---
title: "ശബരിമല നട 16ന് വൈകിട്ട് തുറക്കും; തീർഥാടകരെ പമ്പയിലേക്ക് വിടുന്നത് ഉച്ചയ്ക്ക് 12ന് ശേഷം മാത്രം"
english_title: "Sabarimala Temple Opens Nov 16 Pilgrims To Pampa After Noon"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391668/sabarimala-temple-opens-nov-16-pilgrims-to-pampa-after-noon"
published_at: "2026-11-15T04:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af8ea97e4562_images_(66).jpeg"
keywords: ["Sabarimala"]
---

# ശബരിമല നട 16ന് വൈകിട്ട് തുറക്കും; തീർഥാടകരെ പമ്പയിലേക്ക് വിടുന്നത് ഉച്ചയ്ക്ക് 12ന് ശേഷം മാത്രം

> **Lead Summary:** **തിരുവനന്തപുരം**: മണ്ഡലകാല തീർഥാടനത്തിനായി ശബരിമല നട 16ന് വൈകിട്ട് തുറക്കും. ഉച്ചയ്ക്ക് 12ന് ശേഷം മാത്രമേ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് തീർഥാടകരെ കടത്തിവിടൂ എന്ന് പൊലീസ് അറിയിച്ചു.

## Article Content

**തിരുവനന്തപുരം**: മണ്ഡലകാല തീർഥാടനത്തിനായി ശബരിമല നട 16ന് വൈകിട്ട് തുറക്കും. ഉച്ചയ്ക്ക് 12ന് ശേഷം മാത്രമേ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് തീർഥാടകരെ കടത്തിവിടൂ എന്ന് പൊലീസ് അറിയിച്ചു.

16ന് ഉച്ചയ്ക്ക് 12ന് മുൻപ് നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് തീർഥാടകരെ കൊണ്ടുപോകാൻ ബസ് സർവീസുകൾ അനുവദിക്കരുതെന്ന് പത്തനംതിട്ട എസ്പി കെഎസ്ആർടിസിക്ക് നിർദേശം നൽകി. അതിനു മുൻപുള്ള യാത്രയ്ക്ക് നിലയ്ക്കൽ വരെ മാത്രമേ ടിക്കറ്റ് നൽകൂ. പമ്പയിലേക്ക് മുൻകൂട്ടി ടിക്കറ്റ് നൽകരുതെന്നും പൊലീസ് നിർദേശിച്ചു.

16ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തിൽ അഗ്നി തെളിക്കും. ഈ സമയം ഇരുമുടിക്കെട്ടുമായി എത്തി പതിനെട്ടാംപടിക്ക് താഴെ കാത്തുനിൽക്കുന്ന നിയുക്ത മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തി എ. ദാമോദരൻ നമ്പൂതിരിയെയും നിലവിലെ മേൽശാന്തി സോപാനത്തേക്ക് ആനയിക്കും.

6.30ഓടെ സന്നിധാനത്തും പിന്നാലെ മാളികപ്പുറത്തും അവരോധ ചടങ്ങ് നടക്കും. 17ന് വൃശ്ചിക പുലരിയിൽ പുതിയ മേൽശാന്തിമാരാണ് സന്നിധാനം, മാളികപ്പുറം നടകൾ തുറക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391668/sabarimala-temple-opens-nov-16-pilgrims-to-pampa-after-noon)