---
title: "ടൈകോൺ 2027; സ്റ്റേക്ക്‌ഹോൾഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു"
english_title: "Tycon 2027 Stakeholders Meet Taliparamba Land Bank Sectoral Conclaves"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391591/tycon-2027-stakeholders-meet-taliparamba-land-bank-sectoral-conclaves"
published_at: "2026-11-14T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af806af0ec8f_1000395293.jpg"
keywords: ["Taliparamba", "Investment Meet", "Land Bank"]
---

# ടൈകോൺ 2027; സ്റ്റേക്ക്‌ഹോൾഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ** : തളിപ്പറമ്പ് എംഎൽഎയുടെ നേതൃത്വത്തിൽ ജനുവരിയിൽ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ്‌മെന്റ് & ഇനൊവേഷൻ മീറ്റ് - ടൈകോൺ 2027 നിക്ഷേപക സംഗമത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സ്റ്റേക്ക്‌ഹോൾഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. തളിപ്പറമ്പ് സർ സയ്യിദ് കോളേജ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ടി.കെ. ഗോവിന്ദൻ എംഎൽഎ, ജില്ലാ കലക്ടർ പി. വിഷ്ണുരാജ്, വിവിധ വകുപ്പുമേധാവികൾ, വ്യവസായ-വാണിജ്യ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

## Article Content

**കണ്ണൂർ** : തളിപ്പറമ്പ് എംഎൽഎയുടെ നേതൃത്വത്തിൽ ജനുവരിയിൽ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ്‌മെന്റ് & ഇനൊവേഷൻ മീറ്റ് - ടൈകോൺ 2027 നിക്ഷേപക സംഗമത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സ്റ്റേക്ക്‌ഹോൾഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. തളിപ്പറമ്പ് സർ സയ്യിദ് കോളേജ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ടി.കെ. ഗോവിന്ദൻ എംഎൽഎ, ജില്ലാ കലക്ടർ പി. വിഷ്ണുരാജ്, വിവിധ വകുപ്പുമേധാവികൾ, വ്യവസായ-വാണിജ്യ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

വിവിധ സർക്കാർ വകുപ്പുകളുടേത് ഉൾപ്പെടെ മണ്ഡലത്തിലെ നിക്ഷേപയോഗ്യമായ ഭൂമി ഉൾപ്പെടുത്തി ലാൻഡ് ബാങ്കിന് രൂപം നൽകാൻ യോഗത്തിൽ തീരുമാനമായി. ഇതിനായി പഞ്ചായത്ത്/നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി, സർക്കാർ വകുപ്പുകളുടെ കൈവശമുള്ള ഭൂമി, വ്യവസായത്തിനായി സ്വകാര്യ വ്യക്തികൾ വിട്ടുനൽകാൻ തയ്യാറുള്ള ഭൂമി എന്നിവയുടെ വിവരങ്ങൾ ശേഖരിക്കും.

ടൈകോണിന് മുന്നോടിയായി കൃഷി, ടൂറിസം, വ്യവസായം തുടങ്ങി മണ്ഡലത്തിലെ നിക്ഷേപ സാധ്യതയുള്ള വിവിധ മേഖലകളുമായി ബന്ധപ്പെട്ടവരെ ഉൾപ്പെടുത്തി സെക്ടറൽ കോൺക്ലേവുകൾ സംഘടിപ്പിച്ച് നിക്ഷേപക പദ്ധതികൾക്ക് രൂപം നൽകും. അതോടൊപ്പം വിവിധ സർക്കാർ വകുപ്പുകൾ അവരവരുടെ മേഖലകളിലെ നിക്ഷേപ സാധ്യതയുള്ള പദ്ധതികൾ കണ്ടെത്തി അവതരിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.

രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകരെ തളിപ്പറമ്പിലേക്ക് ആകർഷിക്കുകയാണ് ജനുവരി 9ന് നടക്കുന്ന ടൈകോണിന്റെ ലക്ഷ്യമെന്നും അതിനാവശ്യമായ പശ്ചാത്തലമൊരുക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്നും എംഎൽഎ പറഞ്ഞു. വലുതും ചെറുതുമായ നിക്ഷേപങ്ങൾക്ക് അനുകൂലമായ സാഹചര്യം മണ്ഡലത്തിലുണ്ട്. അവ നിക്ഷേപകർക്ക് മുമ്പിലെത്തിക്കാൻ ടൈകോണിലൂടെ സാധിക്കും.

തളിപ്പറമ്പിലെ റോഡ് കണക്ടിവിറ്റി ശക്തിപ്പെടുത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. 12 മീറ്ററിൽ എയർപോർട്ട് റോഡിനുള്ള ഭൂമി ഏറ്റെടുക്കൽ 90 ശതമാനം പൂർത്തിയായി. കരാറുകാരുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയിൽ നിലനിൽക്കുന്ന കേസ് വൈകാതെ തീർപ്പാകുന്നതോടെ പ്രവൃത്തി തുടങ്ങാനാവും. തളിപ്പറമ്പ്-ഇരിട്ടി റോഡ് വികസിപ്പിക്കുന്നതിനായി വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ മേഖലയിലെ എംഎൽഎമാർ ചേർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ കണ്ടിരുന്നതായും അദ്ദേഹം പറഞ്ഞു.

ദേശീയപാതയുടെ പ്രവൃത്തികൾ കൂടി പൂർത്തിയാവുന്നതോടെ റോഡ് ഗതാഗതം സുഗമമാകുമെന്നും അദ്ദേഹം അറിയിച്ചു. വ്യവസായ ആവശ്യത്തിനുള്ള ഭൂമിയുടെ ലഭ്യത ഏറ്റവും അനുകൂലമായ ഘടകമാണെന്ന് ജില്ലാ കലക്ടർ അഭിപ്രായപ്പെട്ടു. സ്വകാര്യ വ്യക്തികളുടേത് ഉൾപ്പെടെയുള്ള ഭൂമിയിൽ പ്രൈവറ്റ് ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കുന്നതിന് മൂന്ന് കോടി രൂപ വരെ സർക്കാരിൽ നിന്ന് സബ്‌സിഡി ലഭിക്കും.

റോഡ്, വൈദ്യുതി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യവികസനത്തിന് ഇത് ഉപയോഗപ്പെടുത്താനാവുമെന്നും ജില്ലാ കലക്ടർ പറഞ്ഞു. നിക്ഷേപക സംഗമത്തിലൂടെ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

മണ്ഡലത്തിലെ വിവിധ മേഖലകളിലെ നിക്ഷേപക സാധ്യതകളെ കുറിച്ചും അതിന് അനുയോജ്യമായ മേഖലകളെ കുറിച്ചും യോഗം ചർച്ച ചെയ്തു. തളിപ്പറമ്പ് ആർഡിഒ എം. മോഹനൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി. പ്രേംരാജ്, സർസയ്യിദ് കോളേജ് പ്രിൻസിപ്പാൾ ഇസ്മായിൽ ഒളിയക്കര, മാനേജർ അഡ്വ. പി. മഹ്‌മൂദ്, വിവിധ വകുപ്പ് മേധാവികൾ, ചേംബർ ഓഫ് കൊമേഴ്‌സ്, കെഎസ്എസ്‌ഐഎ, കിൻഫ്ര തുടങ്ങിയ വ്യവസായ-വ്യാപാര സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391591/tycon-2027-stakeholders-meet-taliparamba-land-bank-sectoral-conclaves)