ജി.വി.എച്ച്.എസ്.എസിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കണ്ണൂർ** : തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. പൊതുവിദ്യാഭ്യാസ വകുപ്പ് തൊഴിലധിഷ്ഠിത വിഭാഗം വൺ സ്കൂൾ വൺ പ്രൊഡക്ട് സർവീസ് കണ്ണൂർ, കാസർകോട് ജില്ല റീജിയണൽ തല ഉദ്ഘാടനം ഗേൾസ് ജി.വി.എച്ച്.എസ്.എസിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തിത്വ വികസനത്തിന്റെയും സ്വഭാവവത്കരണത്തിന്റെയും ഇടങ്ങളാണ് പാഠശാലകൾ. സ്കൂൾ പഠനത്തിനൊപ്പം തൊഴിൽ പരിശീലിക്കുകയും ഇതിലൂടെ വരുമാനം കണ്ടെത്തുകയും ചെയ്യുകയെന്നത് ഇന്നത്തെ കാലത്ത് ഏറെ പ്രധാനമാണ്. സ്വന്തമായി ഉത്പന്നങ്ങൾ ഉണ്ടാക്കുകയും അതിനായി വിപണി കണ്ടെത്തുകയും വരുമാനം നേടുകയും ചെയ്യാൻ ഇതുവഴി കുട്ടികൾക്ക് കഴിയും. ശാസ്ത്ര സാങ്കേതിക അറിവുകൾക്കൊപ്പം ഉത്പന്ന നിർമ്മാണ വിപണന ശാഖകളിലും ഇത് കുട്ടികൾക്ക് കരുത്താകും. വിദേശ രാജ്യങ്ങളിലെല്ലാം ഇത്തരത്തിലുള്ള പാഠ്യപദ്ധതികൾ നേരത്തേ തന്നെ നിലവിലുണ്ട്. ചെറുപ്പത്തിലെ സ്വന്തം കാലിൽ നിൽക്കാനും അധ്വാനിച്ച് ജീവിക്കാനുമുള്ള ത്വര വിദ്യാർത്ഥികളിൽ വളർത്താനും ഇതുവഴി കഴിയുമെന്നും മന്ത്രി പറഞ്ഞു.

സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിർമ്മാണമാണ് കണ്ണൂർ ജി.വി.എച്ച്.എസ്.എസ് തെരഞ്ഞെടുത്തിരിക്കുന്നത്. സൗമ്യം എന്ന് പേരുള്ള ഈ പദ്ധതിക്ക് പുതിയ കാലത്തിൽ പ്രസക്തിയുണ്ട്. ഹാനികരമായ സൗന്ദര്യ വർദ്ധക വസ്തുക്കൾ വിപണിയിൽ ഒട്ടേറെയുണ്ടാകാം. ഇതിന് പകരം ഹാനികരമായ രാസവസ്തുക്കളില്ലാത്ത സ്വദേശി ഉത്പന്നങ്ങളാണ് കുട്ടികൾ നിർമിക്കുന്നത്. വൺ സ്കൂൾ വൺ പ്രൊഡക്ടുമായി ഒട്ടേറെ വിദ്യാലയങ്ങൾ വിവിധ ഉത്പന്നങ്ങളുമായി വരുന്നതോടെ ഈ മേഖലയിൽ വലിയ മുന്നേറ്റം സാധ്യമാണെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.

ടി.ഒ. മോഹനൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ പി. ഇന്ദിര മുഖ്യാതിഥിയായി. സി.ജി.സി.സി സംസ്ഥാന കോർഡിനേറ്റർ പി. മുഹമ്മദ് ഇക്ബാൽ പദ്ധതി വിശദീകരിച്ചു. ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ എ.എസ്. ആശ ഉത്പന്ന സമർപ്പണം നടത്തി. കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. സോന ജയറാം, വി.എച്ച്.എസ്.സി അസിസ്റ്റന്റ് ഡയറക്ടർ ഉദയകുമാരി, ഡി.പി.സി എം.സി. ഹാഷിം, കോർഡിനേറ്റർ യു. സജിത്ത് കുമാർ, കാസർകോട് പ്രിൻസിപ്പാൾ കോർഡിനേറ്റർ കെ. ശിശുപാലൻ, എൻ.എസ്.എസ് ജില്ലാ കോർഡിനേറ്റർ പി. സിദ്ദീഖ്, ടി.ടി.ഐ പ്രിൻസിപ്പാൾ പി.എ. ഇന്ദുമതി, പി.ടി.എ പ്രസിഡന്റ് കെ. ശ്രുതി, മദർ പി.ടി.എ പ്രസിഡന്റ് സൂര്യ രജീഷ്, എസ്.എം.സി ചെയർമാൻ കെ.പി. രജീഷ്, പ്രധാനാധ്യാപകൻ പി.കെ. അബ്ദുറഹിമാൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391585/vocational-education-need-of-the-time-minister-sunny-joseph-one-school-one-product)